Kerala
മടങ്ങിവരുന്ന പ്രവാസികള്‍ക്ക് പത്ത് ലക്ഷം രൂപ വരെ പലിശരഹിത വായ്പ
തിരുവനന്തപുരം:സ്വദേശിവത്കരണം നടപ്പാക്കുന്നതുമൂലം തൊഴില്‍ നഷ്ടപ്പെട്ട് തിരികെയെത്തുന്നവര്‍ക്ക് പുനരധിവാസ പദ്ധതി തയ്യാറാക്കാന്‍ മുന്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി ടി ബാലകൃഷ്ണന്‍ അധ്യക്ഷനായി വിദഗ്ധ സമിതി രൂപവത്കരിച്ചു. മടങ്ങിവരുന്നവര്‍ക്ക് കേരളത്തില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് പത്ത് ലക്ഷം രൂപ വരെ പലിശരഹിത വായ്പ നല്‍കും. മുന്‍ഗണനാ മേഖലക്ക് നല്‍കുന്ന കുറഞ്ഞ പലിശ നിരക്കിലുള്ള പത്ത് ലക്ഷം മുതല്‍ 25 ലക്ഷം വരെയുള്ള വായ്പയും നല്‍കുമെന്ന് പ്രവാസികാര്യ മന്ത്രി കെ സി ജോസഫ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
സ്വദേശിവത്കരണത്തെ തുടര്‍ന്ന് മടങ്ങിവന്ന 1400 പേര്‍ ഇതുവരെ ഹെല്‍പ് ഡെസ്‌കില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഫ്രീവിസയില്‍ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റാനാകാതെ ഒളിവില്‍ കഴിയുന്നവര്‍ക്ക് കേരളത്തിലേക്ക് മടങ്ങുന്നതിന് സൗകര്യം ചെയ്തുകൊടുക്കണമെന്ന് ഇന്ത്യന്‍ എംബസിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഫ്രീവിസക്കാര്‍ക്ക് സ്‌പോണ്‍സിര്‍ഷിപ്പ് മാറാനുള്ള അവസരം നല്‍കണം. സഊദിയിലെ ഡി പോര്‍ട്ടല്‍ ക്യാമ്പുകളില്‍ മതിയായ സൗകര്യം ഒരുക്കണമെന്നും ഇന്ത്യന്‍ എംബസിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. സഊദിയില്‍ നിന്നു മടക്കിയയക്കുന്നവര്‍ക്ക് മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍ പോകുന്നതിന് വിലക്കേര്‍പ്പെടുത്തുന്നത് ഒഴിവാക്കണമെന്നും സഊദി അധികൃതരോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.
മടങ്ങിവരുന്നവര്‍ക്ക് സൗജന്യമായി വിമാന ടിക്കറ്റ് നല്‍കണമെന്നും ഇന്ത്യന്‍ എംബസിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അവര്‍ തയ്യാറായില്ലെങ്കില്‍ മലയാളികള്‍ക്ക് തിരിച്ചെത്തുന്നതിനുള്ള വിമാന ടിക്കറ്റ് തുക സംസ്ഥാന സര്‍ക്കാര്‍ വഹിക്കും.
സംസ്ഥാനത്തെ പ്രവാസികളുടെ ആധികാരികമായ വിവരങ്ങള്‍ ശേഖരിക്കുന്നതിനുള്ള സര്‍വേ മെയില്‍ ആരംഭിക്കും. വിദേശത്ത് ജോലി ചെയ്യുന്നവരുടെ എണ്ണം, ജോലി ചെയ്യുന്ന രാജ്യം, കാലയളവ് തുടങ്ങിയ കൃത്യമായ വിവരങ്ങള്‍ ഇതോടെ ലഭ്യമാകും. ബ്യൂറോ ഓഫ് ഇക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സും നോര്‍ക്കയും സംയുക്തമായാണ് സര്‍വേ നടത്തുന്നത്.
എന്യൂമറേറ്റര്‍മാര്‍ക്ക് പരിശീലനം നല്‍കുന്നുണ്ട്. ഒന്നര മാസം കൊണ്ട് സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. സംസ്ഥാനത്തെ മുഴുവന്‍ വീടുകളിലും എന്യൂമറേറ്റര്‍മാര്‍ എത്തി വിവരങ്ങള്‍ ശേഖരിക്കുമെന്നും മന്ത്രി പറഞ്ഞു.