Articles
ഓര്‍മകളില്‍ ജീവിക്കുന്ന പി പി ഉസ്താദ്

“”ചേകനൂര്‍ മൗലവിയുടെ തിരോധാനത്തിന്റെ മറവില്‍ സുന്നത്ത് ജമാഅത്തിനെ പൊതുജനമധ്യേ താറടിക്കാനും ശൈഖുനാ കാന്തപുരത്തെ ജയിലിലടക്കാനും ആരെങ്കിലും വ്യാമോഹിക്കുന്നുവെങ്കില്‍ അവരോടായി പറയട്ടെ, പതിനായിരക്കണക്കിന് മയ്യിത്തുകളുടെ മുകളില്‍ ചവിട്ടിയല്ലാതെ കാന്തപുരത്തിന്റെ രോമം തൊടാന്‍ സാധിക്കുകയില്ല.””
ആയിരങ്ങളുടെ തക്ബീര്‍ ധ്വനികള്‍ക്കിടയില്‍ കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ വെച്ച് പി പി ഉസ്താദ് പ്രഖ്യാപിച്ചതാണിത്. ചേകനൂര്‍ മൗലവിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് മുജാഹിദുകളും മറ്റ് സുന്നിവിരുദ്ധരും ചേര്‍ന്ന് പിതൃത്വമില്ലാത്ത പോസ്റ്ററുകളും കുപ്രചാരണങ്ങളും നടത്തുന്ന സമയമായിരുന്നു അത്. നിര്‍ണായക ഘട്ടത്തില്‍ ഇങ്ങനെയൊരു പ്രഖ്യാപനം നടത്തി അണികളെ ആവേശഭരിതരാക്കാനുള്ള കഴിവ് പി പി ഉസ്താദിന്റെ മാത്രം പ്രത്യേകതയായിരുന്നു.
ആത്മാര്‍ഥത, ആദര്‍ശ പ്രതിബദ്ധത, ത്യാഗം, വാഗ്ദത്ത പാലനം, കൃത്യനിഷ്ഠ, വിനയം, മിതവ്യയം, നര്‍മബോധം, ദീര്‍ഘദൃഷ്ടി എന്നിവ അദ്ദേഹത്തിനുണ്ടായിരുന്ന നേതൃഗുണങ്ങളായിരുന്നു. നര്‍മബോധം അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കിയെങ്കിലും കാര്യം ഗൗരവത്തില്‍ പറയുന്നതിന് അത് തടസ്സമായിരുന്നില്ല. മുഖം നോക്കാതെ കാര്യങ്ങള്‍ പറയുന്ന അദ്ദേഹത്തിന്റെ അനിതരസാധാരണമായ ശൈലി എതിരാളികളെ സൃഷ്ടിക്കുന്നതായിരുന്നുവെങ്കിലും പ്രാസ്ഥാനിക രംഗത്ത് അതൊന്നും അദ്ദേഹം പ്രശ്‌നമാക്കിയിരുന്നില്ല. നല്ല വാഗ്മിയും പ്രഗത്ഭനായ എഴുത്തുകാരനുമായിരുന്ന പി പി ഉസ്താദിന്റെ പ്രസംഗവും എഴുത്തും പലര്‍ക്കും കൊണ്ടിട്ടുണ്ട്. ചുരുക്കത്തില്‍ പി പി എന്ന രണ്ടക്ഷരം സുന്നി പ്രസ്ഥാന ചരിത്രത്തില്‍ ആവേശകരം തന്നെയായിരുന്നു.
എണ്‍പതുകളുടെ അവസാനത്തില്‍ ആദര്‍ശ സംരക്ഷണാര്‍ഥം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ, താജുല്‍ ഉലമ സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ ബുഖാരി ഉള്ളാളിന്റെയും ഖമറുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെയും നേതൃത്വത്തില്‍ പുനഃസംഘടിപ്പിക്കപ്പെട്ടപ്പോള്‍ പ്രസ്ഥാനം ശക്തമായ എതിര്‍പ്പുകള്‍ നേരിടേണ്ടിവന്നു. ആ ഘട്ടത്തില്‍ ഈ പ്രസ്ഥാനത്തിന്റ തേര് തെളിയിച്ചത് രണ്ട് മഹാന്മാരായിരുന്നു. ഒരാള്‍ നേരത്തെ നമ്മോട് വിടവാങ്ങി. പി കെ എം ബാഖവി അണ്ടോണ. മറ്റൊരാള്‍ പാറന്നൂര്‍ പി പി മുഹ്‌യിദ്ദീന്‍കുട്ടി മുസ്‌ലിയാരായിരുന്നു. അക്കാലത്തെ പല പോസ്റ്ററുകളുടെയും തലവാചകം “അണ്ടോണയും പാറന്നൂരും” എന്നായിരുന്നു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായിലെ എല്ലാ നേതാക്കള്‍ക്കും പി പിയെ സംബന്ധിച്ച് വലിയ മതിപ്പായിരുന്നു. അദ്ദേഹത്തിന്റെ കഴിവും സംഘാടന ശേഷിയും പ്രസിദ്ധവുമായിരുന്നു. ഇന്ന് ജീവിച്ചിരിക്കുന്ന പ്രമുഖ പണ്ഡിതനായ സമസ്തയുടെ ചരിത്രം ആധികാരികമായി പറയാന്‍ കഴിയുന്ന എം എ ഉസ്താദ് പറയുന്നു: “”പാറന്നൂരിന്റെ നിതാന്ത ജാഗ്രതയും ശക്തമായ പ്രവര്‍ത്തനവും ഇല്ലായിരുന്നുവെങ്കില്‍ എസ് വൈ എസ് ഇന്ന് നമ്മോടൊപ്പമുണ്ടാകുമായിരുന്നില്ല.”” (രിസാല 1000 ലക്കം പ്രത്യേക പതിപ്പ്)
ദീര്‍ഘകാലം എസ് വൈ എസിന്റെ സംസ്ഥാന സെക്രട്ടറിയായി പ്രവര്‍ത്തിച്ച് യുവാക്കള്‍ക്കും ബഹുജനങ്ങള്‍ക്കും ദിശാബോധവും ആവേശവും നല്‍കിയ അദ്ദേഹം മുഴുവന്‍ സമയ സംഘടനാ പ്രവര്‍ത്തകനും സംഘടനാ ചിന്താഗതി സദാ സമയവും കൊണ്ടുനടക്കുന്ന ആളുമായിരുന്നു. സംഘടനാ ചിന്ത അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം പാര്‍ശ്വവത്കരിക്കപ്പെട്ടിരുന്നില്ല. എസ് വൈ എസില്‍ പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ വിദ്യാഭ്യാസ ബോര്‍ഡിന്റെയും ജംഇയ്യത്തുല്‍ മുഅല്ലിമീന്റെയും പ്രവര്‍ത്തനത്തിന് അദ്ദേഹം നേതൃത്വം നല്‍കി. മദ്‌റസാ മുഅല്ലിംകള്‍ക്കിടയില്‍ പി പി ഉസ്താദ് എന്നും പ്രിയങ്കരനായിരുന്നു.
സംഘടനാ രംഗത്ത് മാനേജ്‌മെന്റുകളെ സംഘടിപ്പിക്കുക എന്ന ചരിത്രപരമായ ദൗത്യം ഏറ്റെടുക്കേണ്ടതുണ്ടെന്ന് അദ്ദേഹം ഗൗരവമായി ചിന്തിച്ചു. മുഅല്ലിംകള്‍ സംഘടിച്ചതുപോലെ മാനേജ്‌മെന്റുകളും സംഘടിക്കണമെന്നത് അദ്ദേഹത്തിന്റെ സ്വപ്‌നമായിരുന്നു. അതിന്റെ ഫലമായി സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ (എസ് എം എ) നിലവില്‍ വന്നു. സുന്നി വിദ്യാഭ്യാസ ബോര്‍ഡ് വിളിച്ചുചേര്‍ത്ത യോഗത്തില്‍ വെച്ച് എസ് എം എ രൂപവത്കരിക്കുകയും പ്രഥമ പ്രസിഡന്റായി പി പി ഉസ്താദ് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
തുടക്കത്തില്‍ എസ് എം എയെ മനസ്സിലാക്കാന്‍ പലര്‍ക്കും കഴിഞ്ഞില്ലെങ്കിലും പിന്നീട് എല്ലാവരും ഇതിനെ അംഗീകരിക്കുന്ന കാഴ്ചയാണ് നാം കണ്ടത്. മദ്‌റസ, പള്ളി, സ്ഥാപനങ്ങള്‍ എന്നിവ ലക്ഷ്യത്തിലെത്താന്‍ മാനേജ്‌മെന്റുകള്‍ കാര്യബോധമുള്ളവരും പ്രവര്‍ത്തനം അറിയുന്നവരും ദീനീതത്പരരുമായിരിക്കണം. അതിനായി മാനേജ്‌മെന്റുകളെ സംഘടിപ്പിക്കണം, അവര്‍ക്ക് ദിശാബോധം നല്‍കണം, ഈ രംഗത്ത് ശക്തമായ കാല്‍വെപ്പ് നടത്തണം. ഈ ചിന്തയായിരുന്നു എസ് എം എ രൂപവത്കരണത്തിന് പി പി ഉസ്താദിനെ പ്രേരിപ്പിച്ചത്. സമസ്തയുടെയും എസ് വൈ എസിന്റെയും മര്‍കസിന്റെയും പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച പരിചയസമ്പന്നനായ അദ്ദേഹത്തിന് ഈ ആശയത്തില്‍ ആളുകളെ സംഘടിപ്പിക്കാന്‍ കൂടുതല്‍ വിയര്‍ക്കേണ്ടി വന്നില്ല.
എസ് എം എ ആദ്യം മദ്‌റസാ മാനേജ്‌മെന്റിനെ മാത്രം ലക്ഷ്യം വെച്ച് മദ്‌റസകളെ ശാക്തീകരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കിയത്. പിന്നീട് മഹല്ലുകളെയും സ്ഥാപനങ്ങളെയും കൂട്ടിച്ചേര്‍ത്ത് മദ്‌റസാ മാനേജ്‌മെന്റ് അസോസിയേഷന്‍ എന്നതില്‍ നിന്ന് മാറി സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ എന്ന പേര് സ്വീകരിച്ച് പ്രവര്‍ത്തനം വ്യാപകമാക്കി. 2008ല്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി പ്രസിഡന്റായപ്പോള്‍ പി പി ഉസ്താദ് ജനറല്‍ സെക്രട്ടറിയായി. പ്രവര്‍ത്തനം കൂടുതല്‍ സജീവമായി. സമൂഹത്തെ ധാര്‍മികമായി കെട്ടിപ്പടുക്കുന്ന വിഷയത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ കീഴിലുള്ള എല്ലാ സംഘടനകള്‍ക്കും അതിന്റെതായ പങ്ക് വഹിക്കാനുണ്ട് എന്ന് അദ്ദേഹം വിശ്വസിക്കുകയും അതിനുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്തു.
സുന്നി വിദ്യാഭ്യാസ ബോര്‍ഡ് നിലവില്‍ വരുന്നതിന് മുമ്പ് ഇസ്‌ലാമിക വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ മദ്‌റസകള്‍ കൊണ്ടുവരുന്നതില്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംഘടിപ്പിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച പി പി ഉസ്താദ് മരണം വരെ അതിന്റെ വൈസ് പ്രസിഡന്റായി തുടര്‍ന്നു.
മദ്‌റസാ പ്രസ്ഥാനത്തിന്റെ പുരോഗതിയുടെ വഴിയില്‍ സുന്നത്ത് മാസിക സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീനിന്റെ മുഖപത്രമായപ്പോള്‍ പബ്ലിഷര്‍ പി പി ഉസ്താദായിരുന്നു. സിറാജ് ദിനപത്രത്തിന്റെ ഉത്ഭവത്തിലും വളര്‍ച്ചയിലും പ്രധാന പങ്ക് വഹിച്ച പി പി ഉസ്താദ് തന്റെ സ്വതസിദ്ധമായ തൂലികയിലൂടെ അണികളെ ആവേശം കൊള്ളിച്ചിരുന്നു.