Connect with us

Sports

ഇന്ത്യന്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ ഇന്നാരംഭിക്കും: സൈന ഫേവറിറ്റ്

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഓപണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ഇന്നാരംഭിക്കും. 28വരെയാണ് മത്സരം. വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ സൂപ്പര്‍ താരം സൈന നെഹ്‌വാളാണ് ശ്രദ്ധാകേന്ദ്രം.

പുരുഷ വിഭാഗത്തില്‍ മലേഷ്യയുടെ ലോക ഒന്നാം നമ്പര്‍ ലീചോംഗ് വിയാണ് ഫേവറിറ്റ്. 2011 ല്‍ ലി ചോംഗ് വി പ്രഥമ ഇന്ത്യന്‍ ഓപണ്‍ സൂപ്പര്‍ സീരീസ് ജയിച്ചു. ലോക രണ്ടാം നമ്പര്‍ ആയ സൈന നെഹ്‌വാളിന്റെ വലിയ സാധ്യത പ്രധാന ചൈനീസ് എതിരാളികള്‍ പങ്കെടുക്കാത്തതാണ്. ഇതോടെ, സീഡിംഗില്‍ സൈന ഒന്നാംസ്ഥാനത്തേക്കുയരുകയും ചെയ്തു. ആദ്യ റൗണ്ടില്‍ ഇന്തോനേഷ്യയുടെ ബെലാട്രിക്‌സ് മനുപതിയാണ് സൈനയുടെ എതിരാളി. പേരുകേട്ട എതിരാളികളൊന്നും തന്നെ സൈനയുടെ വഴിയില്‍ ഇല്ല. അതേ സമയം, ഇന്ത്യയുടെ യുവതാരം പി വി സിന്ധുവിന്റെ ഫോം സൈനക്ക് ഭീഷണിയാണ്. ചാമ്പ്യന്‍ഷിപ്പില്‍ എട്ടാം സീഡായ സിന്ധു ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ മുന്‍ ലോക ഒന്നാം നമ്പറായ ചൈനയുടെ ഷിസിയാന്‍ വാംഗിനെ അട്ടിമറിച്ചിരുന്നു. പുരുഷ സിംഗിള്‍സില്‍ പി കശ്യപ്, ഗുരുസായിദത്ത്, അജയ് ജയറാം, ആനന്ദ് പവാര്‍, സൗരഭ് വര്‍മ, സായി പ്രണീത് എന്നിവരാണ് ഇന്ത്യന്‍ പ്രതീക്ഷ. കശ്യപിന് ആദ്യ റൗണ്ട് തന്നെ കടുപ്പം. മുന്‍ ഒളിമ്പിക്, ലോകചാമ്പ്യനായ ഇന്തോനേഷ്യയുടെ തൗഫീഖ് ഹിദായത്താണ് കശ്യപിന്റെ എതിരാളി. ഹിദായത്തിനെ മറികടന്നാല്‍ ക്വാര്‍ട്ടറില്‍ ചോംഗ് വി എന്ന മറ്റൊരു ലോകോത്തര താരം കശ്യപിന് മുന്നിലുണ്ടാകും.

Latest