Connect with us

Wayanad

കേരളയാത്രക്ക് ജില്ലയില്‍ ഉജ്ജ്വല സ്വീകരണം: കര്‍ഷകരുടെ കടങ്ങളുടെ പലിശ എഴുതിത്തള്ളാന്‍ സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്യും: രമേശ് ചെന്നിത്തല

Published

|

Last Updated

കല്‍പ്പറ്റ: കാര്‍ഷിക വിളകളുടെ നാശം മൂലം കടമെടുത്ത കര്‍ഷകര്‍ ജപ്തിഭീഷണിയിലായതിനാല്‍ ജില്ലയിലെ കര്‍ഷകരുടെ കടങ്ങളുടെ പലിശ എഴുതിത്തള്ളാന്‍ സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്യുമെന്ന് കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല. വയനാട്ടിലെത്തിയ കേരളയാത്രക്ക് വിവിധ കേന്ദ്രങ്ങളില്‍ നല്‍കിയ സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ വികസനത്തിന് ഏറ്റവും അനിവാര്യം സ്വകാര്യമൂലധന നിക്ഷേപമാണ്. നിലവില്‍ മൂലധനനിക്ഷേപത്തിനായി ആരും വരാത്ത അവസ്ഥയിലാണ്. അത് മാറണമെങ്കില്‍ നടപടിക്രമങ്ങള്‍ സുതാര്യമാക്കണം. നിലവില്‍ 100 കോടി രൂപയുടെ പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ ആയിരം കോടിയും മതിയാവാത്ത അവസ്ഥയാണ്.
വികസനം ത്വരിതഗതിയിലാവാന്‍ നമ്മുടെ നാട്ടിലെ രാഷ്ട്രീയപാര്‍ട്ടികളുടെ പ്രവര്‍ത്തനങ്ങളില്‍ സമൂലമായ മാറ്റം വരണം. സി പി എം എല്ലാത്തിനേയും കണ്ണടച്ച് എതിര്‍ക്കുകയാണ്. അക്രമരാഷ്ട്രീയം ഇന്നും സി പി എം പിന്തുടരുകയാണ്. കൊലപാതകത്തില്‍ അവര്‍ ആനന്ദം കാണുന്നു. രാഷ്ട്രീയപ്രതിയോഗികളെ നേരിടാന്‍ ആയുധങ്ങളുമായി രംഗത്തിറങ്ങുന്ന ശൈലിയുമായാണ് അവര്‍ മുന്നോട്ടുപോകുന്നത്. ഈ നിലപാടില്‍ മാറ്റം വരണം. സുരക്ഷിതജീവിതത്തിന് ഭീഷണിയാവുന്ന വിധത്തില്‍ സി പി എം മാറുകയാണ്. ഭൂതകാലത്തിന്റെ തടവറയില്‍ നിന്നും മോചനം നേടാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല. സംസ്ഥാനത്ത് ഭൂമാഫിയകളെ നിയന്ത്രിക്കാന്‍ സാധിക്കുന്ന വിധത്തില്‍ നിയമം കൊണ്ടുവരണമെന്നും ഇക്കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തും. ഭൂമാഫിയകള്‍ ദിനംപ്രതി കേരളത്തില്‍ ഏക്കര്‍ കണക്കിന് ഭൂമിയാണ് വാങ്ങിക്കൂട്ടുന്നത്. ആരാണെന്ന് പോലുമറിയാത്ത വിധം നടക്കുന്ന ഈ ക്രയവിക്രയങ്ങള്‍ ഏറെയും ബാധിക്കുന്നത് സാധാരണക്കാരെയാണ്. ആദിവാസികളടക്കമുള്ള പാവപ്പെട്ടവര്‍ക്ക് ഒരു തുണ്ട് ഭൂമി വാങ്ങാന്‍ പോലും പറ്റാത്ത അവസ്ഥയാണ്.
ഭൂമിയുടെ വില ദിനംപ്രതി കുതിച്ചുകയറുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വയനാട് ജില്ലയടക്കം പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുകയാണ്. ഇവിടുത്ത ജീവിതമാര്‍ഗ്ഗമായ കാര്‍ഷികമേഖലയുടെ സ്ഥിതി ദയനീയമാണ്. വന്‍തോതിലുള്ള വരള്‍ച്ചയാണ് ഈ പ്രതിസന്ധിക്ക് കാരണമായത്. വരള്‍ച്ചാബാധിതമേഖലയായ മുള്ളന്‍കൊല്ലി പഞ്ചായത്തിലെ കബനിഗിരി, സീതാമൗണ്ട് പ്രദേശങ്ങള്‍ സന്ദര്‍ശിച്ചപ്പോള്‍ വരള്‍ച്ചയുടെ കാഠിന്യം കാണാന്‍ സാധിച്ചു.
കമുക്, കുരുമുളക്, പ്ലാവ്, കാപ്പി എന്നിങ്ങനെയെല്ലാം കത്തിക്കരിഞ്ഞ നിലയിലാണ്. ഇന്ത്യയില്‍ സി പി എമ്മിന് മൂന്ന് മുഖമാണ്. ഡല്‍ഹിയില്‍ പൗരാവകാശത്തിന്റെ മുഖമാണെങ്കില്‍ കേരളത്തിലത് ക്വട്ടേഷന്‍ സംഘത്തിന്റേതാണ്. ബംഗാളില്‍ ഭൂരേഖകള്‍ വാങ്ങിവെച്ച് പാവങ്ങളെ ഭരിച്ചുമദിക്കുന്ന പാര്‍ട്ടിയുടെ മുഖമാണ്. കോണ്‍ഗ്രസ് അടക്കമുള്ള രാഷ്ട്രീയപാര്‍ട്ടികളെല്ലാം അവരുടെ പ്രവര്‍ത്തനങ്ങളില്‍ മാറ്റം വരുത്തണമെന്നും അദ്ദേഹം പറഞ്ഞു. 2014ല്‍ നടക്കുന്ന തിരഞ്ഞെടുപ്പ് കോണ്‍ഗ്രസിനെ സംബന്ധിച്ച് നിര്‍ണായകമാണ്. സാമ്പത്തികമായി തകരാത്ത രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയെ കൊണ്ടുവരാന്‍ കഴിഞ്ഞ ഒമ്പത് വര്‍ഷമായി ഇന്ത്യ ഭരിച്ച യു പി എ സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്.
78,000 കോടി രൂപയുടെ കാര്‍ഷികകടങ്ങള്‍ എഴുതിത്തള്ളിയത് മുതല്‍ തൊഴിലുറപ്പ് പദ്ധതി, എന്‍ ആര്‍ എച്ച് എം പദ്ധതി പോലുള്ള ജനക്ഷേമ പദ്ധതികള്‍ നടപ്പിലാക്കിയതും യു പി എ സര്‍ക്കാരിന്റെ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.ചിലര്‍ നരേന്ദ്രമോഡിയെ അനുകൂലിക്കുകയാണ്. എന്നാല്‍ 127 വര്‍ഷത്തെ രാഷ്ട്രീയപാരമ്പര്യമുള്ള കുടുംബത്തിന്റെ പ്രതിനിധിയാണ് രാഹുല്‍ഗാന്ധിയെന്നും അദ്ദേഹം പറഞ്ഞു.
ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ടി ജെ ജോസഫ് അധ്യക്ഷനായിരുന്നു എം ഐ ഷാനവാസ് എം പി, മന്ത്രി പി കെ ജയലക്ഷ്മി, ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ, കോണ്‍ഗ്രസ് നേതാക്കളായ എം എം ഹസ്സന്‍, പത്മജവേണുഗോപാല്‍, എം എ കുട്ടപ്പന്‍, ശരത്ചന്ദ്രപ്രസാദ്, അഡ്വ. ആര്‍ വത്സലന്‍, എന്‍ സുബ്രഹ്മണ്യന്‍, കെ പി അനില്‍കുമാര്‍, കരകുളം കൃഷ്ണപിള്ള, ലതികസുഭാഷ്, ബിന്ദു കൃഷ്ണ, കെ വിദ്യാധരന്‍, കെ കെ വിജയലക്ഷ്മി, അഡ്വ. കെ ജയന്ത്, ജാക്‌സണ്‍, ശൂരനാട് രാജശേഖരന്‍, കെ വി ശശി, പഴയകുളം മധു, ഐ കെ രാജു, എം എസ് വിശ്വനാഥന്‍, കെ കെ അബ്രഹാം, ജോയി തോമസ്, കെ എല്‍ പൗലോസ്, പി കെ ഗോപാലന്‍, എന്‍ ഡി അപ്പച്ചന്‍, പി വി ബാലചന്ദ്രന്‍, പ്രഫ. കെ വി തോമസ് തുടങ്ങിയ നിരവധി നേതാക്കള്‍ പരിപാടിയില്‍ പങ്കെടുത്തു. കല്‍പ്പറ്റ, മാനന്തവാടി എന്നിവിടങ്ങളിലും യാത്രക്ക് ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്.