Kerala
ഒന്നില്‍ കൂടുതലുള്ള വാഹനങ്ങള്‍ക്ക് നികുതി വര്‍ധിപ്പിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ വീടുകളില്‍ ഒന്നില്‍ കൂടുതലുള്ള വാഹനങ്ങളുടെ നികുതി വര്‍ധിപ്പിക്കുന്ന കാര്യം സര്‍ക്കാറിന്റെ സജീവ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇക്കാര്യം സര്‍ക്കാര്‍ ഗൗരവമായി ആലോചിച്ചു വരികയാണ്. വാഹനങ്ങളുടെ എണ്ണം നിയന്ത്രിക്കുന്നതിന് പരിമിതികളുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്ന “വിഷന്‍ 2030” പരിപാടിയോടനുബന്ധിച്ച് യുവജന ക്ഷേമ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ യുവജനങ്ങളുമായി നടത്തിയ ചര്‍ച്ചയില്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
പ്രഗത്ഭരായ യുവാക്കളെ മന്ത്രിമാരുടെ പേഴ്‌സനല്‍ സ്റ്റാഫില്‍ നിയമിക്കും. ഇതിന്റെ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ കുറ്റമറ്റരീതിയില്‍ പുരോഗമിക്കുകയാണ്.
ഒരു വര്‍ഷത്തേക്കായിരിക്കും നിയമനം. ഇതിന് ശേഷം പുതിയ ആളെ നിയമിക്കും. സംസ്ഥാന സര്‍ക്കാറിന്റെ ഭരണത്തില്‍ പുതുതലമുറയുടെ അഭിപ്രായങ്ങള്‍ക്കും കാഴ്ചപ്പാടിനും പരിഗണന നല്‍കുന്നതിന്റെ ഭാഗമായാണ് തീരുമാനം. തലമുറകള്‍ തമ്മിലുള്ള അന്തരം ഇല്ലാതാക്കിയെങ്കില്‍ മാത്രമേ യുവജനങ്ങള്‍ക്ക് ഭരണത്തില്‍ കൂടുതല്‍ പങ്കാളിത്തം നല്‍കാന്‍ കഴിയൂ. ഇക്കാര്യത്തില്‍ പ്രായോഗികമായി ചിന്തിച്ചില്ലെങ്കില്‍ തിരിച്ചടികള്‍ നേരിടേണ്ടിവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അഞ്ച് വര്‍ഷത്തെ കാലയളവിനെ അടിസ്ഥാനമാക്കിയുള്ള പദ്ധതികളാണ് സംസ്ഥാനത്ത് ആവിഷ്‌കരിക്കുന്നത്. കേന്ദ്ര പ്ലാനിംഗ് കമ്മീഷന്‍, സംസ്ഥാന പ്ലാനിംഗ് ബോര്‍ഡ്, രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രകടന പത്രിക എന്നിവയിലെല്ലാം അഞ്ചുവര്‍ഷത്തെ പദ്ധതികളാണ് നടപ്പാക്കുന്നത്.
വിഷന്‍ 2030 പരിപാടിയുടെ കരട്, ചര്‍ച്ച ചെയ്യുന്നതിനായി അടുത്ത ദിവസം എം എല്‍ എമാര്‍ക്ക് നല്‍കും. ഇതിനു ശേഷം രാഷ്ട്രീയ പാര്‍ട്ടികളുമായി നേരിട്ട് ചര്‍ച്ച നടത്തുകയോ കരടിന്റെ പകര്‍പ്പ് നല്‍കി അഭിപ്രായം രേഖാമൂലം തേടുകയോ ചെയ്യും. തുടര്‍ന്ന് വെബ്‌സൈറ്റില്‍ കരട് പ്രസിദ്ധീകരിച്ച് പൊതുജനങ്ങളില്‍നിന്ന് നിര്‍ദേശങ്ങള്‍ ക്ഷണിക്കും.
യുവജനങ്ങള്‍ക്ക് വെബ്‌സൈറ്റിലൂടെ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാം. വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം അഭിപ്രായങ്ങള്‍ ഉള്‍പ്പെടുത്തി വിഷന്‍ 2030ക്ക് അന്തിമ അംഗീകാരം നല്‍കി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.
ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ കേരളത്തിന് മികച്ച നേട്ടം കൈവരിക്കാന്‍ കഴിഞ്ഞെങ്കിലും അടിസ്ഥാന സൗകര്യ വികസന രംഗത്ത് സംസ്ഥാനം ഏറെ പിന്നിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.