National
യു.പി മന്ത്രി അസം ഖാനെ ബോസ്റ്റണ്‍ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു
ലക്‌നൗ: യു.എസ് സന്ദര്‍ശനത്തിന് പോയ ഉത്തര്‍പ്രദേശ് മന്ത്രിയും മുതിര്‍ന്ന സമാജ്‌വാദി പാര്‍ട്ടി നേതാവുമായ അസം ഖാനെ “വിശദമായി ചോദ്യം ചെയ്യണമെന്ന്” കാണിച്ച് ബോസ്റ്റണ്‍ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു. മുഖ്യമന്ത്രി അഖിലേഷ് യാദവിനൊപ്പം ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ ഒരു പരിപാടിയില്‍ സംബന്ധിക്കാന്‍ പോയ മന്ത്രിയെ ബോസ്റ്റണ്‍ ലോഗന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് തടഞ്ഞുവെച്ചത്. ബുധനാഴ്ചയാണ് സംഭവം.യു.പിയില്‍ നിന്നുള്ള മന്ത്രിതല സംഘം വിമാനത്താവളത്തിലെത്തിയപ്പോള്‍ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ സ്വീകരിക്കാനെത്തി. തുടര്‍ന്ന് യു.എസ് എമിഗ്രേഷന്‍ അധികൃതര്‍ ഇന്ത്യന്‍ സംഘത്തെ സ്വാഗതം ചെയ്തു. ഇവരുടെ സഹായത്തോടെ അറൈവല്‍ ഫോമുകള്‍ പൂരിപ്പിച്ചു കഴിഞ്ഞപ്പോഴേക്കും ഒരു വനിതാ കസ്റ്റംസ് ഓഫീസര്‍ “കൂടുതല്‍ ചോദ്യം ചെയ്യുന്നതിനാ”യി അസം ഖാനെ അടുത്ത മുറിയിലേക്ക് കൂട്ടികൊണ്ടു പോവുകയായിരുന്നു. പത്ത് മിനിറ്റിനു ശേഷമാണ് മന്ത്രിയെ സ്വതന്ത്രനാക്കിയത്.മന്ത്രിയെ തടഞ്ഞുവെച്ചത് ഗൗരവമായി എടുത്തതായി അമേരിക്കയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. ഇന്ത്യയുടെ പ്രതിഷേധം അമേരിക്കന്‍ ഭരണകൂടത്തെ അറിയിച്ചതായി എംബസി വക്താവ് എം. ശ്രീധരന്‍ പറഞ്ഞു. എന്നാല്‍ സംഭവത്തെ കുറിച്ച് പ്രതികരിക്കാന്‍ അമേരിക്ക തയ്യാറായിടില്ല. നേരത്തെ മുന്‍ രാഷ്ട്രപതി എപിജെ അബ്ദുല്‍ കലാം, ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ്,സിനിമാതാരം മമ്മൂട്ടി തുടങ്ങിയവരെ അമേരിക്കന്‍ വിമാനത്താവളങ്ങളില്‍ തടഞ്ഞു കൂടുതല്‍ പരിശോധനങ്ങള്‍ നടത്തിയിരുന്നു.