National
വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചതിന് പിന്നില്‍ സല്‍മാന്‍ ഖുര്‍ഷിദെന്ന് അസം ഖാന്‍
ന്യൂയോര്‍ക്ക്: തന്നെ യുഎസിലെ ബോസ്റ്റണ്‍ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചതിന് പിന്നില്‍ വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദിന്റെ ഗൂഢാലോചനയുണ്ടെന്ന് ഉത്തര്‍പ്രദേശ് മന്ത്രി അസം ഖാന്‍. ഇന്ത്യയ്ക്ക് പുറത്തുവെച്ച് തന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് നടന്നത്. അബ്ദുള്‍ കലാമിനോ ഷാരൂഖ് ഖാനോ നേരിട്ടതുപോലുള്ള അപമാനമായി ഇതിനെ കാണേണ്ടെന്നും അസം ഖാന്‍ പറഞ്ഞു.
കോണ്‍ഗ്രസ് ഇതര രാഷ്ട്രീയ പാര്‍ട്ടിയിലെ ശക്തനായ മുസ്‌ലീം നേതാവാണ് താനെന്നും അതുകൊണ്ടാണ് താന്‍ ലക്ഷ്യമിടപ്പെട്ടതെന്നും അസം ഖാന്‍ പറഞ്ഞു. ന്യൂയോര്‍ക്കില്‍ ഇന്ത്യയിലേക്ക് വിമാനം കയറുന്നതിന് മുന്‍പ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അസം ഖാന്‍. തന്നെ വിമാനത്താവളത്തിനുള്ളില്‍ തടഞ്ഞുവെച്ചപ്പോള്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറലിന്റെ പ്രോട്ടോക്കോള്‍ ഓഫീസര്‍മാര്‍ അപരിചിതരെപ്പോലെയാണ് പെരുമാറിയതെന്നും നിശബ്ദരായ കാഴ്ചക്കാരായി ഇവര്‍ മാറിയതായും അസം ഖാന്‍ കുറ്റപ്പെടുത്തി. ഉന്നതരുടെ നിര്‍ദേശപ്രകാരമാണ് ഉദ്യോഗസ്ഥര്‍ ഇത്തരത്തില്‍ പ്രവര്‍ത്തിച്ചതെന്നും അസം ഖാന്‍ ആരോപിച്ചു.
തന്നെ തടഞ്ഞുവെച്ച 45 മിനിറ്റിനുള്ളില്‍ പ്രോട്ടോക്കോള്‍ ഓഫീസര്‍മാര്‍ക്ക് ന്യൂയോര്‍ക്കിലെ കോണ്‍സല്‍ ജനറല്‍ ഓഫീസില്‍ ബന്ധപ്പെടാമായിരുന്നു. അങ്ങനെയെങ്കില്‍ കോണ്‍സല്‍ ജനറല്‍ ഓഫീസിന് യുഎസിലെ ഇന്ത്യന്‍ അംബാസഡര്‍ നിരുപമ റാവുവിനെ ബന്ധപ്പെടാനും തന്നെ പുറത്തിറക്കാന്‍ ശ്രമിക്കാനുമാകുമായിരുന്നുവെന്നും അസം ഖാന്‍ പറഞ്ഞു.