Kozhikode
കോളജിന്റെ ഗേറ്റ് തുറന്നുകൊടുത്തില്ല; ബേങ്ക് പരീക്ഷക്കെത്തിയവര്‍ വലഞ്ഞു
കോഴിക്കോട് :ജില്ലയില്‍ എസ് ബി ഐ പ്രൊബേഷണറി ഓഫീസര്‍ പരീക്ഷയെഴുതാന്‍ വന്ന ഉദ്യോഗാര്‍ഥികള്‍ കനത്ത ചൂടില്‍ ഇരിക്കാന്‍ പോലും സ്ഥലമില്ലാതെ ബുദ്ധിമുട്ടി. കോഴിക്കോട് എം ഇ എസ് വുമണ്‍സ് കോളജില്‍ പരീക്ഷയെഴുതാനെത്തിയ ഉദ്യോഗാര്‍ഥികളാണ് ഇരിക്കാന്‍ പോലും സ്ഥലമില്ലാതെ വിഷമത്തിലായത്. ഇന്നലെ ഉച്ചക്ക് ഒരു മണിക്കാണ് പരീക്ഷാസമയം പറഞ്ഞിരുന്നതെങ്കിലും തുടങ്ങാന്‍ വൈകുമെന്ന് ഹാള്‍ടിക്കറ്റില്‍ തന്നെ പറഞ്ഞിരുന്നു.
കോഴിക്കോടിന് പുറമെ കണ്ണൂര്‍, കാസര്‍കോട്, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള ഉദ്യോഗാര്‍ഥികളും പരീക്ഷയെഴുതാന്‍ ഇവിടെ എത്തിയിരുന്നു. പരീക്ഷ തുടങ്ങുന്നതിന് വളരെ നേരത്തെ തന്നെ സെന്ററിലെത്തിയ ഉദ്യോഗാര്‍ഥികളെ അകത്ത് കടക്കാന്‍ കോളജിലെ കാവല്‍ക്കാരന്‍ അനുവദിച്ചില്ല. പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന കോളജ് ആയതിനാലാണ് അകത്ത് കടത്താത്തതെന്നായിരുന്നു ഇവര്‍ നല്‍കിയ മറുപടി. എന്നാല്‍ മണിക്കൂറുകളോളം പെരിവെയിലത്ത് നിന്നതിനാല്‍ ഇതില്‍ ഒരു കുട്ടിക്ക് തലകറക്കം അനുഭവപ്പെടുകയും ഉടന്‍ അടുത്തുള്ള ബന്ധുവീട്ടില്‍ എത്തിച്ച് ഗ്ലൂക്കോസ് നല്‍കുകയുമായിരുന്നു. ഈ കുട്ടി പരീക്ഷയെഴുതാതെ തിരിച്ചുപോകുകയും ചെയ്തു. ഇതിനെത്തുടര്‍ന്ന് കോളജിന് മുന്നില്‍ ഉദ്യോഗാര്‍ഥികളുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തില്‍ കോളജ് അധികൃതരുമായി വാക്കേറ്റമുണ്ടാകുകയും ചെയ്തു. ഇതിനു ശേഷമാണ് കോളജിന്റെ ഗേറ്റ് തുറന്ന് ഉദ്യോഗാര്‍ഥികളെ അകത്ത് കയറ്റിയത്.
ദൂരസ്ഥലങ്ങളില്‍ നിന്നെത്തിയ ഇവരില്‍ പലര്‍ക്കും പ്രാഥമിക കൃത്യത്തിനുള്ള സൗകര്യം പോലും അനുവദിക്കാത്ത സമീപനമാണ് കോളജ് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായത്. പെണ്‍കുട്ടികള്‍ക്ക് മാത്രമേ ഇവര്‍ ബാത്ത്‌റൂം സൗകര്യം അനുവദിച്ചുള്ളൂ.
ജില്ലയില്‍ മൂന്ന് സെന്ററുകളാണ് എസ് ബി ഐയുടെ പ്രൊബേഷണറി ഓഫീസര്‍ പരീക്ഷക്കുള്ളത്. വരും വര്‍ഷങ്ങളില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ലഭിക്കുന്ന കോളജുകളെ പരീക്ഷാ സെന്ററുകളായി തിരഞ്ഞെടുക്കാന്‍ എസ് ബി ഐ ശ്രദ്ധിക്കണമെന്ന് ഉദ്യോഗാര്‍ഥികളും രക്ഷിതാക്കളും ആവശ്യപ്പെട്ടു.