Connect with us

Gulf

ഹുറൂബ് ഇരകളെ സഊദി കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തില്ല

Published

|

Last Updated

ജിദ്ദ:സഊദിയില്‍ ഹുറൂബ് ഇരകളടക്കം അനധികൃതമായി താമസിക്കുന്ന വിദേശികളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തില്ലെന്ന് ഇന്ത്യ സഊദി സംയുക്ത കര്‍മ സമിതിയുടെ ആദ്യ യോഗത്തില്‍ സഊദി തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. അവര്‍ക്ക് വീണ്ടും രാജ്യത്തേക്ക് തൊഴില്‍ തേടി വരുന്നതിന് യാതൊരു തടസ്സവും ഉണ്ടാകില്ല. ക്രിമിനല്‍ കേസില്‍ പെടാത്തവര്‍ക്കും അബ്ദുല്ല രാജാവ് അനുവദിച്ച മൂന്ന് മാസത്തിനുള്ളില്‍ രാജ്യം വിടുന്നവര്‍ക്കുമായിരിക്കും ഈ ആനുകൂല്യം.

ബുധനാഴ്ച റിയാദില്‍ ചേര്‍ന്ന ജെ ഡബ്ല്യൂ ജിയുടെ ആദ്യ യോഗത്തില്‍ ഉപ തൊഴില്‍ മന്ത്രി ഡോ. അഹ്മദ് ഹുമൈദാന്‍, ഡോ. അഹമദ് അല്‍ ഫഹൈദ്, സിയാദ് അല്‍ സാഗി എന്നിവരും ഇന്ത്യയെ പ്രതിനിധാനം ചെയ്ത് ഡി സി എം. സി ബി ജോര്‍ജും പങ്കെടുത്തു. ഞായറാഴ്ച സമിതി യോഗം വീണ്ടും ചേരുമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു.
രാജ്യത്തെ ഇന്ത്യന്‍ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന ഒരു സ്ഥിരം സംവിധാനമായി സമിതി മാറുമെന്നും ഏറ്റവും അടിയന്തരമായി ഇടപെടേണ്ട വിഷയമായി ഹുറൂബ് പ്രശ്‌നം ആദ്യ യോഗത്തില്‍ അവതരിപ്പിക്കാനായത് വലിയ നേട്ടം തന്നെയാണെന്നും ഡി സി എം. സി ബി ജോര്‍ജ് സിറാജിനോട് പറഞ്ഞു. അടിയന്തരപ്രാധാന്യമുള്ള പ്രശ്‌നങ്ങളില്‍ സമിതി ഇടപെടുമെന്നും പരിഹാരത്തിന് ശ്രമിക്കുമെന്നും കുറ്റവാളികളല്ലാത്ത മുഴുവന്‍ അനധികൃത താമസക്കാരെയും നാട്ടിലെത്തിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ഹുറൂബിലകപ്പെട്ടവരടക്കം വലിയൊരു വിഭാഗം ഇന്ത്യക്കാര്‍ക്ക് ആശ്വാസമാകുന്ന തീരുമാനമാണ് തൊഴില്‍ മന്ത്രാലയത്തിന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്.
കാന്തപുരം അടക്കമുള്ളവര്‍ തൊഴില്‍ മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നിരുന്നതും മുഖ്യമായും ഹുറൂബുകാരുടെ പ്രശ്ം തന്നെയായിരുന്നു. ഹുറൂബില്‍ കുടുങ്ങിയവരെ കരിമ്പട്ടികയില്‍ പെടുത്താതെ നാട്ടിലേക്കയക്കണമെന്നായിരുന്നു കാന്തപുരം നല്‍കിയ നിവേദനത്തിലെ മുഖ്യ ആവശ്യം. അതേസമയം, ക്രിമിനല്‍ കുറ്റം ചുമത്തപ്പെട്ടവര്‍ക്ക് കേസ് തീര്‍പ്പാക്കിയ ശേഷമേ ഈ ആനുകൂല്യം ലഭിക്കൂ.
നിതാഖാത്ത് പ്രകാരം ചുകപ്പ് കാറ്റഗറിയില്‍ പെട്ടവര്‍ക്ക് കമ്പനിയിലെ പ്രെഫഷന്‍ ശരിയാക്കാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ തൊഴിലാളികള്‍ ംംം.ൃലറ്യലഹഹീം.രീാ.മെ എന്ന വെബ്‌സൈറ്റില്‍ എത്രയും പെട്ടെന്ന് പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് ജോര്‍ജ് അറിയിച്ചു. പച്ച വിഭാഗത്തില്‍ പെട്ട ധാരാളം വന്‍കിട കമ്പനികളില്‍ ഒട്ടേറെ ജോലി ഒഴിവുകളുണ്ട്. പ്രസ്തുത വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തവരില്‍ നിന്നാണ് അവ നിയമനം നടത്തുക. കാലാവധി തീരുംമുമ്പ് സ്വമേധയാ രാജ്യം വിടാന്‍ തയ്യാറാകുന്നവര്‍ക്ക് ജയിലില്‍ കിടക്കേണ്ടതില്ല. തര്‍ഹീലില്‍ (നാടുകടത്തല്‍ കേന്ദ്രം) നിന്ന് എക്‌സിറ്റ് വാങ്ങിയാല്‍ മതി.

 

 

Latest