Connect with us

Ongoing News

ശൈഖ് സായിദ് റോഡില്‍ 111 നില കെട്ടിടം വരുന്നു

Published

|

Last Updated

ദുബൈ: നഗരത്തിലെ അംബരചുംബികളുടെ മുഖ്യ കേന്ദ്രമായ ശൈഖ് സായിദ് റോഡില്‍ 111 നിലയുള്ള കെട്ടിടം വരുന്നു. ദുബൈ മെയ്ഡാന്‍ ഗ്രൂപ്പാണ് മെയ്ഡാന്‍ ടവര്‍ എന്ന പേരില്‍ 111 നിലയില്‍ നഗരത്തില്‍ കെട്ടിടം കെട്ടിപൊക്കാന്‍ ഒരുങ്ങുന്നത്. ബുര്‍ജ് ഖലീഫ കഴിഞ്ഞാല്‍ നഗരത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കെട്ടിടമായി ഇത് മാറുമെന്നാണ് പ്രതീക്ഷിക്കന്നതെന്ന് മെയ്ഡന്‍ ചെയര്‍മാന്‍ സയീദ് ഹുമൈദ് അല്‍ തായര്‍ വ്യക്തമാക്കി.

റാഡിസണ്‍ റോയല്‍ ഹോട്ടലിനോട് ചേര്‍ന്നാവും കെട്ടിടം ഉയരുക. ദുബൈ നഗരത്തില്‍ സ്ഥിതിചെയ്യുന്ന 200 മീറ്ററില്‍ കൂടുതല്‍ ഉയരമുള്ള 19 കെട്ടിടങ്ങളില്‍ 18ഉം സ്ഥിതിചെയ്യുന്നത് ശൈഖ് സായിദ് റോഡിലാണ്.
160 നിലകളും 828 മീറ്റര്‍ ഉയരവുമുള്ള ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫ, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ താമസ സമുച്ഛയവും 99 നിലകളുമുള്ള പ്രിന്‍സസ് ടവര്‍(413 മീറ്റര്‍) എന്നിവയെല്ലാം തലഉയര്‍ത്തി നില്‍ക്കുന്നത് ശൈഖ് സായിദ് റോഡിലാണ്. വാണിജ്യാവശ്യങ്ങള്‍ക്കും താമസത്തിനും വിനോദത്തിനും വിശ്രമത്തിനുമെല്ലാമായാവും കെട്ടിടം ഉപയോഗപ്പെടുത്തുകയെന്നും അദ്ദേഹം പറഞ്ഞു.

ബുര്‍ജ് ഖലീഫയെക്കാള്‍ ഉയരമുള്ള കെട്ടിടം
പണിയും: മുഹമ്മദ് അലാബാര്‍ദുബൈ: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയെക്കാള്‍ ഉയരമുള്ള ഒരെണ്ണം പണിയുമെന്ന് ബുര്‍ജ് ഖലീഫ കെട്ടിഉയര്‍ത്തിയ ഇമാര്‍ പ്രോപര്‍ട്ടീസ് ചെയര്‍മാന്‍ മുഹമ്മദ് അലാബാര്‍. സ്ഥിരമായി കമ്പനി പുതിയ പദ്ധതികള്‍ ഏറ്റെടുത്ത് നടപ്പാക്കി വരുകയാണ്.
ഗ്ലോബല്‍ ബിസിനസ് ഫോറത്തില്‍ എങ്ങിനെ വെല്ലുവിളികളെ ഫലപ്രദമായി മറികടന്ന് ബിസിനസ്സില്‍ ഉന്നതി ഉണ്ടാക്കാമെന്ന വിഷയത്തില്‍ പ്രഭാഷണം നടത്തവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 2010ല്‍ പണി പൂര്‍ത്തിയായ ബുര്‍ജ് ഖലീഫക്ക് 828 മീറ്റര്‍ ഉയരമാണുള്ളത്. ഇതിനെക്കാള്‍ കുറെക്കൂടി ഉയരമുള്ള ഒരു കെട്ടിടം പണിയും.
ദുബൈയിലെ കൂറ്റന്‍ കെട്ടിടങ്ങള്‍ക്ക് 30 വര്‍ഷം മാത്രമേ പഴക്കമുള്ളൂ. ഞങ്ങള്‍ക്ക് ധാരാളം സമയവും നിക്ഷേപവുമുണ്ടെന്നും പ്രഭാഷണവുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ അദ്ദേഹം മനസ് തുറന്നു.
റിയല്‍ എസ്‌റ്റേറ്റ് രംഗത്ത് യാതൊരുവിധത്തിലുള്ള പ്രതിസന്ധിയും ഇല്ല. ഇത്തരം പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമാണ്. കെട്ടിടങ്ങള്‍ക്ക് ധാരാളം ആവശ്യക്കാരുണ്ട്.
എന്നാല്‍ പെട്ടെന്ന് മറിച്ച് വിറ്റ് ലാഭം നേടാമെന്ന ചിന്തയില്‍ മോഹവിലക്ക് വസ്തുവാങ്ങുന്നത് അപകടം വരുത്തുമെന്നും മുഹമ്മദ് മുന്നറിയിപ്പ് നല്‍കി.

 

Latest