National
സിഖ് കൂട്ടക്കൊല: സജ്ജന്‍ കുമാറിനെ കുറ്റവിമുക്തനാക്കിയതില്‍ പ്രതിഷേധമടങ്ങുന്നില്ല

ന്യൂഡല്‍ഹി: സിഖ് കൂട്ടക്കൊലക്കേസില്‍ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാറിനെ കുറ്റവിമുക്തനാക്കിയതില്‍ പ്രതിഷേധമടങ്ങുന്നില്ല. ഡല്‍ഹിയില്‍ വിവിധയടങ്ങളില്‍ ഇന്നലെയും നൂറ് കണക്കിന് സിക്കുകാര്‍ പ്രകടനം നടത്തി. 1984ലെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റവരില്‍ ഒരാള്‍ ഇന്നലെ അനിശ്ചിതകാല നിരാഹാരം തുടങ്ങി.
നിര്‍പീത് കൗര്‍ ഇന്നലെ ജന്തര്‍ മന്തറിലാണ് നിരാഹാര സമരം തുടങ്ങിയത്. തെക്കന്‍ ഡല്‍ഹിയിലെ നിസാമുദ്ദീനില്‍ ഇരകളുടെ ബന്ധുക്കള്‍ റോഡ് ഉപരോധിച്ചു. നഗര ഹൃദയത്തിലേക്കുള്ള പ്രധാന റോഡില്‍ ഉപരോധം വന്‍ ഗതാഗത സ്തംഭനമുണ്ടാക്കി.
നിര്‍പീത് കൗറിന്റെ നിരാഹാര പന്തലില്‍ ആം ആദ്മി പാര്‍ട്ടി നേതാക്കളായ അരവിന്ദ് കെജ്‌രിവാള്‍, മനീഷ് സിസോദിയ, കുമാര്‍ വിശ്വാസ് എന്നിവര്‍ എത്തിയിരുന്നു. ബി ജെ പി പ്രാദേശിക നേതാവ് വിജേന്ദര്‍ ഗുപ്തയും വേദിയിലെത്തിയെങ്കിലും ജനങ്ങള്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് പിന്‍വാങ്ങി. ആം ആദ്മി പ്രവര്‍ത്തകര്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഏകദിന ഉപവാസം നടത്തി.