Articles
ശിവഗിരിയില്‍ എന്തൊക്കെയോ ചീഞ്ഞുനാറുന്നു
ഒരു ഗുരുവിനെ നശിപ്പിക്കാന്‍ ദൈവം ആഗ്രഹിക്കുമ്പോള്‍ അയാള്‍ക്കു കുറെ ശുഷ്യന്മാരെ നല്‍കും. അവരാ ജോലി ഭംഗിയായി നിറവേറ്റിക്കൊള്ളും. സോക്രട്ടീസ് മുതല്‍ കാള്‍മാര്‍ക്‌സ് വരെയുള്ള സര്‍വ ഗുരുക്കന്മാര്‍ക്കും അവരുടെ ശുഷ്യന്മാരില്‍ നിന്നുണ്ടായ അനുഭവം മേല്‍ പറഞ്ഞ തത്വത്തെ ശരിവെക്കുന്ന തരത്തിലായിരുന്നു. ആ സ്ഥിതിക്ക് നമ്മുടെ ശ്രീനാരായണ ഗുരുവിന് മാത്രം ഈ കാര്യത്തില്‍ എന്തെങ്കിലും ഇളവ് കിട്ടിയിരിക്കാനിടയില്ല. പുതിയ കാലത്ത് വെള്ളാപ്പള്ളി നടേശനും നരേന്ദ്ര മോഡിയും ഒക്കെ ഗുരുദേവശിഷ്യന്മാരായി ശിവഗിരിയില്‍ തേര്‍വാഴ്ച നടത്തുന്നത് കണ്ടു ഗുരുവിന്റെ ആത്മാവ് കരയുന്നുണ്ടാകും.
ആരെന്തൊക്കെ ചെയ്താലും അഴിക്കും തോറും മുറുകുന്ന ഒരു കുരുക്കാണ് ജാതിവ്യവസ്ഥ. ജാതി എന്നു പറയാന്‍ ഇപ്പോള്‍ പല മാന്യന്മാര്‍ക്കും മടിയാണ്. ജാതിയെ കുളിപ്പിച്ചു കുറിയിട്ട് കാവിയുടുപ്പിച്ച് ഉണ്ടാക്കിയെടുത്ത വാക്കാണ് “സമുദായം”. സമുദായം, സമുദായ നേതാക്കള്‍, സമുദായ താത്പര്യങ്ങള്‍ ഈ വക വാക്കുകളാണ് നമ്മുടെ രാഷ്ട്രീയ സൂപ്പര്‍ മാര്‍ക്കറ്റിലെ വിലപിടിപ്പുള്ള ചരക്കുകള്‍. സമുദായ നേതാക്കള്‍ക്കു തങ്ങളെ എന്തു തെറിയും വിളിക്കാനും എന്തൊക്കെ വേണമെങ്കിലും പറയാനും സ്വാതന്ത്ര്യമുണ്ടെന്നാണ് ഉമ്മന്‍ ചാണ്ടി പറയുന്നത്. സുകുമാരന്‍ നായരും വെള്ളാപ്പള്ളി നടേശനും ഇത്രയൊക്കെയോ പ്രതീക്ഷിക്കുന്നുള്ളുതാനും. എന്‍ എസ് എസും എസ് എന്‍ ഡി പിയും ചേര്‍ന്നാല്‍ കേരള സമൂഹത്തിലെ ഭൂരിപക്ഷമാകുമെന്ന കണക്ക് ഇവര്‍ എവിടെനിന്നാണ് പഠിച്ചതെന്ന് മനസ്സിലാകുന്നില്ല. നായരങ്ങനെയാണ്; വസ്തു അന്യാധീനപ്പെട്ടാലും വസ്തുവിന്റെ ആധാരം പെട്ടിയില്‍ ഭദ്രമായി സൂക്ഷിക്കും. പത്തായം പെറും നാണി കുത്തും ഞാനുണ്ണും എന്നായിരുന്നല്ലോ കോവിലകത്തെ ഉണ്ണി നമ്പൂതിരി പറഞ്ഞത്. ഈ നമ്പൂതിരിമാരായിരുന്നല്ലോ ഇവിടുത്തെ നായന്മാരുടെ ഗുരുക്കന്മാര്‍.
അതുകൊണ്ടുതന്നെ കാര്യങ്ങളെ അവര്‍ നോക്കിക്കാണുന്നത് അത്തരം കാഴ്ചപ്പാടിലൂടെയാണ്. ഹിന്ദുക്കള്‍ ഇവിടുത്തെ ഭൂരിപക്ഷം. ന്യൂനപക്ഷം വരത്തന്മാര്‍. വരത്തന്മാരെ പന്തലില്‍ ഇരുത്തി വിളമ്പേണ്ട. അവര്‍ക്ക് സദ്യ പന്തലിന് പുറത്ത്. ഇതാണ് മനസ്സിലിരിപ്പ്. പരിഷ്‌കൃത വിദ്യാഭ്യാസം ലഭിച്ച നമ്പൂതിരിയുടെയും നായന്മാരുടെയും ഒക്കെ മനസ്സില്‍ നിന്ന് ഇത്തരം ഹീനവിചാരങ്ങള്‍ പടിയിറങ്ങിപ്പോയതറിയാതെ ഭൂരിപക്ഷ ന്യൂനപക്ഷ വികാരം ഇളക്കി നഷ്ടപ്രതാപങ്ങള്‍ വീണ്ടെടുക്കാന്‍ പറ്റുമോ എന്നാലോചിക്കുന്നവരാണ് പെരുന്നയിലും ശിവഗിരിയിലും ഒക്കെ ഭരണം നടത്തുന്നത്.
ഹിന്ദുരാഷ്ട്രം എന്ന വാദത്തിന്റെ പിന്നിലുള്ള അപകടം അത് മറ്റു മതാനുയായികളെ രണ്ടാം തരം പൗരന്മാരായി തരം താഴ്ത്തുന്നു എന്നതാണ്. ഇതറിയാവുന്നതുകൊണ്ടാണ് ഗുരു പോലും അന്നത്തെ ഹിന്ദുമതത്തെ തീവ്രമായ വിമര്‍ശത്തിന് വിധേയമാക്കിയത്. മോഡിയുടെ ശിവിഗിരിപ്രസംഗം കേട്ടാല്‍ തോന്നുക, ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യനെന്ന് നാരായണ ഗുരു പറഞ്ഞതിന്റെ അര്‍ഥം ഒരു ജാതി എന്നാല്‍ ഈഴവ ജാതി, ഒരു മതമെന്നാല്‍ ഹിന്ദുമതം, ഒരു ദൈവം എന്നാല്‍ ബ്രാഹ്മണന്മാരുടെ ദൈവം എന്നാണ്. ഈഴവരും മറ്റധഃകൃത വിഭാഗങ്ങളും ഹിന്ദു സമൂഹത്തില്‍ ലയിച്ചുചേരണം എന്ന മോഡിയുടെ വാദഗതികള്‍ക്കുപോല്‍ബലകമായി ഉന്നയിച്ച ന്യായങ്ങള്‍ തീരെ ദുര്‍ലബമാണ്. കേരളത്തിലെ ഈഴവരില്‍ ഒരു ചെറിയ വിഭാഗം കഷ്ടിച്ച് നായരോടോ ക്രിസ്ത്യാനികളോടോ ഒപ്പം എത്തിയിട്ടുണ്ടെന്ന് വാദത്തിനു വേണ്ടി സമ്മതിച്ചാല്‍ തന്നെ ഇവിടുത്തെ ഭൂരിപക്ഷ ഹിന്ദുസമുദായ വിഭാഗങ്ങളില്‍ ഏറിയ പങ്കും മറ്റു പിന്നാക്ക ജാതി, പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളാണ്. ഇവരാകട്ടെ ഇപ്പോഴും പല ഗോത്രവര്‍ഗപാരമ്പര്യങ്ങളില്‍ വേരുകളുള്ള ഒരു തനതു സാംസ്‌കാരിക പാരമ്പര്യത്തിന്റെ അനന്തരാവകാശികളാണ് . മുഖ്യധാരാ ഹിന്ദുമതത്തിന്റെ സാംസ്‌കാരിക സ്രോതസ്സുകളേക്കാള്‍ ശക്തമാണ് ഇവരില്‍ പല വിഭാഗങ്ങളുടെയും പാരമ്പര്യ വേരുകള്‍. ഇവരുമായുള്ള ഒരു പങ്കുകച്ചവടത്തിനാണ് മോഡിയും സുകുമാരന്‍ നായരും വെള്ളാപ്പള്ളിയും ചേര്‍ന്ന് പ്ലാന്‍ ചെയ്തിരിക്കുന്നത്. ഈ കച്ചവടത്തിന്റെ ധാരണാപത്രമാണ് കഴിഞ്ഞ ദിവസം ശിവഗിരിയില്‍ ഒപ്പിട്ടിരിക്കുന്നത്. ഇത് ഉമ്മന്‍ ചാണ്ടിയും പിണറായി വിജയനും കരുതുന്നതുപോലെ അത്ര നിസ്സാരമല്ല. ശിവഗിരിയിലെ ചെളിക്കുണ്ടിലും താമരപൂ വിരിയും എന്ന് സംഘപരിവാര്‍ ശക്തികള്‍ മനസ്സിലാക്കിയിരിക്കുന്നു.
ഗുരുവിന്റെ മരണാനന്തരം അധികം താമസിയാതെ തന്നെ ശിവഗിരി തീവ്രമായ ജാതി ചിന്തയുടെ ഈറ്റില്ലമായി കഴിഞ്ഞിരുന്നു. ഗുരുദേവ ശിഷ്യനായിരുന്ന സ്വാമി ആനന്ദതീര്‍ഥന്‍ തന്റെ ജീവചരിത്രകാരനായിരുന്ന അന്തരിച്ച റവ. അബ്രഹാം അയിരുക്കുഴിയോട് ഈ കാര്യം വിവരിക്കുന്നുണ്ട്. ആനന്ദതീര്‍ഥന്റെ ജീവചരിത ഗ്രന്ഥം മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്തത് ഈ ലേഖകനായിരുന്നു. ഗുരു ശിഷ്യന്മാര്‍ എത്ര വലിയ ജാതിഭ്രാന്തന്മാരായിരുന്നു എന്നും അവരെങ്ങനെയാണ് ജന്മം കൊണ്ടു മാത്രം ബ്രാഹ്മണനായിരിക്കുകയും തിരിച്ചറിവുണ്ടായകാലം തൊട്ടു പൂണൂല്‍ പൊട്ടിച്ചെറിഞ്ഞ, കേരളത്തെ ഒരു ജാതിരഹിത സമൂഹമാക്കാന്‍ കഠിനാദ്ധ്വാനം ചെയ്യുകയും ചെയ്ത സ്വാമി ആനന്ദതീര്‍ഥനെ ശിവിഗിരിയില്‍ നിന്നു പുകച്ചു പുറത്തു ചാടിച്ചതെന്നും പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്.
1928 ആഗസ്ത് മൂന്നിന് ആയിരുന്നു സ്വാമി ആനന്ദതീര്‍ഥന്‍ ഗുരുവില്‍ നിന്നും സന്യാസ ദീക്ഷ സ്വീകരിച്ചത്. ഏതാണ്ട് ഒരു മാസം കഴിഞ്ഞപ്പോള്‍ ഗുരു മരിച്ചു. ഗുരുവിന്റെ ആദര്‍ശമായിരുന്ന ഒരു ജനത, ഒരു മതം ഒരു ദൈവം എന്ന ആശയം സ്വാമി ആനന്ദതീര്‍ഥനെ പ്രചോദിപ്പിച്ചിരുന്നു. അതു യാഥാര്‍ഥ്യമാക്കാന്‍ ആ ജീവിതം പൂര്‍ണമായും സമര്‍പ്പിച്ചു. സംഘത്തിന്റെ പ്രസിഡന്റായിരുന്ന സ്വാമി അച്യുതാനന്ദന്‍, സ്വാമി ആനന്ദതീര്‍ഥനെ തന്റെ പിന്‍ഗാമിയായി നാമനിര്‍ദേശം ചെയ്തു. പൂര്‍വാശ്രമത്തില്‍ ബ്രാഹ്മണനായിരുന്ന ഒരു വ്യക്തി ഈഴവനായി ജനിച്ച് ഈഴവനായി മരിച്ച ഗുരുദേവരുടെ അനന്തരാവകാശിയായി സ്ഥാനമേല്‍ക്കുന്നത് ഗുരുദര്‍ശനത്തെ ജാതിയുടെ സങ്കുചിതമായ വേലിക്കെട്ടിനുള്ളില്‍ നിന്നും സ്വതന്ത്രമാക്കാന്‍ സഹായമാകും എന്ന ചിന്തയായിരുന്നു സ്വാമി അച്യുതാനന്ദനെ അതിന് പ്രേരിപ്പിച്ചത്. ഗുരു സ്ഥാപിച്ച രണ്ട് പ്രസ്ഥാനങ്ങളായിരുന്നു നാരായണ ധര്‍മസംഘം എന്ന സന്യാസിമാരുടെ പ്രസ്ഥാനവും എസ് എന്‍ ഡി പി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഗുരുവിന്റെ അനുയായികളായ സാധാരണ ജനങ്ങളുടെ പ്രസ്ഥാനവും. (ശ്രീ നാരായണ ധര്‍മ പരിപാലന യോഗം) ഈ രണ്ട് പ്രസ്ഥാനങ്ങളും തുടക്കം മുതലേ ഏറ്റുമുട്ടലിലായിരുന്നു. സന്യാസിസംഘത്തില്‍ ഗുരുവില്‍ നിന്നും നേരിട്ട് സന്യാസം സ്വീകരിച്ച വിവിധ ജാതിക്കാരായ സന്യാസിമാരുള്‍പ്പെട്ടിരുന്നു. എസ് എന്‍ ഡി പി ആകട്ടെ ഈഴവ സമുദായത്തില്‍ പെട്ട സാധാണ ജനങ്ങളുടെ ഒരു സാമൂഹിക രാഷ്ട്രീയ പ്രസ്ഥാനമായി മാറുകയായിരുന്നു. മതപരവും വിദ്യാഭ്യാസപരവും ആയ ഒട്ടേറെ സ്ഥാപനങ്ങളുടെയും സ്വത്തുക്കളുടെയും മേല്‍ നിയന്ത്രണമുള്ള എസ് എന്‍ ഡി പി യോഗം ഗുരുവിന്റെ പ്രസ്ഥാനത്തെ ജാതിരഹിത സമൂഹം എന്ന ഗുരുവിന്റെ സ്വപ്‌നത്തിന് എതിരായ ദിശയിലേക്ക് തിരിച്ചുവിട്ട് കേവലം ഒരു ഈഴവ പ്രസ്ഥാനമായി മാറുമെന്ന ആശങ്ക സന്യാസി സംഘത്തിലെ പല പ്രമുഖരേയും അലട്ടിയിരുന്നു. ധര്‍മ സംഘത്തിന് നിയന്ത്രണമുള്ള എസ് എന്‍ ഡി പി യോഗം നാരായണ ഗുരുവന്റെ സ്വപ്‌നത്തിനെതിരായ ദിശയിലേക്കു തിരിച്ചുവിട്ട് കേവലം ഒരു ഈഴവപ്രസ്ഥാനമാക്കി മാറ്റുമെന്ന ആശങ്ക സന്യാസി സംഘത്തിലെ പല പ്രമുഖരേയും അലട്ടിയിരുന്നു.
ഈ സംഘര്‍ഷത്തിന്റെ മധ്യത്തിലാണ് യോഗത്തിന്റെ മാത്രമല്ല സന്യാസി സംഘത്തിന്റെയും നടത്തിപ്പില്‍ തങ്ങള്‍ക്കു നിര്‍ണായക പങ്ക് വേണമെന്ന ആവശ്യം യോഗം നടത്തിപ്പുകാരായ ശ്രീ നാരായണീയര്‍ മുന്നോട്ട് വെക്കുന്നത്. തങ്ങള്‍ നിര്‍ദേശിക്കുന്ന ഒരു പാനലില്‍ നിന്നും വേണം മഠാധിപതിയെ തിരഞ്ഞെടുക്കേണ്ടത് എന്ന ആവശ്യം യോഗം ഭാരവാഹികള്‍ സന്യാസ സംഘത്തിന് മുന്നില്‍ വെച്ചു. സന്യാസി സംഘത്തിന്റെ സെക്രട്ടറി ആയിരുന്ന ശ്രീനാരായണ തീര്‍ഥന്‍ ഉള്‍പ്പെടെ ചില സന്യാസിമാരെ സ്വാധീനിക്കാന്‍ യോഗത്തിന് കഴിഞ്ഞു. ഇവരൊക്കെ ചേര്‍ന്നു സ്വാമി ആനന്ദതീര്‍ഥരില്‍ ബ്രാഹാമണ്യം എന്ന ദോഷം ആരോപിച്ചുകൊണ്ട് അദ്ദേഹത്തെ ശിവഗിരി മഠാധിപതിയും സന്യാസി സംഘത്തിന്റെ പ്രസിഡന്റും ആക്കാനുള്ള നീക്കത്തെ ചോദ്യം ചെയ്തു. സംഘത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ശിവഗിരി സന്യാസിമാര്‍ അനധികൃതമായി ഇടപെടുന്ന യോഗ നടപടിയെ സ്വാമി ആനന്ദതീര്‍ഥ കോടതിയില്‍ ചോദ്യം ചെയ്തു. ഇതിനകം രോഗശയ്യ പ്രാപിച്ചിരുന്ന സ്വാമി അച്യുതാനന്ദന്‍ ആനന്ദതീര്‍ഥനെ മഠാധിപതിയാക്കാനുള്ള തീരുമാനത്തില്‍ ഉറച്ചുനിന്നു. എന്നാല്‍ ബ്രാഹ്മണനായ ആനന്ദതീര്‍ഥനെ ഒരു കാരണവശാലും മഠാധിപതിയാകാന്‍ അനുവദിക്കില്ലെന്നായിരുന്നു ജാതിക്കുശുമ്പില്‍ നിന്നും വിമുക്തരാകാത്ത യോഗം ഭാരവാഹികളുടെ ശാഠ്യം. സന്യാസി സംഘത്തിന്റെ സെക്രട്ടറി ആയി പ്രവര്‍ത്തിക്കുന്ന നാരായണതീര്‍ഥരുടെ പിന്തുണയും ഈ വിഭാഗത്തിനുണ്ടായിരുന്നു. നിയമയുദ്ധം ആനന്ദതീര്‍ഥര്‍ക്കനുകൂലമായേക്കുമെന്ന ഘട്ടം വന്നപ്പോള്‍ എതിരാളികള്‍ ഒരു ബലപ്രയോഗത്തിന് തന്നെ തയ്യാറായി. അവര്‍ ആനന്ദതീര്‍ഥന്റെ മുറിയില്‍ അതിക്രമിച്ചു കടന്ന് അദ്ദേഹത്തെ വലിച്ചിഴച്ചു പുറത്തുചാടിച്ചു. അദ്ദേഹത്തെ മഠാധിപതിയായി നാമനിര്‍ദേശം ചെയ്തുകൊണ്ടുള്ള രേഖ പിടിച്ചെടുക്കാന്‍ ശ്രമിച്ചു. വൃദ്ധനും നിസ്സഹായനുമായ സ്വാമി അച്യുതാനന്ദനു ആനന്ദതീര്‍ഥരെ സംരക്ഷിക്കാനാകാതെ വന്നു. അദ്ദേഹം പകരം നിയമിച്ച സുഗദാനന്ദനും സംഘത്തിലെ ജാതി ലോബിക്കു സ്വീകാര്യനായില്ല.
സ്വാമി അച്യുതാനന്ദന്റെ മരണാനന്തരം ശ്രീ നാരായണതീര്‍ഥരും അയാളുടെ ഗ്രൂപ്പും ചേര്‍ന്ന് സ്വാമി ശങ്കരാനന്ദനെ പുതിയ അധ്യക്ഷനായി തിരഞ്ഞെടുത്തു. സ്വാമി ആനന്ദതീര്‍ഥന്‍ തുടങ്ങിവെച്ച വ്യവഹാരം, 1959ലെ കോടതി വിധി അദ്ദേഹത്തിന് അനുകൂലമായി ഉണ്ടായതോടെ പര്യവസാനിച്ചു. മതസ്ഥാപനങ്ങള്‍, മറ്റു സ്വത്തുക്കള്‍ തുടങ്ങിയവയുടെ നടത്തിപ്പ് സ്വാമി ആനന്ദതീര്‍ഥര്‍ പ്രസിഡന്റെന്ന നിലയില്‍ പുതുതായി രൂപവത്കരിച്ച ശ്രീനാരായണ ധര്‍മ ട്രസ്റ്റ് എന്ന പൊതുസ്ഥാപനത്തിന്റെ കീഴില്‍ നിര്‍വഹിക്കപ്പെടണമെന്നായിരുന്നു കോടതിവിധി. ട്രസ്റ്റിന്റെ നിയമാനുസൃത പ്രസിഡന്റായി ആനന്ദ തീര്‍ഥനു തുടരാമായിരുന്നു. പക്ഷേ ഒരു പ്രബല വിഭാഗത്തിന്റെ എതിര്‍പ്പിനെ അവഗണിച്ച് അങ്ങനെ ചെയ്യുന്നതില്‍ അദ്ദേഹം തത്പരനായിരുന്നില്ല. 1959 ഡിസംബറില്‍ അദ്ദേഹം ട്രസ്റ്റിന്റെ പ്രസിഡന്റ് സ്ഥാനത്തുനിന്നും രാജി വെച്ചു. ജാതിക്കുശുമ്പ് സവര്‍ണരുടെ മനസ്സില്‍ നിന്ന് എന്ന പോലെ അവര്‍ണ വിഭാഗത്തില്‍ നിന്നും മാറ്റേണ്ടതുണ്ട് എന്ന് ആനന്ദതീര്‍ഥനു ബോധ്യപ്പെട്ടു.
പഴയ മാതൃകകളെ കൂടുതല്‍ വികൃതമായി പുന:സൃഷ്ടിക്കാനല്ലാതെ പുതിയ മാതൃകകള്‍ രൂപപ്പെടുത്താനോ ഒരു ജാതിരഹിത മതേതര സമൂഹം എന്ന തലത്തിലേക്കുയരാനോ കേരളീയ സമൂഹം പാകമായിട്ടില്ലെന്ന ദുഖഃഭാരത്തോടെയാണ് സ്വാമി ആനന്ദതീര്‍ഥന്‍ ശിവിഗിരിയോട് വിട പറഞ്ഞു പയ്യന്നൂര്‍ക്ക് തിരിച്ചത്. പയ്യന്നൂരെത്തിയ അദ്ദേഹം അവിടെ കേന്ദ്രീകരിച്ചുകൊണ്ട് അവശരും ആര്‍ത്തരും ആലംബഹീനരുമായ തെരുവു കുട്ടികളെ ദത്തെടുത്ത് അവര്‍ക്ക് ഉന്നത വിദ്യാഭ്യാസം നല്‍കുകയും നൂറുകണക്കിന് പാവപ്പെട്ട യുവാക്കളെ ജീവിതത്തിന്റെ മുഖ്യധാരയിലേക്കു കൊണ്ടുവരികയും ചെയ്തു.
ശിവഗിരിയില്‍ ചീഞ്ഞുനാറുന്ന ജാതിചിന്തയുടെ ദുര്‍ഗന്ധം ആദ്യം തിരിച്ചറിഞ്ഞത് ആനന്ദതീര്‍ഥരായിരുന്നു. നരേന്ദ്ര മോഡി എന്ന വി ഐ പിയുടെ പ്രവേശത്തോടെ ശ്രീനാരായണ പ്രസ്ഥാനത്തെ മൊത്തം റാഞ്ചിയെടുക്കാന്‍ പാകത്തിലുള്ള ഏര്‍പ്പാടുകളാണ് കാവി രാഷ്ട്രീയത്തിന്റെ അകത്തളങ്ങളില്‍ സജ്ജമായിക്കൊണ്ടിരിക്കുന്നത് എന്ന കാര്യം മുഖ്യാധാരാ രാഷ്ട്രീയകക്ഷികളും മറ്റു പിന്നാക്ക വിഭാഗങ്ങളും മനസ്സിലാക്കണം.