Connect with us

Kerala

ഷോളയാറില്‍ നിന്ന് കേരളത്തിന് വെള്ളം നല്‍കും

Published

|

Last Updated

പാലക്കാട്:ഷോളയാറില്‍ നിന്ന് കേരളത്തിന് തമിഴ്‌നാട് കുടിവെള്ളത്തിന് 0.3 ടി എം സി വെള്ളം വിട്ടുനല്‍കും. ഇന്നലെ പാലക്കാട് ചേര്‍ന്ന സംയുക്ത ജലക്രമീകരണ ബോര്‍ഡ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. ഏപ്രില്‍ 28ന് ചേര്‍ന്ന കേരള-തമിഴ്‌നാട് മന്ത്രിതല യോഗത്തിന്റെ തുടര്‍ച്ചയായിട്ടായിരുന്നു ഇന്നലത്തെ യോഗം.
ഷോളയാര്‍ ഡാമില്‍ നിലവില്‍ 0.7 ടി എം സി വെള്ളമാണുള്ളത്. ഇതില്‍ ലൈവ് സ്റ്റോറേജായുള്ളതാണ് 0.3 ടി എം സി. ഇതുപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിച്ച ശേഷമാണ് തമിഴ്‌നാട് കേരളത്തിന് വെള്ളം നല്‍കുക. ഈ വെള്ളം ഈ മാസം 18 വരെ നല്‍കാനേ തമിഴ്‌നാട് സമ്മതിച്ചിട്ടുള്ളൂ. ഇതിനു ശേഷവും വെള്ളം വേണമെന്ന കേരളത്തിന്റെ ആവശ്യത്തില്‍ സര്‍ക്കാറുമായി ആലോചിച്ച ശേഷമേ മറുപടി നല്‍കാനാകൂവെന്ന് തമിഴ്‌നാട് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കേരളം കുടിവെള്ള ക്ഷാമം നേരിടുന്ന പശ്ചാത്തലത്തിലാണ് 0.3 ടി എം സി നല്‍കുന്നതെന്നും തമിഴ്‌നാട് വ്യക്തമാക്കി.
ഷോളയാര്‍ ഡാമില്‍ ഡെഡ് സ്റ്റോറേജായി 0.4 ടി എം സി വെള്ളമുണ്ട്. ഇതില്‍ നിന്നും വെള്ളം നല്‍കണമെന്ന ആവശ്യവും കേരളം മുന്നോട്ടുവെച്ചു. ഇക്കാര്യത്തെക്കുറിച്ചും തമിഴ്‌നാട് സര്‍ക്കാറിനെ രേഖാമൂലം അറിയിക്കണമെന്ന് തമിഴ്‌നാട് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കേരളത്തിന്റെ രണ്ട് ആവശ്യങ്ങളും തമിഴ്‌നാട് സര്‍ക്കാറിനെ അറിയിച്ചതിനു ശേഷം ഈ മാസം അവസാന വാരത്തിലോ ജൂണ്‍ ആദ്യമോ സംയുക്ത ജലക്രമീകരണ ബോര്‍ഡ് യോഗം വീണ്ടും ചേരും. ഏപ്രില്‍ 28ന് തിരുവനന്തപുരത്ത് ചേര്‍ന്ന മന്ത്രിതല യോഗത്തില്‍ ആളിയാര്‍, ശിരുവാണി ജലവിഹിതങ്ങള്‍ സംബന്ധിച്ച് ധാരണയായിരുന്നു. കേരളത്തിന്റെ നിയന്ത്രണത്തിലുള്ള ശിരുവാണി അണക്കെട്ടില്‍ നിന്ന് തമിഴ്‌നാടിന് കൃഷിയാവശ്യത്തിനായി ഇപ്പോള്‍ കൂടുതല്‍ വെള്ളം വിട്ടുനല്‍കുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട് ആളിയാറില്‍നിന്നുള്ള വെള്ളം കേരളത്തിനും വിട്ടുനല്‍കുന്നുണ്ട്.
ഈ രണ്ട് കാര്യങ്ങളിലും തീരുമാനത്തിലെത്തിയെങ്കിലും ഷോളയാറില്‍ നിന്നുള്ള വെള്ളത്തെപ്പറ്റി ധാരണയിലെത്താന്‍ മന്ത്രിതല യോഗത്തില്‍ കഴിഞ്ഞിരുന്നില്ല. ഷോളയാര്‍ വെള്ളത്തെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ സംയുക്ത ജലക്രമീകരണ ബോര്‍ഡ് യോഗം വിളിക്കാന്‍ മന്ത്രിതല യോഗത്തിലാണ് തീരുമാനമായത്.
സംയുക്ത ജലക്രമീകരണ ബോര്‍ഡ് ചെയര്‍പേഴ്‌സന്‍ കൂടിയായ കേരളത്തിന്റെ ചീഫ് എന്‍ജിനീയര്‍ പി ലതിക, കേരള വൈദ്യുതി ബോര്‍ഡ് ചീഫ് എന്‍ജിനീയര്‍ വി വിശ്വനാഥന്‍ നായര്‍ എന്നിവര്‍ കേരളത്തെയും തമിഴ്‌നാട് അന്തര്‍സംസ്ഥാന നദീജല ചീഫ് എന്‍ജിനീയര്‍ കെ രംഗനാഥന്‍, തമിഴ്‌നാട് വൈദ്യുതി ബോര്‍ഡംഗം തങ്കരാജ്, പി ഡബ്ല്യു ഡി സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ തിരുപ്പതി എന്നിവര്‍ തമിഴ്‌നാടിനെയും യോഗത്തില്‍ പ്രതിനിധാനം ചെയ്തു.