Kerala
ഇന്ന് ലോക തലാസീമിയ ദിനം: തലാസീമിയ രോഗികള്‍ക്കുള്ള ധന സഹായം വൈകുന്നു
കോഴിക്കോട്:ലോകം ഇന്ന് തലാസീമിയ ദിനം ആചരിക്കുമ്പോള്‍ രോഗികള്‍ക്കായി ഗവണ്‍മെന്റ് പ്രഖ്യാപിച്ച സഹായം നീളുന്നു. കാരുണ്യ ബനവലന്റ് ഫണ്ടില്‍ ഉള്‍പ്പെടുത്തി രോഗികള്‍ക്കാവശ്യമായ മരുന്ന് കാരുണ്യ ഫാര്‍മസി വഴി സ്മാര്‍ട്ട് കാര്‍ഡ് ഉപയോഗിച്ച് വിതരണം ചെയ്യുമെന്ന് സര്‍ക്കാര്‍ രണ്ട് മാസങ്ങള്‍ക്ക് മുമ്പ് ഉത്തരവിറക്കിയെങ്കിലും സഹായം രോഗികള്‍ക്ക് ഇതുവരെ ലഭിച്ചു തുടങ്ങിയിട്ടില്ല.
ഓരോ രോഗിക്കും നല്‍കുന്ന രണ്ട് ലക്ഷം രൂപയുടെ സ്മാര്‍ട്ട് കാര്‍ഡിലൂടെ ആവശ്യമായ മരുന്നുകള്‍ കാരുണ്യ ഫാര്‍മസിയിലൂടെ വാങ്ങാമെന്നതാണ് ഈ പദ്ധതി. എന്നാല്‍ രണ്ട് ലക്ഷം രൂപ കൊണ്ട് ഏകദേശം ഒരു വര്‍ഷത്തേക്കുള്ള മരുന്ന് മാത്രമേ വാങ്ങാന്‍ കഴിയൂ. ഒരു ദിവസത്തെ മരുന്നിന് മുന്നൂറ് രൂപ മുതല്‍ അഞ്ഞൂറ് രൂപ വരെ ചെലവ് വരും.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഇത്തരത്തിലുള്ള രക്തജന്യരോഗങ്ങള്‍ക്ക് മാത്രമായി ഹെമറ്റോ, ഓങ്കോളജി വിഭാഗം ആരംഭിക്കണമെന്ന് ഡോക്ടര്‍മാരും രോഗികളും നിരന്തരമായി ആവശ്യമുന്നയിക്കുന്നുണ്ട്. ഈ വിഭാഗത്തില്‍ പെടുന്ന രോഗികളെ ചികിത്സിക്കാനായി പ്രത്യേകം ഡോക്ടര്‍മാരെ നിയമിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
ഡോക്ടര്‍മാരുടെയും രോഗികളുടെയും ഈ അഭ്യര്‍ഥനകള്‍ സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയുടെ ഒരു വാര്‍ഡില്‍ തന്നെയാണ് തലാസീമിയ രോഗം ബാധിച്ചവരേയും ചികിത്സിക്കുന്നത്. പലപ്പോഴും രോഗികള്‍ക്ക് പോലും കിടക്കകള്‍ ഉണ്ടാകില്ല. രോഗികള്‍ നിന്നുകൊണ്ടുവരെ രക്തം സ്വീകരിക്കേണ്ട സ്ഥിതിയുമാണ് ഇവിടെയുള്ളത്. സര്‍ക്കാര്‍ ഇവര്‍ക്കു നല്‍കുന്ന ഏകസഹായം സൗജന്യമായി രക്തം നല്‍കുന്നത് മാത്രമാണ്.
എന്നാല്‍ നല്‍കുന്ന രക്തത്തിന്റെ സുരക്ഷ ഉറപ്പാക്കല്‍ ഒരു വിഷയമായി നില്‍ക്കുന്നുമുണ്ട്. മാനന്തവാടിയിലെ തലാസീമിയ ബാധിച്ച പെണ്‍കുട്ടിക്ക് കഴിഞ്ഞ ജൂലൈയിലാണ് എച്ച് ഐ വി സ്ഥിരീകരിച്ചത്. കുട്ടിക്ക് രക്തം സ്വീകരിച്ചതു വഴിയാണ് എച്ച് ഐ വി ശരീരത്തിലെത്തിയതെന്നാണ് ബന്ധുക്കളും നാട്ടുകാരും അഭിപ്രായപ്പെടുന്നത്.
ഇത്തരം വീഴ്ചകള്‍ ആവര്‍ത്തിക്കാതിരിക്കാനും രോഗികള്‍ക്ക് സൗജന്യമായി നല്‍കുന്ന രക്തത്തിന്റെ സുരക്ഷ ഉറപ്പാക്കാനും ശക്തമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കേണ്ടതുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഇപ്പോള്‍ 60ല്‍ പരം തലാസീമിയ രോഗികളാണ് ചികിത്സക്കെത്തുന്നത്.
ജീനുകളിലൂടെ വന്നുപെടുന്ന മാരക രോഗമാണ് തലാസീമിയ. ഇന്ത്യയില്‍ മൂന്നുകോടി ജനങ്ങള്‍ ഈ രോഗത്തിനു കാരണമായ ജീന്‍ വാഹകരാണ്. ഇവരെ ഒരു തരത്തിലും അസുഖം ബാധിക്കുന്നില്ലെങ്കിലും രണ്ട് തലാസീമിയ വാഹകര്‍ വിവാഹിതരായാല്‍ അവര്‍ക്കുണ്ടാകുന്ന 25 ശതമാനം കുഞ്ഞുങ്ങളെ ഈ മാരക രോഗം ബാധിക്കാം. കൃത്യമായ പോപ്പുലേഷന്‍ സ്‌ക്രീനിഗിലൂടെ മാത്രമേ ഈ രോഗത്തെ പൂര്‍ണമായും ഇല്ലാതാക്കാന്‍ കഴിയുകയുള്ളൂ.
പല വിദേശ രാഷ്ട്രങ്ങളിലും പോപ്പുലേഷന്‍ സ്‌ക്രീനിംഗിലൂടെ ഈ രോഗത്തെ പൂര്‍ണമായും ഇല്ലാതാക്കിയിട്ടുണ്ട്. എന്നാല്‍ കേരളത്തില്‍ ഇത്തരം പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ഒരു നീക്കവും നടക്കുന്നില്ല.