National
കല്‍ക്കരി: സി ബി ഐ കൂട്ടിലടച്ച തത്തയെന്ന് സുപ്രിം കോടതി
ന്യൂഡല്‍ഹി: കല്‍ക്കരി വിഷയത്തില്‍ സര്‍ക്കാറിനും സിബിഐക്കും സുപ്രീംകോടതിയുടെ വിമര്‍ശനം. സിബിഐ കൂട്ടിലിട്ട തത്തയാണെന്നും മന്ത്രിമാര്‍ക്ക് സിബിഐ അന്വേഷണത്തില്‍ ഇടപെടാനാകില്ലെന്നും സുപ്രീംകോടതി. പല യജമാനന്‍മാര്‍ പറയുന്നതുപോലെ പ്രവര്‍ത്തിക്കുകയാണ് സിബിഐ. സിബിഐയെ സ്വതന്ത്രമാക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും ഇല്ലെങ്കില്‍ ഇടപെടുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.കല്‍ക്കരിപ്പാടം അഴിമതി സംബന്ധിച്ച സിബിഐയുടെ റിപ്പോര്‍ട്ട് മന്ത്രിയും ഉദ്യോഗസ്ഥരും ഇടപെട്ട് തിരുത്തിയെന്ന സംഭവത്തില്‍ സിബിഐ സമര്‍പ്പിച്ച സത്യവാങ്മൂലം പരിഗണിക്കുകയായിരുന്നു കോടതി. അറ്റോര്‍ണി ജനറല്‍ ജി.ഇ വഹാന്‍വതിയെയും മുന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹാരേണ്‍ പി റാവലിനെയും കോടതി വിമര്‍ശിച്ചു. രാഷ്ട്രീയക്കാരുമായി സിബിഐ റിപ്പോര്‍ട്ട് പങ്കുവെച്ചതുവഴി ഇവര്‍ കോടതിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു.നേരത്തെ റിപ്പോര്‍ട്ട് ആരുമായും പങ്കുവെച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടിലെ ഉള്ളടക്കം അറിയില്ലെന്നുമായിരുന്നു ഇരുവരും കോടതിയില്‍ നേരത്തെ വ്യക്തമാക്കിയിരുന്നത്. ഇക്കാര്യം പരാമര്‍ശിച്ചായിരുന്നു കോടതിയുടെ വിമര്‍ശനം. ജസ്റ്റീസ് ആര്‍.എം ലോധ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്.നിയമമന്ത്രിയും പ്രധാനമന്ത്രിയുടെയും കല്‍ക്കരി മന്ത്രാലയത്തിലെയും ഉദ്യോഗസ്ഥരും റിപ്പോര്‍ട്ടില്‍ ഭേദഗതി വരുത്തിയെന്നായിരുന്നു സിബിഐ മേധാവി രഞ്ജിത് സിന്‍ഹ സമര്‍പ്പിച്ച ഒന്‍പതു പേജുളള സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നത്.