Connect with us

Kozhikode

എം പി വീരേന്ദ്രകുമാറിനെതിരെ രൂക്ഷ വിമര്‍ശവുമായി മുന്‍ എം എല്‍ എ പ്രേംനാഥ്

Published

|

Last Updated

വടകര: സോഷ്യലിസ്റ്റ് ജനത സംസ്ഥാന അധ്യക്ഷന്‍ എം പി വീരേന്ദ്രകുമാറിനെതിരെ മുന്‍ എം എല്‍ എ പ്രേംനാഥ് പൊട്ടിത്തെറിച്ചു. തന്നെ ബോംബെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചത് സ്വന്തം പാര്‍ട്ടിയില്‍ പെട്ടവരാണെന്നാണ് പ്രേംനാഥ് വെളിപ്പെടുത്തിയത്.

പ്രമുഖ സോഷ്യലിസ്റ്റും സ്വാതന്ത്ര്യസമര സേനാനിയുമായ മണിയാങ്കണ്ടി ഭാസ്‌കരന്‍ ഗുരുക്കളുടെ ഒന്നാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ടാണ് വീരേന്ദ്രകുമാറിനെതിരെ പ്രേംനാഥ് തുറന്നടിച്ചത്.
ടി പി ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് വടകരയില്‍ ഉപവാസം നടത്തിയ വീരേന്ദ്രകുമാറിന് പാര്‍ട്ടിക്കാരനായ തന്നെ വധിക്കാന്‍ ബോംബെറിഞ്ഞപ്പോള്‍ എന്താണ് സംഭവിച്ചതെന്ന് ചോദിക്കാനുള്ള മാന്യത പോലും കാട്ടിയിട്ടില്ലെന്നും പ്രേംനാഥ് പറഞ്ഞു. ആഭ്യന്തര മന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിട്ടും ഒരന്വേഷണവും നടന്നില്ല.
അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനായ താന്‍ പാര്‍ട്ടി വേദികളില്‍ മാത്രമേ അഭിപ്രായം പറയാറുള്ളൂ. തിരഞ്ഞെടുപ്പിലൂടെ പാര്‍ട്ടി ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട തന്നെ തത്സ്ഥാനത്തുനിന്നും മാറ്റിയതിനും നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ തന്റെ തോല്‍വിയെപ്പറ്റി അന്വേഷിച്ച ആലുങ്കല്‍ ദേവസ്യ കമ്മീഷന്‍ കുറ്റക്കാരെന്ന് കണ്ടെത്തിയവര്‍ക്കെതിരെ നടപടിയെടുക്കാത്തതിനും വീരേന്ദ്രകുമാര്‍ മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സോഷ്യലിസ്റ്റുകളുടെ ഐക്യത്തിന് വേണ്ടി ശ്രമിക്കുന്നതിന്റെ ഭാഗമായി എറണാകുളത്ത് സോഷ്യലിസ്റ്റ് പഠനകേന്ദ്രത്തിന്റെ പേരില്‍ യോഗം ചേര്‍ന്നതിനാണ് തന്നെ കാരണം കാണിക്കല്‍ നോട്ടീസ് പോലും നല്‍കാതെ ഭാരവാഹിത്വത്തില്‍ നിന്നും മാറ്റിയതെന്ന് മുന്‍ സീനിയര്‍ വൈസ് പ്രസിഡന്റായ പ്രേംനാഥ് പറഞ്ഞു.
കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പ് സമയത്ത് ആശയത്തിന്റെ പേരിലല്ല പാര്‍ട്ടി മുന്നണി വിട്ടത്. കോഴിക്കോട് സീറ്റ് പാര്‍ട്ടിയുടെ അഭിമാനപ്രശ്‌നമാണെങ്കിലും ഇതേ തുടര്‍ന്ന് വീരേന്ദ്രകുമാറിനെ ഒറ്റപ്പെടുത്താന്‍ ശ്രമമുണ്ടായപ്പോഴാണ് ഒപ്പം നിന്നത്. അഴിമതിയില്‍ മുങ്ങിക്കുളിച്ച കോണ്‍ഗ്രസിന് വേണ്ടി പണിയെടുക്കുന്ന വീരേന്ദ്രകുമാര്‍, ജനങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയാത്ത വിലക്കയറ്റത്തെപ്പറ്റി മിണ്ടുന്നില്ല. സോഷ്യലിസ്റ്റുകള്‍ പടുത്തുയര്‍ത്തിയ പ്രസ്ഥാനത്തെ സ്വാര്‍ഥ താത്പര്യത്തിന് വേണ്ടി വീരേന്ദ്രകുമാര്‍ തകര്‍ത്തുകൊണ്ടിരിക്കുകയാണെന്നും പ്രേംനാഥ് കുറ്റപ്പെടുത്തി.
എ പി ജയപ്രകാശ് അധ്യക്ഷത വഹിച്ചു. ഇ പി ദാമോദരന്‍ മാസ്റ്റര്‍, എം ബാലകൃഷ്ണന്‍, കണ്ടിയില്‍ വിജയന്‍മാസ്റ്റര്‍, ടി എന്‍ കെ ശശീന്ദ്രന്‍, കെ കലാജിത്ത്, പി നാണുമാസ്റ്റര്‍ പ്രസംഗിച്ചു. വി പി ലിനീഷ് സ്വാഗതവും ഷജില്‍ നന്ദിയും പറഞ്ഞു.

 

Latest