Connect with us

Sports

ഡേവിഡ് മോയസ് യുനൈറ്റഡിന്റെ പുതിയ കോച്ച് ?

Published

|

Last Updated

ലണ്ടന്‍: മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ പുതിയ പരിശീലകനായി എവര്‍ട്ടന്‍ കോച്ച് ഡേവിഡ് മോയസിനെ പ്രഖ്യാപിച്ചേക്കും. 24 മണിക്കൂറിനുള്ളില്‍ പ്രഖ്യാപനം വന്നേക്കുമെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. റയല്‍മാഡ്രിഡ് കോച്ച് ജോസ് മൗറിഞ്ഞോയുടെ പേരും അഭ്യൂഹമായി നില്‍ക്കുന്നുണ്ടെങ്കിലും ഫെര്‍ഗൂസനെ പോലെ സ്‌കോട്ടിഷ് ആയ മോയസിന് തന്നെയാണ് വലിയ സാധ്യത. എവര്‍ട്ടനില്‍ പത്ത് വര്‍ഷം പൂര്‍ത്തിയാക്കിയ ഡേവിഡ് മോയസ്, അലക്‌സ് ഫെര്‍ഗൂസനും ആര്‍സെന്‍ വെംഗറും കഴിഞ്ഞാല്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കൂടുതല്‍ കാലം ഒരു ക്ലബ്ബിനൊപ്പം തുടര്‍ന്ന പരിശീലകനാണ്.

കുറഞ്ഞ സാമ്പത്തിക ബജറ്റില്‍ നിന്നു കൊണ്ട് എവര്‍ട്ടനെ പ്രീമിയര്‍ ലീഗില്‍ നിലനിര്‍ത്തിയതാണ് ഡേവിഡ് മോയസിന്റെ പ്രസക്തി. അലക്‌സ് ഫെര്‍ഗൂസന്‍ പോയ ദശാബ്ദത്തിലെ മികച്ച പ്രീമിയര്‍ ലീഗ് പരിശീലകനായി കരുതുന്നത് ഡേവിഡ് മോയസിനെയാണ്. എവര്‍ട്ടനില്‍ മോയസ് പത്ത് വര്‍ഷം തികച്ച വേളയിലായിരുന്നു ഫെര്‍ഗൂസന്റെ ആ വിലമതിക്കുന്ന അഭിനന്ദനം.
മറ്റ് പ്രീമിയര്‍ ലീഗ് മാനേജര്‍മാരുമായി മികച്ച ബന്ധം പുലര്‍ത്തുന്ന മോയസ് വിവാദങ്ങളില്‍ നിന്ന് അകന്നുനില്‍ക്കാന്‍ താത്പര്യപ്പെടുന്ന വ്യക്തിയാണ്. മോയസിന് കീഴില്‍ എവര്‍ട്ടന്റെ ഡ്രസിംഗ് റൂമിലും വലിയ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടില്ല. 2002 ല്‍ എവര്‍ട്ടനെ ഏറ്റെടുത്ത ആദ്യ സീസണില്‍ മാത്രമാണ് മങ്ങിയ പ്രകടനം. കഴിഞ്ഞ രണ്ട് സീസണിലും ഏഴാം സ്ഥാനത്തായിരുന്നു. 2004 -05 ല്‍ നാലാം സ്ഥാനത്തെത്തിയത് ശ്രദ്ധേയമായി. 2006 മുതല്‍ തുടരെ മൂന്ന് വര്‍ഷം ആദ്യ അഞ്ചില്‍ എവര്‍ട്ടന്‍ ഇടം നേടി. യുവേഫ കപ്പ്, ചാമ്പ്യന്‍സ് ലീഗ്, യൂറോപ ലീഗ് എന്നീ പ്രധാന യൂറോപ്യന്‍ ടൂര്‍ണമെന്റുകളില്‍ എവര്‍ട്ടനെയെത്തിച്ചതും മോയസിന്റെ പരിശീലന മിടുക്കായിരുന്നു.
ജോസ് മൗറിഞ്ഞോയുടെ പേരും ഉയര്‍ന്നു കേള്‍ക്കുന്നുണ്ടെങ്കിലും വിവാദങ്ങളെ പിന്തുടരുന്നത് പോര്‍ച്ചുഗീസ് കോച്ചിന് തിരിച്ചടിയാണ്. റയലില്‍ കസിയസ് വിഷയത്തില്‍ കളിക്കാരുമായി മൗറിഞ്ഞോ ഉടക്കി നില്‍ക്കുകയാണ്.
ക്ലബ്ബ് പ്രസിഡന്റ് ഐക്യപ്പെടാന്‍ ആഹ്വാനം ചെയ്തതിനെയും മൗറിഞ്ഞോ തള്ളിയിരിക്കുകയാണ്. ആരുടെയും നിര്‍ദേശം തനിക്കാവശ്യമില്ല. റയലിന്റെ കോച്ച് താനാണെങ്കില്‍ ടീം ഇലവനെ പ്രഖ്യാപിക്കുന്നതും താന്‍ തന്നെയാകുമെന്ന് വിമര്‍ശകര്‍ക്ക് മറുപടി കൊടുക്കുകയും ചെയ്തു മൗറിഞ്ഞോ. മാഞ്ചസ്റ്ററിന്റെ ബോര്‍ഡ് അംഗം ബോബി ചാള്‍ട്ടന്‍ മൗറിഞ്ഞോയുടെ പെരുമാറ്റം ബ്രിട്ടീഷ് സംസ്‌കാരത്തിന് ചേരാത്തതാണെന്ന് വിശ്വസിക്കുന്ന കൂട്ടത്തിലാണ്.