Kerala
നിയന്ത്രണങ്ങളില്ല; സുരക്ഷക്കായുള്ള ക്യാമറകളും ദുരുപയോഗം ചെയ്യുന്നു

കൊച്ചി:സുരക്ഷക്കായി ഉപയോഗിക്കുന്ന ക്യാമറകളുടെ ദുരുപയോഗം വര്‍ധിക്കുന്നു. സുരക്ഷയുടെ പേരില്‍ വ്യാപാര വ്യവസായ സ്ഥാപനങ്ങളിലും ഹോട്ടലുകളിലും ഉപയോഗിക്കുന്ന ക്യാമറകള്‍ക്ക് യാതൊരു വിധത്തിലുള്ള നിയന്ത്രണങ്ങളും ഏര്‍പ്പെടുത്താന്‍ ഇതുവരെ അധികൃതര്‍ക്ക് കഴിയാത്തതാണ് അവയുടെ ദുരുപയോഗം വര്‍ധിക്കാനുള്ള കാരണമയായി ചൂണ്ടി ക്കാണിക്കപ്പെടുന്നത്.
ഒളിക്യാമറകളുടെ ചതിയില്‍ ഏറ്റവും ഒടുവില്‍ വന്ന വാര്‍ത്ത കഴിഞ്ഞ ദിവസം കോഴിക്കോട് അറസ്റ്റിലായ ഹോട്ടല്‍ മാനേജരുടേതാണ്. ഇത്തരത്തില്‍ എവിടെയൊക്കെ ക്യാമറ വെച്ചുവെന്ന് ആര്‍ക്കും പറയാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. തുണിക്കടകളിലെ വസ്ത്രം ധരിച്ചുനോക്കുന്ന മുറി വരെ കാണത്തക്ക വിധത്തിലാണ് കൊച്ചിയിലെ ഒരു സ്ഥാപനത്തില്‍ ക്ലോക്കിനുള്ളില്‍ ക്യാമറ വെച്ചിരിക്കുന്നത്. ചെറുകിട ഹോട്ടലുകളിലും തുണിക്കടകളിലും വരെ സുരക്ഷാ ക്യാമറകള്‍ സ്ഥാനം പിടിച്ചിരിക്കുന്നു.
പ്രമുഖ സ്ഥാപനങ്ങളിലെ ക്യാമറകള്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് അധികൃതര്‍ പറയുന്നുണ്ടെങ്കിലും എല്ലാ ക്യാമറകളെയും പരിധിക്കുള്ളില്‍ കൊണ്ടുവരാന്‍ കഴിയാറില്ല. സെക്യുരിറ്റി ഓഡിറ്റിംഗിന്റെ ഭാഗമായി സുരക്ഷാ പരിശോധന നടത്താന്‍ സെപ്ഷ്യല്‍ ബ്രാഞ്ചിന് അനുമതിയുണ്ടെങ്കിലും അതുപോലും നടത്താന്‍ കഴിയാറില്ലെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ചിലെ ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നു. പരാതിക്കാര്‍ പലരും ഭയം കാരണം പുറത്തു പറയാറില്ല. യൂട്യൂബിലും മറ്റു സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലും വന്നശേഷമായിരിക്കും പലരും ഇക്കാര്യം അറിയുന്നതുതന്നെ. അതിനുപിറകെ പോയി കൂടുതല്‍ പ്രശ്‌നമുണ്ടാക്കാന്‍ ആരും ശ്രമിക്കാറില്ല. ഇത് ഇത്തരക്കാര്‍ക്ക് സഹായകരമാകുന്നുണ്ട്.
ബട്ടനുകളില്‍ മുതല്‍ കണ്ണടയില്‍ വരെയാണ് ഇന്ന് ക്യാമറകളുടെ സ്ഥാനം. ഇത്തരത്തിലുള്ള ക്യാമറകള്‍ക്ക് ആവശ്യക്കാരേറെയാണെന്ന് വ്യാപാരികള്‍ പറയുന്നു. ഇത്തരം ക്യാമറകള്‍ ആരൊക്കെ വാങ്ങുന്നു എന്തിന് വാങ്ങുന്നു എന്നതിനും തെളിവുകളില്ല. പെണ്‍വാണിഭ സംഘങ്ങള്‍ക്ക് ബ്ലാക്ക്‌മെയില്‍ ചെയ്യാനുള്ള ഏറ്റവും വലിയ ആയുധവും ഒളിക്യാമറകളാണ് എന്നത് ക്യാമറകളുടെ ദുരുപയോഗത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കുന്നു.