Gulf
2020 ഓടെ ദുബൈ വിമാനത്താവളത്തെ യന്ത്രങ്ങള്‍ നിയന്ത്രിക്കും
ദുബൈ: 2020 ഓടെ ദുബൈ രാജ്യാന്തര വിമാനത്താവളത്തില്‍ യാത്രക്കാരെ സ്വീകരിക്കാന്‍ എമിഗ്രേഷന്‍ കൗണ്ടറിലും മറ്റും യന്ത്രങ്ങള്‍ മാത്രമെ ഉണ്ടാവുകയുള്ളൂവെന്ന് എസ് ഐ ടി എ. സി ഇ ഒ ഫ്രാന്‍സിസ് കോ വയലന്റെ പറഞ്ഞു. ദുബൈയില്‍ ഗ്ലോബല്‍ എയര്‍പോര്‍ട്ട് ലീഡേഴ്‌സ് ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചെക്ക് ഇന്‍, എമിഗ്രേഷന്‍ കൗണ്ടറുകള്‍ യന്ത്രവത്കരിക്കുകയാണ് മിക്ക രാജ്യങ്ങളും. ഇവ ഉദ്യോഗസ്ഥരെ കുറക്കും എന്നു മാത്രമല്ല, യാത്രക്കാര്‍ക്ക് സമയലാഭം നേടിക്കൊടുക്കുകയും ചെയ്യും. മിക്ക ജോലികളും യന്ത്രങ്ങളാവും ചെയ്യുക. വിമാനത്താവളത്തില്‍ തിരക്ക് കുറയും. മൊബൈല്‍ ഫോണ്‍ സിഗ്നലില്‍ നന്ന് ആളുകളുടെ യാത്രാ പഥം കണ്ടെത്തുന്ന സാങ്കേതിക വിദ്യയും അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ബോര്‍ഡിംഗ് പാസ് വിമാനത്തിലാകും വിതരണം ചെയ്യുക-ഫ്രാന്‍സിസ്‌കോ പറഞ്ഞു. പുതിയ സാങ്കേതിക വിദ്യകളെ സ്വായത്തമാക്കുന്നതടക്കമുള്ള നിക്ഷേപമാണ് ദുബൈ നടത്തുന്നതെന്ന് ഐയാട്ട മിഡില്‍ ഈസ്റ്റ് ആന്‍ഡ് നോര്‍ത്ത് ആഫ്രിക്ക വൈസ് പ്രസിഡന്റ് ഹുസൈന്‍ ദബ്ബാസ് പറഞ്ഞു. 2020 ഓടെ 9.5 കോടി യാത്രക്കാര്‍ ദുബൈ വിമാനത്താവളം ഉപയോഗിക്കും. ഇതില്‍ 50 ശതമാനം പേര്‍ ഇ-ഗേറ്റ് വഴി കടന്നുപോകും-ഹുസൈന്‍ ദബ്ബാസ് പറഞ്ഞു. 2012ല്‍ 5.5 കോടി യാത്രക്കാര്‍ വിമാനത്താവളത്തില്‍ എത്തിയിട്ടുണ്ടെന്ന് ഇമാറടെക് ഡയറക്ടര്‍ ജനറല്‍ താനി അല്‍ സഫീന്‍ അറിയിച്ചു.
പരിസ്ഥിതി സൗഹൃദ വികസനമാണ് യു എ ഇ നടപ്പാക്കുകയെന്ന് യു എ ഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ മാനേജര്‍ എഞ്ചി. മറിയം അലി അല്‍ ബലൂചി വ്യക്തമാക്കി. ഇന്ത്യയിലെ ജി എം ആര്‍. സി ഇ ഒ പി എസ് നായര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.