Malappuram
തമിഴ്‌നാട്ടില്‍ പാന്‍മസാലക്ക് നിരോധനം: ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആശ്വാസം
തിരൂര്‍: തമിഴ്‌നാട് സര്‍ക്കാര്‍ പാന്‍മസാലകള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയതോടെ ആരോഗ്യ പ്രവര്‍ത്തകര്‍ സന്തോഷത്തില്‍. അയല്‍ സംസ്ഥാനത്ത് നിരോധനം വന്നതോടെ ഇനി പാന്‍മസാലകള്‍ എത്തുന്നത് കുറയുമെന്നാണ് കണക്ക് കൂട്ടല്‍.
കേരളത്തില്‍ വളരെ മുമ്പ് തന്നെ പാന്‍ ഉത്പ്പന്നങ്ങള്‍ നിരോധിച്ചെങ്കിലും നിയമപാലകരെയും അധികൃതരെയും നോക്കുകുത്തികളാക്കി സംസ്ഥാനത്ത് ഉടനീളം ഇത്തരം സാധനങ്ങള്‍ വിപണിയില്‍ സജീവമാണ്. വളരെ കൂടിയ ലാഭം കിട്ടുമെന്നതിനാല്‍ ചില വ്യാപാരികളും ഇത് അനധികൃതമായി വില്‍പന നടത്താറുണ്ട്. വളരെ അപൂര്‍വ സമയങ്ങളില്‍ പോലീസും എക്‌സൈസും പരിശോധന നടത്തി സാധനങ്ങള്‍ പിടിച്ചെടുക്കാറുണ്ട്.
തിരൂരില്‍ അനധികൃതമായി പാന്‍ ഉത്പ്പന്നങ്ങള്‍ വില്‍പനക്കെത്തുന്നത് പതിവായിരുന്നു. തൊട്ടടുത്തുള്ള തമിഴ്‌നാട്ടില്‍ നിരോധിച്ചിട്ടില്ലാത്തതിനാല്‍ ട്രെയിന്‍ മാര്‍ഗമാണ് ഏറെയും സാധനമെത്തിയിരുന്നത്. ഇത് പരിശോധിക്കുന്നത് അപൂര്‍വമാണ്. പിടിക്കപ്പെട്ടാലും അയച്ചയാളെയോ സ്വീകരിക്കേണ്ടയാളെയോ കണ്ടെത്താന്‍ കഴിയാറുമില്ല. അധികൃതര്‍ അതിന് ശ്രമിക്കാറുമില്ല. കഴിഞ്ഞ ദിവസം പൊതുവിപണിയില്‍ 5 ലക്ഷം രൂപ വിലമതിക്കുന്ന ഹാന്‍സ് ഉത്പ്പന്നങ്ങള്‍ തിരൂരില്‍ ആര്‍ പി എഫ് പിടിച്ചെടുത്തിരുന്നു.
അന്യസംസ്ഥാന തൊഴിലാളികള്‍ കേരളത്തില്‍ വ്യാപകമായതോടെ ഇവരെ ലക്ഷ്യം വെച്ച് മയക്കുമരുന്ന് മാഫിയ തന്നെ തിരൂരില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തിരൂരില്‍ കൊണ്ടുവരുന്ന ഇത്തരം മയക്കുമരുന്ന് ഉത്പ്പന്നങ്ങള്‍ യഥാസ്ഥലത്ത് എത്തിക്കുന്നതിന് ജോലിക്കാരും അവ സൂക്ഷിക്കുന്നതിന് രഹസ്യമായ സ്ഥലങ്ങളും വരെ ഉണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. തിരൂരിലേക്ക് ഏറ്റവും കൂടുതല്‍ പാന്‍ മസാലകള്‍ എത്തുന്നത് തമിഴ്‌നാട്ടില്‍ നിന്നാണ്. തമിഴ്‌നാട്ടിലും നിരോധനം വന്നതോടെ തിരൂരില്‍ ഇനി ഇത്തരം സാധനങ്ങള്‍ എത്തുന്നത് കുറയുമല്ലോ എന്ന സമാധാനത്തിലാണ് നാട്ടുകാര്‍.