Kerala
ചിറകരിയാന്‍ ശ്രമിക്കുന്നുവെന്ന് വി എസിന്റെ തുറന്ന കത്ത്
ന്യൂഡല്‍ഹി: സി പി എം സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശവുമായി പി ബി അംഗങ്ങള്‍ക്ക് വി എസിന്റെ കത്ത്. തന്റെ പേഴ്‌സണല്‍ സ്റ്റാഫിനെതിരെ നടപടിയെടുക്കരുതെന്നും തന്റെ ചിറകരിയാന്‍ വേണ്ടിയാണ് കൂടെ നില്‍ക്കുന്നവര്‍ക്കെതിരെ സംസ്ഥാന ഘടകം നടപടി ആവശ്യപ്പെടുന്നതെന്നും പി ബി അംഗങ്ങള്‍ക്ക് നല്‍കിയ കത്തില്‍ വി എസ് ചൂണ്ടിക്കാട്ടി. നിരന്തരം തിരിച്ചടികള്‍ നേരിട്ടിട്ടും പാഠം പഠിക്കാത്ത സംസ്ഥാന നേതൃത്വം തനിക്കെതിരെ പകയോടെ നടക്കുകയാണെന്ന ആരോപണവും കത്തിലൂടെ വി എസ് ഉന്നയിച്ചു.
ഒഞ്ചിയം, ഷൊര്‍ണൂര്‍ സംഭവങ്ങളില്‍ നിന്ന് പാഠം പഠിക്കാന്‍ പാര്‍ട്ടി നേതൃത്വം തയ്യാറായില്ല. ടി പി വധത്തിന് പിന്നില്‍ പാര്‍ട്ടി അല്ലെന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല. അന്വേഷണ കമ്മീഷന്‍ ആരെന്ന് അറിയാതെ എങ്ങനെ തെളിവ് നല്‍കാന്‍ കഴിയും. തന്റെ പക്കലും പാര്‍ട്ടി അണികളുടെ വശവുമുള്ള തെളിവ് കൈമാറണമെങ്കില്‍ കമ്മീഷന്‍ ആരാണെന്ന് അറിയേണ്ടതുണ്ട്. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടുമായും പി ബി അംഗം സീതാറാം യെച്ചൂരിയുമായും കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് പി ബി അംഗങ്ങള്‍ക്കെല്ലാം വി എസ് കത്ത് നല്‍കിയത്.
ലാവ്‌ലിന്‍ വിഷയത്തില്‍ പിണറായിക്കെതിരായ തന്റെ നിലപാട് ശരിയായിരുന്നു. അഴിമതിക്കേസില്‍ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ട സാഹചര്യത്തില്‍ സെക്രട്ടറി പദം ഒഴിയേണ്ടതായിരുന്നു. എന്നാല്‍, തന്നെ ഭൂമിദാനക്കേസില്‍ കുടുക്കാനാണ് ശ്രമിച്ചത്. ഐസ്‌ക്രീം അടക്കമുള്ള കേസുകളില്‍ താന്‍ സ്വീകരിച്ച നിലപാടുകള്‍ പല നേതാക്കളെയും ചൊടിപ്പിച്ചിട്ടുണ്ട്.
പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ വാര്‍ത്ത ചോര്‍ത്തിയെന്ന ആരോപണം ശരിയല്ല. താന്‍ പങ്കെടുക്കാത്ത സെക്രട്ടേറിയറ്റ് യോഗങ്ങളുടെ വാര്‍ത്തകള്‍ ചോര്‍ന്നിട്ടുണ്ട്. സെക്രട്ടേറിയറ്റ് അംഗങ്ങള്‍ തന്നെയാണ് വാര്‍ത്ത ചോര്‍ത്തുന്നതെന്നതിന്റെ തെളിവാണിത്. അവര്‍ക്കെതിരെയാണ് നടപടി വേണ്ടത്.
സംസ്ഥാന സമ്മേളനത്തില്‍ തനിക്കെതിരായ ഏകപക്ഷീയ വിമര്‍ശങ്ങളോടെയുള്ള റിപ്പോര്‍ട്ടാണ് അവതരിപ്പിച്ചത്. താന്‍ ആവശ്യപ്പെട്ടതനുസരിച്ച് ചില ഭേദഗതികള്‍ കേന്ദ്ര നേതാക്കള്‍ നിര്‍ദേശിച്ചു. എന്നാല്‍, ഭേദഗതി വരുത്തിയ റിവ്യൂ റിപ്പോര്‍ട്ടിന് രേഖാമൂലം അപേക്ഷ നല്‍കി മാസങ്ങളായെങ്കിലും ഇതുവരെ കിട്ടിയിട്ടില്ലെന്നും കത്തില്‍ വി എസ് വ്യക്തമാക്കുന്നു.
അതേസമയം, വി എസിന്റെ പേഴ്‌സണല്‍ സ്റ്റാഫുകള്‍ക്കെതിരായ നടപടി കേന്ദ്ര കമ്മിറ്റി ചര്‍ച്ച ചെയ്യും. കേന്ദ്ര കമ്മിറ്റിയുടെ അജന്‍ഡയില്‍ ഇക്കാര്യം ഉള്‍പ്പെടുത്തി. സംസ്ഥാന കമ്മിറ്റിയുടെ പുറത്താക്കല്‍ നടപടിക്കാണ് കേന്ദ്ര കമ്മിറ്റി അംഗീകാരം നല്‍കുക. ഇന്ന് കേന്ദ്ര കമ്മിറ്റിയില്‍ സംസ്ഥാന ഘടകത്തിന്റെ നടപടിക്ക് കേന്ദ്ര നേതൃത്വത്തിന്റെ സാങ്കേതിക അനുമതി നല്‍കുമെന്നാണ് കരുതുന്നത്.
പ്രസ് സെക്രട്ടറി കെ ബാലകൃഷ്ണന്‍, പ്രൈവറ്റ് സെക്രട്ടറി വി കെ ശശിധരന്‍, പേഴ്‌സണല്‍ അസിസ്റ്റന്റ് എ സുരേഷ് എന്നിവരാണ് പുറത്താക്കല്‍ നടപടി നേരിടുന്നത്.
ന്യൂഡല്‍ഹി: തന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ നീക്കം നടക്കുന്നതിനിടെ സംസ്ഥാന ഘടകത്തെ രൂക്ഷമായി വിമര്‍ശിച്ച് വി എസ് അച്യുതാനന്ദന്റെ തുറന്ന കത്ത്. തന്റെ ചിറകരിയാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് വി എസ് തുറന്നടിച്ചു. നിയമപരമായി ഇല്ലാതാക്കുന്നതില്‍ പരാജയപ്പെട്ടപ്പോള്‍ പ്രതികാര നടപടി സ്വീകരിക്കുകയാണെന്നും വി എസ് ആരോപിച്ചു.
ഒഞ്ചിയം സംഭവത്തില്‍ നിന്ന് പാര്‍ട്ടി പാഠം പഠിച്ചിട്ടില്ല. ഐസ്‌ക്രീം കേസുമായി താന്‍ മുന്നോട്ട് പോയത് പാര്‍ട്ടിയിലെ തന്നെ ചിലരെ അസ്വസ്ഥരാക്കിയിട്ടുണ്ട്. സംസ്ഥാന സെക്രട്ടേറിയറ്റിലേയും കമ്മിറ്റിയിലേയും വാര്‍ത്തകള്‍ ചോര്‍ത്തുന്നവരെ വെറുതെവിടുന്നവര്‍ തന്നോടൊപ്പമുള്ളവര്‍ക്കെതിരെ നടപടിയെടുക്കുകയാണ്. ഇത് ബുദ്ധിക്ക് നിരക്കുന്നതല്ല. ജനറല്‍ സെക്രട്ടറിയോട് തന്നെ ഇക്കാര്യം പറഞ്ഞിട്ടും ഇത് തടയാനാകുന്നില്ലെന്നും വി എസ് കത്തില്‍ പറയുന്നു.
വി എസിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളായ എ സുരേഷ്, കെ ബാലകൃഷ്ണന്‍, വി കെ ശശിധരന്‍ എന്നിവര്‍ക്കെതിരായ നടപടി സി പി എം കേന്ദ്ര കമ്മിറ്റി അജണ്ടയില്‍ ഉള്‍പ്പെടുത്തിയതിന് പിന്നാലെയാണ് വി എസ് തുറന്ന കത്തുമായി രംഗത്തെത്തിയത്. കത്ത് പ്രകാശ് കാരാട്ട് പി ബി അംഗങ്ങള്‍ക്ക് കൈമാറിയിട്ടുണ്ട്.