International
പാക്കിസ്ഥാനില്‍ നവാസ് ശരീഫിന് മൂന്നാമൂഴം
ലാഹോര്‍: പാക്കിസ്ഥാനില്‍ മൂന്നാം തവണയും നവാസ് ശരീഫ് അധികാരത്തിലേക്ക്. ദേശീയ അസംബ്ലിയിലേക്ക് നടന്ന തെരെഞ്ഞെടുപ്പില്‍ മുന്‍ പ്രധാനമന്ത്രിയും പാകിസ്ഥാന്‍ മുസ്‌ലിം ലീഗ് നേതാവുമായ നവാസ് ശരീഫ് തന്റെ പാര്‍ട്ടിയുടെ വിജയം പ്രഖ്യാപിച്ചു. ലാഹോറില്‍ വന്‍ ജനാവലിയുടെ മുമ്പിലാണ് ശരീഫ് വിജയപ്രഖ്യാപനം നടത്തിയത്. പാകിസ്ഥാന്‍ ജനതക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ വീണ്ടും അവസരം തന്ന അല്ലാഹുവിനോട് നന്ദി പറയുന്നുവെന്നും പാകിസ്ഥാന്റെ പുരോഗതിക്ക് എല്ലാ കക്ഷികളോടും സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പാക്കിസ്ഥാനില്‍ വോട്ടെണ്ണല്‍ തുടരുകയാണെങ്കിലും ഇതു വരെ പുറത്തുവന്ന ഫലങ്ങളാണ് നവാസ് ശരീഫിന് പ്രധാനമന്ത്രി പഥം ഉറപ്പ് നല്‍കുന്നത്്. 126 സീറ്റുകളില്‍ നവാസിന്റെ പാര്‍ട്ടി മുന്നിട്ടുനില്‍ക്കുകയാണ്. ഇമ്രാന്‍ ഖാന്‍ നേതൃത്വം നല്‍കുന്ന തഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടിയും ഭരണകക്ഷിയായ പാക്കിസ്ഥാന്‍ പിപ്പിള്‍സ് പാര്‍ട്ടിയും ഏറെ പിന്നിലാണ്. തഹ് രീകെ ഇന്‍സാഫ് 34 സീറ്റിലും പി പി പി 32 സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്. ഇതാണ് അന്തിമ ഫലം പുറത്തുവരും മുമ്പേ വിജയം ഉറപ്പിച്ച് പ്രഖ്യാപനം നടത്താന്‍ നവാസിന് പ്രചോദനം നല്‍കിയത്.
മന്ത്രിസഭാ രൂപവത്കരണത്തിനുള്ള ശ്രമങ്ങള്‍ നവാസ് ആരംഭിച്ചിട്ടുണ്ട്. പാര്‍ട്ടി നേതാക്കളുമായും മറ്റും ചര്‍ച്ചകള്‍ നടത്തിവരികയാണ്. നവാസിന്റെ നേതൃത്വത്തില്‍ കൂട്ടുകക്ഷി മന്ത്രിസഭക്കുള്ള സാധ്യതയാണ് പാക്കിസ്ഥാനില്‍ തെളിയുന്നത്. കൂടുതല്‍ ചര്‍ച്ചകള്‍ക്കായി പാര്‍ട്ടി നേതാക്കളുടെ യോഗം നവാസ് വിളിച്ചുചേര്‍ത്തിട്ടുണ്ട്.
ഇതിന് മുമ്പ് രണ്ട് തവണയാണ് നവാസ് പാകിസ്ഥാന്‍ പ്രധാനമന്ത്രിയായത്. 1990 ലും 1997 ലുമായിരുന്നു അത്. എന്നാല്‍ 1999 ല്‍ പട്ടാളമേധാവി പര്‍വേസ് മുഷര്‍റഫ്, സര്‍ക്കാറിനെ അട്ടിമറിച്ച് ഭരണം കൈയ്യടക്കുകയായിരുന്നു. അതേ മുഷര്‍റഫ് ഇപ്പോള്‍ തെരെഞ്ഞെടുപ്പില്‍ പങ്കെടുക്കാനായി രാജ്യത്ത് തിരിച്ചെത്തി പോലീസ് കസ്റ്റഡിയില്‍ കഴിയുന്നത് യാദൃശ്ചികം.
ഇന്നലെ വൈകീട്ട് ആറ് മണിയോടെയാണ് പാക്കിസ്ഥാനില്‍ വോട്ടെടുപ്പ് പൂര്‍്ത്തിയായത്. താലിബാന്റെ ആക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. ജനബാഹുല്യം പരിഗണിച്ച് വോട്ടെടുപ്പ് സമയം ഒരു മണിക്കൂര്‍ നീട്ടുകയും ചെയ്തിരുന്നു. കറാച്ചിയിലെ ഏഴ് മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് ആരംഭിക്കാന്‍ വൈകിയതിനാല്‍ മൂന്ന് മണിക്കൂര്‍ വരെ പോളിംഗ് സമയം നീട്ടിയിരുന്നു. 60 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍ പറഞ്ഞു. വോട്ടെണ്ണല്‍ ഇന്ന് വൈകീട്ടോടെ പൂര്‍ത്തിയാകും.