Gulf
ദീര്‍ഘകാലം പാര്‍ക്കിംഗ്; മുന്നറിയിപ്പുമായി പോലീസ്
റാസല്‍ഖൈമ: പൊതുപാര്‍ക്കിംഗ് സ്ഥലങ്ങളിലും ഷോപ്പിംഗ് മാളുകളുടെ പാര്‍ക്കിംഗ് സ്ഥലങ്ങളിലും ദീര്‍ഘകാലം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നവര്‍ക്കെതിരെ റാസല്‍ഖൈമ പോലീസിന്റെ മുന്നറിയിപ്പ്. മറ്റുള്ളവരുടെ അവകാശവും സൗകര്യവും ഹനിക്കുന്ന ഇത്തരം സംഭവങ്ങളെക്കുറിച്ച് പരാതി ലഭിച്ചതായി പോലീസ് അറിയിച്ചു.
ഷോപ്പിംഗ് മാളുകളിലേക്ക് ഉപഭോക്താക്കളായി എത്തുന്നവര്‍ സൗകര്യപ്രദമായ പാര്‍ക്കിംഗ് ലഭിക്കാതിരിക്കുമ്പോള്‍ മാളുകളുടെ മുമ്പില്‍ ദിവസങ്ങളോളം അലക്ഷ്യമായി വാഹനം നിര്‍ത്തിയിടുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണിത്. പൊടിപടലങ്ങളും മറ്റു കേടുപാടുകളും സംഭവിക്കാതിരിക്കാനായി വാഹനങ്ങള്‍ മൂടിയിട്ട് ഉടമസ്ഥര്‍ രാജ്യത്തിനു പുറത്തേക്ക പോകുന്ന സാഹചര്യങ്ങള്‍ വരെ ഉണ്ടാകാറുണ്ടെന്ന് പോലീസ് പറയുന്നു. ദിവസങ്ങള്‍ക്കു ശേഷം തിരിച്ചുവന്നാലും വാഹനങ്ങള്‍ മോഷ്ടിക്കപ്പെടുകയോ കേടുപാടുകള്‍ സംഭവിക്കുകയോ ഇല്ലെന്ന ചിന്തയാണ് പലരെയും ഇത്തരം കൃത്യങ്ങള്‍ക്കു പ്രേരിപ്പിക്കുന്നത്. ഈ രീതിയില്‍ അലക്ഷ്യമായും ദീര്‍ഘ സമയത്തേക്കും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന ഉടമകളില്‍ നിന്ന് 48 മണിക്കൂറിലധികമായാല്‍ ഫൈന്‍ ഈടാക്കാന്‍ ട്രാഫിക് വകുപ്പിന് നിര്‍ദേശം നല്‍കിയതായി റാസല്‍ഖൈമ പോലീസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
അതേസമയം, ദീര്‍ഘകാലം വാഹനം പാര്‍ക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നിശ്ചിത ഫീസ് ഈടാക്കി പ്രത്യേകം സൗകര്യം ഏര്‍പ്പെടുത്തുന്നത് പരിഗണനയിലാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.