Gulf
നിതാഖാത്ത്: പ്രവാസികള്‍ നന്ദിയുള്ളവരാവുക - സഊദി ഐ സി എഫ്
റിയാദ്: സൗദി ഗവണ്‍മെന്റ് നിതാഖാത്ത് നിയമത്തില്‍ നല്‍കിയ ഇളവുകള്‍ വളരെ സ്വാഗതാര്‍ഹമാണെന്നും തിരുഗേഹങ്ങളുടെ സേവകന്റെ ദയാപൂര്‍വ്വമായ പ്രഖ്യാപനങ്ങള്‍ കൃതഞ്തയോടെ മാത്രമേ പ്രവാസികള്‍ക്ക് കാണാനാകൂ എന്നും ഐ.സി.എഫ് സൗദി നാഷണല്‍ കമ്മിറ്റി വിലയിരുത്തി.
സ്‌പോണ്‍സറെ കുറിച്ച് അറിവില്ലാതെയും, പാസ്‌പോര്‍ട്ട് എവിടെയെന്ന് പോലും അറിയാതെയും സൗദിയിലെത്തിയ പ്രവാസികളില്‍ പലരും ഏജന്റുമാരുടെ കെണിയില്‍ പെട്ട് ഹുറൂബിലകപ്പെടുകയായിരുന്നു. ഏജന്റുമാരുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് കിട്ടിയ ജോലിയുമെടുത്ത് കാലം കഴിച്ചിരുന്ന പാവപ്പെട്ട പ്രവാസികള്‍ക്ക് വളരെ നല്ല സഹായമാണ് പുതിയ രാജകാരുണ്യത്താല്‍ കൈവന്നിരിക്കുന്നത്. ഹുറൂബ് ചെയ്യപ്പെട്ടവര്‍ അനുഭവിച്ചിരുന്ന മാനുഷിക പ്രശ്‌നങ്ങള്‍ വളരെ ഗുരുതരമായിരുന്നു. നിതാകാത്ത് നടപ്പിലായതോടെ ഇവര്‍ക്കൊന്നും ജോലി തുടരാനാവില്ലെന്നു മാത്രമല്ല, നാട്ടിലേക്കു പോകാനും കഴിയുമായിരുന്നില്ല. അഥവാ ജയില്‍വഴി നാട്ടിലേക്കു പോകാനായാല്‍ തന്നെ അവര്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തപ്പെടുകയും, പിന്നീടവര്‍ക്ക് രാജ്യത്തേക്കു തിരിച്ചുവരാന്‍ കഴിയാതെ പോവുകയും ചെയ്യുമായിരുന്നു.
അത്രയ്ക്ക് ഗുരുതരമായിരു ഹുറൂബ് ഇരകളുടെ പ്രശ്‌നം. വര്‍ഷങ്ങളായി നാട്ടിലേക്കു പോകാനാകാത്ത പതിനായിരക്കണക്കില്‍ വരുന്ന ഇവരുടെ പ്രശ്‌നം പലരും പഴയ പ്രശ്‌നമാണെന്നും അതിലിടപെടാനാവില്ലെന്നും പറഞ്ഞ് കൈയ്യൊഴിഞ്ഞപ്പോള്‍, ഹുറൂബ് പ്രശ്‌നമടക്കം പാവപ്പെട്ട പ്രവാസി അനുഭവിക്കുന്ന എല്ലാ പ്രശ്‌നങ്ങളും സൗദി തൊഴില്‍കാര്യ സഹമന്ത്രി ഡോ.അഹ്മദ് ഹുമൈദാനുമായും മക്കാ ഗവര്‍ണ്ണര്‍ ഖാലിദ് ബ്‌നു ഫൈസല്‍ രാജകുമാരനുമായും മറ്റ് സൗദി ഭരണാധികാരികളുമായും ചര്‍ച്ച ചെയ്യുകയും, നിവേദനം നല്‍കുകയും, പ്രശ്‌നപരിഹാരത്തിന് മാര്‍ഗ്ഗനിര്‍ദ്ദേശം സമര്‍പ്പിക്കുകയും ചെയ്ത അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജന.സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ അടക്കമുള്ളവരുടെ ഇടപെടല്‍ നിര്‍ണ്ണായക വഴിത്തിരിവാവുകയായിരുന്നു. ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികളുടെ ചര്‍ച്ചാനന്തരം രൂപം നല്‍കിയ ജോയിന്റ് വര്‍ക്കിംഗ് ഗ്രൂപ്പിന്റെ തൊഴില്‍ മന്ത്രാലയത്തിലുള്ള ഇടപെടലും, ഇന്ത്യന്‍ പ്രതിനിധി സിബി ജോര്‍ജ്ജ് ഹുറൂബുകാര്‍ക്കു വേണ്ടി പ്രത്യേകം ഇടപെട്ടതും ഇത്തരുണത്തില്‍ സ്മരണീയമാണ്. ഇവിടെ നിന്ന് പ്രസിദ്ധീകരിക്കുന്ന മലയാള പത്രങ്ങളുടെ നിരന്തര ഇടപെടലുകളും അധികൃതരുടെ ശ്രദ്ധയില്‍ പ്രശ്‌നത്തിന്റെ ഗൗരവമെത്തിക്കുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിച്ചിട്ടുണ്ട്.
നിതാകാത്ത് പ്രശ്‌നത്തെ ഉയര്‍ത്തിക്കാട്ടി ഈ രാജ്യത്തെയും അറബ് സമൂഹത്തേയും താറടിക്കുന്ന രൂപത്തില്‍ മാധ്യമ ചര്‍ച്ചകളും അനാവശ്യ ഇടപെടലുകളും നടത്തിയ പലരും രാജകാരുണ്യത്തിന്റെ വാര്‍ത്ത പോലും നല്‍കാതെ ഇരട്ടത്താപ്പ് നടത്തുകയാണെന്നും ഐ.സി.എഫ് സെക്രട്ടേറിയറ്റ് വിലയിരുത്തി. പുതിയ ഇളവുകളും ആനുകൂല്യങ്ങളും ഉപയോഗപ്പെടുത്തി എത്രയും പെട്ടെന്ന് നിയമവിധേയമായി ജോലി ചെയ്യാന്‍ എല്ലാ പ്രവാസികളും തയ്യാറാവണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. സയ്യിദ് ഹബീബ് അല്‍ബുഖാരി, അബൂബക്കര്‍ അന്‍വരി, മുജീബ് ഏ. ആര്‍ നഗര്‍ എന്നിവര്‍ സെക്രട്ടേറിയറ്റില്‍ സംബന്ധിച്ചു.