Articles
പാക്കിസ്ഥാനില്‍ സംഭവിക്കുന്നത്
ഹിന്ദുസ്ഥാന്‍ പാക്കിസ്ഥാന്‍ ഭായി ഭായി” എന്ന് മഹാത്മാ ഗാന്ധി മരണംവരെ പറഞ്ഞിരുന്നു. ഇന്ത്യ വിഭജിക്കുമെന്ന് ഉറപ്പായപ്പോഴും അദ്ദേഹം പറഞ്ഞത് “നമുക്ക് സഹോദരന്മാരെ പോലെ പിരിഞ്ഞു കൂടേ?”എന്നായിരുന്നു. ഒരു പത്രപ്രവര്‍ത്തകന്‍ എഴുതിയ പോലെ, “പാക്കിസ്ഥാന്‍ ഇന്ത്യയുടെ പുത്രനാണ്. ഇന്ത്യയോ പാക്കിസ്ഥാന്റെ പെറ്റമ്മയും.” പാക്കിസ്ഥാന്‍കാരെന്നും ഇന്ത്യക്കാരെന്നും പറഞ്ഞ് തമ്മില്‍ തല്ലുന്നവര്‍ ഒരേ മണ്ണില്‍ പിറന്ന സഹോദരന്മാര്‍ തന്നെയാണ്. ഇന്ത്യക്കാരന്റെ ബന്ധുക്കള്‍ പാക്കിസ്ഥാനിലും അവിടത്തുകാരുടെ കുടുംബക്കാര്‍ ഇന്ത്യയിലുമുണ്ടല്ലോ? പാക്കിസ്ഥാന്‍ എന്ന രാജ്യം ഉണ്ടാക്കിയത് തന്നെ ഇന്ത്യയില്‍ നിന്നുള്ളവരാണ്. ആ രാജ്യത്തിന്റെ രാഷ്ട്രപിതാവായ ജിന്ന കറാച്ചിയിലാണ് ജനിച്ചതെങ്കിലും ഏറെക്കാലം മുംബെയിലാണ് താമസിച്ചത്. പ്രസിഡന്റായിരുന്ന സിയാഉല്‍ ഹഖ് പഞ്ചാബിലെ ജലന്തര്‍കാരനാണ്. മുന്‍ പ്രസിഡന്റ്പര്‍വേസ് മുശര്‍റഫാസട്ടെ ഡല്‍ഹി സ്വദേശിയാണ്. നവാസ് ശരീഫിന്റെ കുടുംബം പഞ്ചാബിലെ അമൃതസറിലായിരുന്നു. പാക്കിസ്ഥാനില്‍ ഉന്നത പദവി വഹിച്ച ഖലിഖുസ്സമാനും മന്ത്രിമാര്‍ പലരും ഇന്ത്യക്കാര്‍ തന്നെയാണ്. കേരളത്തില്‍ മുസ്‌ലിം ലീഗിന് ബീജാവാപം കുറിച്ച അബ്ദുസ്സത്താര്‍ സേട്ട് പോലും പാകിസ്ഥാന്‍ രൂപവത്കരണത്തില്‍ വലിയ പങ്ക് വഹിച്ചയാളാണ്. കിഴക്കന്‍ പാക്കിസ്ഥാന്‍ ഭരിച്ച സുഹ്‌റവര്‍ദിയും ഫസ്‌ലുല്‍ ഹഖുമൊക്കെ സാക്ഷാല്‍ ഇന്ത്യക്കാരണ്.
ഇന്ത്യയില്‍ ബി ജെ പി നേതാവ് അഡ്വാനിജിയുടെ കുടുംബം പാക്കിസ്ഥാനില്‍ നിന്ന് വന്നവരാണ്. പണ്ഡിറ്റ് നെഹ്‌റവിനുമുണ്ട് പാക്കിസ്ഥാന്‍ ബന്ധം. അദ്ദേഹത്തിന്റെ മാതാവ് സ്വരൂപ് റാണി തുസ്സു ലാഹോര്‍ സ്വദേശിനിയാണ്. ഇങ്ങനെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തിളങ്ങിയ പലര്‍ക്കുമുണ്ട് പാക് ബന്ധം. രണ്ട് രാജ്യങ്ങളും പിറവിയെടുക്കുന്നതിന് എന്തെന്ത് നോവുകളാണ് സഹിച്ചത്. പരസ്പരം കടിച്ചും കീറിയും കൊന്നും അവര്‍ ചോരയൊഴുക്കി. ഇന്ത്യയില്‍ നിന്ന് മുസ്‌ലിംകള്‍ പാക്കിസ്ഥാനിലേക്കും അവിടെ നിന്ന് ഹിന്ദുക്കള്‍ ഇന്ത്യയിലേക്കും പലായനം ചെയ്തു. തലേന്ന് വരെ ഒരുമിച്ചു ജീവിച്ചവര്‍ വെള്ളക്കാരന്റെ ഒരൊറ്റ കുതന്ത്രം കൊണ്ട് ശത്രുക്കളായി. അവര്‍ പരസ്പരം അറുകൊല ചെയ്തു. കുശ്‌വന്ത് സിംഗിന്റെ “റോഡ് റ്റു പാക്കിസ്ഥാന്‍” വായിക്കുമ്പോള്‍ കണ്ണ് നനയാതിരിക്കില്ല. എത്രയോ കുടുംബങ്ങള്‍ എങ്ങുമല്ലാതായി. ഭാര്യ ഇന്ത്യയിലും ഭര്‍ത്താവ് പാക്കിസ്ഥാനിലും. അച്ഛനമ്മമാര്‍ ഇവിടെ, മക്കള്‍ അവിടെ. നമ്മുടെ കൊച്ചു കേരളം പോലും വിഭജനത്തിന്റെ വേദന വേണ്ടുവോളം അനുഭവിച്ചു. എത്രയോ പേര്‍ക്ക് തങ്ങളുടെതല്ലാത്ത കാരണത്താല്‍ പാക്കിസ്ഥാനികളാകേണ്ടി വന്നു. പിറന്ന മണ്ണില്‍ മരിക്കാന്‍ കഴിയാതെ, ആരോരുമില്ലാതെ പാക്കിസ്ഥാനില്‍ നരകിച്ചു മരിക്കേണ്ടി വന്ന മലയാളികള്‍. ഇന്ത്യയെ മാറോടണച്ച ഈ സഹോദരന്മാരെ സാങ്കേതിക കാരണം പറഞ്ഞ് പാക്കിസ്ഥാനിയെന്ന് മുദ്ര കുത്തി ഇന്ത്യന്‍ സര്‍ക്കാര്‍ പാകിസ്ഥാനിലേക്കയച്ചു. പാക്കിസ്ഥാനിലും അവര്‍ക്ക് രക്ഷ കിട്ടിയില്ല. ഇങ്ങനെ എത്രയോ പേര്‍ എവിടെ വെച്ചോ ജീവന്‍ വെടിഞ്ഞു. പരസ്പരം ഒരു ദാക്ഷിണ്യവും ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ കാണിക്കുന്നില്ല. കേവല രാഷ്ട്രീയ കാരണങ്ങള്‍ക്കായി ഇരു രാജ്യങ്ങളും ശത്രുത വീര്‍പ്പിക്കുകയാണ്.
ഇന്ത്യയും പാക്കിസ്ഥാനും സഹോദരന്മാരായി കഴിയണമെന്നത് ഗാന്ധിജിയുടെ ആഗ്രഹമായിരുന്നു. പക്ഷേ, പിറന്ന പാടെ രണ്ട് രാജ്യങ്ങളും തമ്മില്‍ യുദ്ധം തുടങ്ങുകയായിരുന്നു. ഇതിന്റെ പേരില്‍ ഇന്ത്യയില്‍ മുസ്‌ലിംകളും പാക്കിസ്ഥാനില്‍ അമുസ്‌ലിംകളും സംശയത്തിന്റെ നിഴലിലായി. ദേശീയതയുടെ പേരില്‍ ഇന്ത്യക്കാര്‍ ഇന്ത്യയേയും പാക്കിസ്ഥാനികള്‍ പാകിസ്ഥാനേയും ന്യായീകരിച്ചു. പക്ഷേ യുദ്ധത്തിലും ഏറ്റുമുട്ടലിലും മരിച്ചവര്‍ ഏറെയും നിരപരാധരായിരുന്നു. ഇന്ത്യന്‍ മുസ്‌ലിംകള്‍ എന്ത് വില കൊടുത്തും ഇന്ത്യന്‍ പക്ഷത്ത് നിലയുറപ്പിച്ചുവെന്ന് മാത്രമല്ല; തങ്ങള്‍ ഏറെക്കാലം വാഴ്ത്തിയിരുന്ന മുഹമ്മദലി ജിന്ന പോലും ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് ശത്രുവായി. പാക്കിസ്ഥാനെ പിന്തുണക്കാന്‍ ജിന്ന ഇന്ത്യന്‍ മുസ്‌ലിംകളോട് അഭ്യര്‍ഥിച്ചപ്പോള്‍ ഇന്ത്യന്‍ മുസ്‌ലിംകള്‍ എന്നും ഇന്ത്യക്കൊപ്പമാണെന്ന് ജിന്നയുടെ സഹപ്രവര്‍ത്തകനായിരുന്ന ഖാഇദേമില്ലത്ത് ഇസ്മാഈല്‍ സാഹിബ് പ്രസ്താവിച്ചു. ഈ നടപടിയെ പണ്ഡിറ്റ് നെഹ്‌റു തുറന്നഭിനന്ദിച്ചു. അതോടെ ഇന്ത്യയിലെ ഹിന്ദുവും മുസ്‌ലിമും തമ്മിലുള്ള വിടവ് കുറഞ്ഞു വരികയായിരുന്നു. പാക്കിസ്ഥാനിലാകട്ടെ അവിടുത്തെ ഹിന്ദുക്കളെ സര്‍ക്കാര്‍ അവഗണിച്ചത് കാരണം ആ രാജ്യവുമായി രാജിയാകാന്‍ ഹിന്ദുക്കള്‍ ഏറെക്കാലം മടിച്ചു നിന്നു. ഹിന്ദുക്കള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കണമെന്ന് ജിന്ന നിര്‍ദേശിച്ചിരുന്നെങ്കിലും ഉദ്യോഗസ്ഥ വൃന്ദവും പട്ടാളവും അത് അവഗണിക്കുകയായിരുന്നു.
വിഭജനത്തിന് ശേഷം രണ്ട് രാജ്യങ്ങളും ഒരുമിച്ചു പോകാനുള്ള ശ്രമങ്ങള്‍ ഫലിക്കാതെ പോയി. മൂന്ന് പ്രവശ്യം യുദ്ധങ്ങളുണ്ടായി. 1965ലേയും 1971ലേയും യുദ്ധങ്ങളില്‍ നിരവധി പേര്‍ മരിച്ചു വീണു. പാക്കിസ്ഥാന്റെ അവഗണനക്ക് പാത്രമായ കിഴക്കന്‍ പാക്കിസ്ഥാ (ബംഗ്ലാദേശ്)ന്റെ സ്വാതന്ത്ര്യത്തെ ചൊല്ലി പ്രശ്‌നങ്ങളുണ്ടായപ്പോള്‍ ഇന്ത്യ ബംഗാളികള്‍ക്കൊപ്പം നിന്നു. പക്ഷേ, പാക്കിസ്ഥാന്‍ അത് ആഭ്യന്തര കാര്യത്തില്‍ ഇടപെടലായി വ്യാഖ്യാനിച്ചു. അങ്ങനെ ഇരു രാജ്യങ്ങളും ഏറ്റുമുട്ടി. 1998ലെ കാര്‍ഗില്‍ യുദ്ധം പാകിസ്ഥാന്‍ അതിര്‍ത്തി രേഖ ലംഘിച്ചു എന്ന കാരണത്താലായിരുന്നു. എന്നിട്ടിപ്പോഴും അതിര്‍ത്തി രേഖ പാക്കിസ്ഥാന്റെ പക്കല്‍ തന്നെയാണത്രേ. കുറച്ചു ഭാഗം ചൈനയുടെ കൈയിലുണ്ടെന്നാണ് പറയുന്നത്.
രണ്ട് രാജ്യങ്ങളും സഹവര്‍ത്തിത്വത്തിലാകാന്‍ വേണ്ടി ചര്‍ച്ചകളും ഉടമ്പടികളുമുണ്ടായി. സിന്ധു നദിയിലെ വെള്ളത്തെക്കുറിച്ച് ഉടമ്പടി വേണ്ടി വന്നു. ബംഗാളില്‍ നിന്നുള്ള അഭയാര്‍ഥി പ്രശ്‌നം ഇന്നും കീറാമുട്ടിയാണ്. കിഴക്കന്‍ പാക്കിസ്ഥാനില്‍ നിന്ന് ഹിന്ദുക്കളും ഇന്ത്യയില്‍ നിന്ന് മുസ്‌ലിംകളും അങ്ങോട്ടുമിങ്ങോട്ടും പലായനം ചെയ്യാന്‍ തുടങ്ങിയിട്ട് കാലമേറെയായി. നെഹ്‌റുവും പട്ടേലും അന്നത്തെ പാകിസ്ഥാന്‍ പ്രധാനമന്ത്രി ലിയാഖത്തലി ഖാനും കൂടി ഒത്തുതീര്‍പ്പുണ്ടാക്കി. അങ്ങനെ ഹിന്ദുക്കള്‍ കിഴക്കന്‍ പാക്കിസ്ഥാനിലേക്കും മുസ്‌ലിംകള്‍ ഇന്ത്യയിലേക്കും തിരിച്ചു പോയി. രണ്ട് മതക്കാരും അതത് രാജ്യങ്ങളില്‍ ഏറെ കഷ്ടത അനുഭവിച്ചുകൊണ്ടിരിക്കുക തന്നെയാണ്. ഇപ്പോള്‍ ഇന്ത്യയെപ്പോലെ തന്നെ സര്‍വസ്വവും അമേരിക്കക്ക് അടിയറ വെക്കേണ്ട ഗതികേടും പാക്കിസ്ഥാന് വന്നിരിക്കുന്നു.
പാക്കിസ്ഥാന് ഇന്ത്യയേക്കാളേറെ പ്രശ്‌നങ്ങളുണ്ട്. ഒന്ന് വംശീയ പ്രശ്‌നം. ബലൂചി, സിന്ധി, പഠാണ്‍, മുഹാജിര്‍, പഞ്ചാബി എന്നിവര്‍ തമ്മില്‍ കണ്ടാല്‍ മിണ്ടാത്ത മട്ടിലാണ്. പിന്നെ സുന്നീ, ശിയാ, ഖാദിയാനി പ്രശ്‌നം. ഖാദിയാനികള്‍ അമുസ്‌ലിം വിഭാഗമാണ്. അവര്‍ക്ക് ന്യൂനപക്ഷ പദവി കൊടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാണ്. പക്ഷേ ജനം സമ്മതിക്കുന്നില്ല. ഷിയാകള്‍ക്കെതിരെ എന്നും അടിപിടിയാണ്. പല സ്‌ഫോടനങ്ങളും ശിയാക്കളെ ലക്ഷ്യം വെച്ചുകൊണ്ടുള്ളതുമാണ്. പാകിസ്ഥാനിലെ ഹൈന്ദവര്‍ ഹിന്ദി ഭാഷക്ക് രണ്ടാം ഭാഷയുടെ സ്ഥാനം വേണമെന്ന് ആവശ്യപ്പെടുകയാണ്. ഭരണകൂടം തയ്യാറാകുന്ന മട്ടില്ല. എല്ലാവരും കൂടി അടിപിടിയുണ്ടാക്കുമ്പോള്‍ പാക്കിസ്ഥാന്റെ കൈയില്‍ ഒറ്റമൂലിയുണ്ട്. ഇന്ത്യക്കെതിരെ രണ്ട് പ്രസ്താവനകളിറക്കുക. അപ്പോള്‍ എല്ലാ വിഭാഗങ്ങള്‍ക്കും സന്തോഷമാകും. ഇപ്പോള്‍ ഇന്ത്യയിലും ഈ പണി പയറ്റുന്നുണ്ട്. ഭരണപക്ഷത്തിന് ഉത്തരം മുട്ടുമ്പോള്‍ പാക്കിസ്ഥാനെതിരെ ഒരു പ്രസ്താവന ഇറക്കും. മുമ്പത്തെ കാര്‍ഗില്‍ യുദ്ധം ഇങ്ങനെ ഒപ്പിച്ച പണിയാണെന്ന് ചിലരെങ്കിലും അഭിപ്രായപ്പെട്ടിരുന്നു.
ഇപ്പോള്‍ പാക്കിസ്ഥാനില്‍ തിരഞ്ഞെടുപ്പ് നടന്നു. അതിന് വേണ്ടി പത്ത് നാല്‍പ്പത് പേര്‍ ജീവന്‍ വെടിഞ്ഞു. ജനാധിപത്യത്തിന് വേണ്ടി രക്തം ചൊരിഞ്ഞവര്‍ എന്ന് ഭരണകൂടം അവരെ വിശേഷിപ്പിക്കുന്നു. പാക്കിസ്ഥാനില്‍ ജനാധിപത്യം പുലര്‍ന്നു കിട്ടിയാല്‍ അതെത്രയും നല്ലത്. പക്ഷേ അവിടെ പലപ്പോഴും ജനാധിപത്യത്തിന്റെ മറവില്‍ ഏകാധിപത്യമാണ് നടക്കുന്നത്. സുല്‍ഫിഖര്‍ അലി ഭൂട്ടോയുടെ ജനാധിപത്യത്തെ അട്ടിമറിച്ചത് സിയാഉല്‍ ഹഖിന്റെ മിലിട്ടറിസമാണ്. ബേനസീറിനെ കൊന്നതും ജനാധിപത്യത്തിന്റെ ശത്രുക്കളാണ്.
ഇപ്പോള്‍ ജനാധിപത്യത്തെ തകര്‍ക്കാനുള്ള ഉത്തരവാദിത്വം താലിബാന്‍ ഏറ്റെടുക്കുകയാണ്. ദര്‍ഗകളും മുസ്‌ലിം ചിഹ്നങ്ങളും വിപാടനം ചെയ്യുന്നതും താലിബാന്‍ തന്നെയാണ്. അവരാണ് കൈ വെട്ടിയും തലയറുത്തും രാജ്യം ഭരിക്കാന്‍ ശ്രമിക്കുന്നതും. അതേ പാതയിലേക്ക് പാകിസ്ഥാന്‍ പോകുകയാണോ? പാക്കിസ്ഥാന്‍ ജയിലില്‍ വെച്ച് ഇന്ത്യക്കാരനായ സരബ്ജിത് ക്രൂരമായി വധിക്കപ്പെട്ടു. പകരം പാക്കിസ്ഥാന്‍ കാരനായ സനാഉല്ലയെ ഇന്ത്യന്‍ ജയിലില്‍ വെച്ച് കൊന്നു. ഇങ്ങനെ പോയാല്‍ രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള പക പതഞ്ഞു പൊന്തിയേക്കും. ഇരുമെയ്യാണെങ്കിലും നമ്മളൊറ്റക്കരളല്ലേ എന്ന് നമുക്കൊന്നു പറയാന്‍ എന്നാണ് കഴിയുക? ഇന്ത്യാ പാക്കിസ്ഥാന്‍ ഭായി ഭായി എന്ന ഗാന്ധിജിയുടെ സ്വപ്‌നം എന്നെങ്കിലുമൊന്ന് പുലര്‍ന്ന് കിട്ടുമോ?