Connect with us

Malappuram

അവശ്യസാധനങ്ങള്‍ക്ക് തീവില

Published

|

Last Updated

തിരൂര്‍: അതിരൂക്ഷമായ കുടിവെള്ളക്ഷാമത്തിന് പിന്നാലെ അവശ്യസാധനങ്ങളുടെ വിലക്കയറ്റവും പൊതുജനത്തിന് കൂടുതല്‍ ദുരിതം സമ്മാനിക്കുന്നു. പച്ചക്കറികളുടെയും പലചരക്ക് സാധനങ്ങളുടെയും വില നിയന്ത്രിക്കുമെന്ന പ്രഖ്യാപനങ്ങള്‍ പലപ്പോഴും ഉണ്ടാകാറുണ്ടെങ്കിലും അത് നടപ്പാകാറില്ലെന്നതാണ് വാസ്തവം. ഇത് കൂടാതെ മത്സ്യത്തിനും വില കൂടിയിട്ടുണ്ട്.

അരിയുടെ വിലയില്‍ ദിവസമെന്നോണമാണ് മാറ്റമുണ്ടാകുന്നത്. നേരത്തെ 30 മുതല്‍ 40 വരെ വിലയുണ്ടായിരുന്ന വിവിധയിനം അരികള്‍ക്ക് അഞ്ച് രൂപ മുതല്‍ 10 രൂപ വരെ വിലവര്‍ധന ഉണ്ടായിട്ടുണ്ട്. കുറുവ, ബോധന, മട്ട തുടങ്ങി പ്രധാനയിനങ്ങള്‍ക്കെല്ലാം ദിനം പ്രതി രണ്ട് മുതല്‍ അഞ്ച് രൂപ മുതല്‍ കൂടുകയാണ്. വരള്‍ച്ച വ്യാപിച്ചതും കേരളത്തില്‍ കൃഷി വിളവെടുപ്പ് കുറഞ്ഞതും മൂലം ആവശ്യത്തിന് അരി കമ്പോളത്തില്‍ ലഭ്യമല്ലാത്തതാണ് വിലവര്‍ധനവിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
പച്ചക്കറികളുടെ വിലവര്‍ധനവാണ് മറ്റൊരു പ്രശ്‌നം. ഇതില്‍ തക്കാളിയുടെ വിലയിലാണ് വലിയമാറ്റമുണ്ടായിക്കൊണ്ടിരിക്കുന്നത്. കിലോക്ക് 10 രൂപയും അതിന് താഴെയുമായി വിലയുണ്ടായിരുന്ന തക്കാളിയിപ്പോള്‍ 40 രൂപക്കാണ് ഒരുകിലോ വില്‍ക്കുന്നത്. ഗ്രാമങ്ങളിലെ ചെറിയകടകളില്‍ വില ഇതിലും കൂടും. പലയിടത്തും പലവിലയാണെന്നും ആരോപണമുണ്ട്. പെട്ടെന്ന് വിലകൂടിയ മറ്റിനങ്ങള്‍ പച്ചമുളകും ബീന്‍സുമാണ്. കിലോ 20 രൂപ മാത്രമുുണ്ടായിരുന്ന പച്ചമുളകിന് ഇപ്പോള്‍ 60-70 രൂപയായി വില കൂടി. 20-25 രൂപ കിലോക്ക് വിലയുണ്ടായിരുന്ന ബീന്‍സിപ്പോള്‍ വില്‍ക്കുന്നത് 65-75 രൂപക്കാണ്.
ഇഞ്ചിയും ഈ സമയത്ത് വിലകൂടിയ ഇനത്തില്‍ പെടുന്നു. കൂടാതെ വെള്ളുള്ളി, ചെറിയ ഉള്ളി, കാരറ്റ്, ബീറ്റ്‌റൂട്ട്, മത്തന്‍, ഉരുളക്കിഴങ്ങ് തുടങ്ങിയവക്കും അഞ്ച് മുതല്‍ 10 രൂപ വരെ വിലകൂടിയിട്ടുണ്ട്. അതേസമയം നേന്ത്രപ്പഴം, ചെറുപഴം എന്നിവയുടെ വിലയില്‍ ചെറിയ ആശ്വാസമുണ്ട്. നേന്ത്രപ്പഴം കിലോക്ക് 20-25 രൂപയാണ് വില. ചെറുപഴമാകട്ടെ 15-20 രൂപ മാത്രമേ വിലവരുന്നുള്ളൂ.
നമ്മുടെ നാട്ടിലെ വരള്‍ച്ച പോലെതന്നെ പച്ചക്കറിയെത്തുന്ന തമിഴ്‌നാട്ടിലും കര്‍ണാടകയിലുമെല്ലാം ഉണ്ടായ വരള്‍ച്ചയും കൃഷിനാശവും തന്നെയാണ് സാധനങ്ങളുടെ ലഭ്യത കുറച്ചതും വിലവര്‍ധനവ് ഉണ്ടാക്കിയതും. മത്സ്യലഭ്യത കുറഞ്ഞതിനാല്‍ മത്സ്യവിപണിയും വിലക്കയറ്റം മൂലം പൊള്ളുകയാണ്. ഏറ്റവും താഴ്ന്നയിനമായ മത്തിക്ക് പോലും 60-80 രൂപയാണ് കിലോക്ക് വേണ്ടിവരുന്നത്. മാന്തള്‍, അയല, കോര, ചെമ്മീന്‍, തുടങ്ങി സാധാരണക്കാര്‍ വാങ്ങുന്ന മത്സ്യമെല്ലാം വിലകൂടിയ ഇനങ്ങളില്‍ പെടുന്നു. മാംസവിപണിയിലും വിലക്കയറ്റം ദൃശ്യമാണ്.
വരള്‍ച്ചയും വിലക്കയറ്റവും ജനജീവിതത്തെ ദുസ്സഹമാക്കിയിരിക്കുകയാണ്. പ്രഖ്യാപനങ്ങള്‍ മാറ്റിവെച്ച് പരിഹാരനടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരും ബന്ധപ്പെട്ടവരും ശ്രമിക്കണമെന്നാണ് ആവശ്യം ഉയരുന്നത്.

---- facebook comment plugin here -----

Latest