Articles
ജനം ജയിച്ച ഒരു തിരഞ്ഞെടുപ്പും പാക്കിസ്ഥാന്റെ ഭാവിയും
ജനം ജയിച്ചു എന്നാണ് പാക്കിസ്ഥാനില്‍ നടന്ന പൊതു തിരഞ്ഞെടുപ്പിനെ വിശേഷിപ്പിക്കാനുള്ള ഏറ്റവും ലളിതമായ വാചകം. പാക് ജനാധിപത്യ ചരിത്രത്തിലെ നാഴികക്കല്ല് തന്നെയാണത്. കൃത്യമായ രാഷ്ട്രീയം ചര്‍ച്ച ചെയ്യപ്പെട്ടു. വ്യക്തമായ വിധിയെഴുത്ത് നടത്തി. തോല്‍പ്പിക്കേണ്ടവരെ തിരഞ്ഞുപിടിച്ച് തോല്‍പ്പിച്ചു. ഒരു തരംഗവും ആഞ്ഞു വീശിയില്ല. ആര്‍ക്കും അഹങ്കരിക്കാന്‍ അവസരം നല്‍കിയില്ല. സൈന്യത്തിനും ഐ എസ് ഐക്കും തീവ്രവാദ ഗ്രൂപ്പുകള്‍ക്കും അമേരിക്കയടക്കമുള്ള ഏമാന്‍മാര്‍ക്കുമായി പകുത്തു നല്‍കിയതിന് ശേഷമുള്ള ഇത്തിരി അധികാരം കൈയാളുന്ന സിവിലിയന്‍ സര്‍ക്കാറില്‍ നിന്ന് ജനഹിതം നടപ്പാക്കുന്ന യഥാര്‍ഥ അധികാര കേന്ദ്രമായി തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ മാറുമെന്ന് തന്നെയാണ് ഇപ്പോള്‍ വിലയിരുത്തേണ്ടത്. അത് അധികാരത്തിലെത്തിയ സഖ്യത്തിന്റെ മേന്‍മ കൊണ്ടായിരിക്കില്ല. മറിച്ച് എല്ലാ ഭീഷണികളെയും മറികടന്ന് പോളിംഗ് ബൂത്തിലെത്തിയ ജനങ്ങള്‍ പ്രസരിപ്പിച്ച ഊര്‍ജമായിരിക്കും സിവിലിയന്‍ ഭരണകൂടത്തിന് നിലനില്‍ക്കാനുള്ള മൂലധനമാകുക.
വോട്ടെടുപ്പ് പ്രക്രിയക്കിടെ ആക്രമണങ്ങള്‍ നടന്നുവെന്നതും നിരവധി പേര്‍ മരിച്ചുവെന്നതും പലയിടങ്ങളിലും പേടിച്ച് ജനം വോട്ട് ചെയ്യാനെത്തിയില്ലെന്നതും സത്യമാണ്. പക്ഷേ, പാക്കിസ്ഥാന്റെ ചരിത്രം വെച്ച് നോക്കുമ്പോള്‍ ആ സംഘര്‍ഷങ്ങള്‍ അവഗണിക്കാവുന്നതാണ്. 60 ശതമാനം പേര്‍ വോട്ട് ചെയ്തുവെന്നാണ് അനൗദ്യോഗിക കണക്ക്. 2008ല്‍ അത് 44 ശതമാനമായിരുന്നു. ഇതാദ്യമായാണ് ഒരു സിവിലിയന്‍ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കി തിരഞ്ഞെടുപ്പിലേക്ക് നീങ്ങിയത്. അതുകൊണ്ടു തന്നെ അട്ടിമറികളുടെയും പാലംവലികളുടെയും നീക്കിബാക്കികള്‍ സൃഷ്ടിച്ച ദൗര്‍ബല്യങ്ങള്‍ അന്തരീക്ഷത്തിലില്ലായിരുന്നു. എല്ലാ പാര്‍ട്ടികളും അംഗീകരിക്കുന്ന കാവല്‍ സര്‍ക്കാറിന് കീഴില്‍ നടന്ന വോട്ടെടുപ്പ് ഏറെക്കുറെ പരാതിരഹിതമായി. പ്രതിപക്ഷത്തിരിക്കാന്‍ വിധിക്കപ്പെട്ടവര്‍ കലാപവുമായി ഇറങ്ങുകയെന്ന പതിവ് പരിപാടിക്കും സാധ്യതയില്ല. അങ്ങനെ ജനം ജയിച്ചിരിക്കുന്നു. അയല്‍ക്കാര്‍ക്കെല്ലാം ആശ്വസിക്കാം. സി ഐ എ മെനയുന്ന കുതന്ത്രങ്ങള്‍ പരീക്ഷിക്കാനുള്ള ഗിനിപ്പന്നി രാഷ്ട്രത്തില്‍ നിന്ന് യഥാര്‍ഥ പരമാധികാരത്തിലേക്ക് പാക്കിസ്ഥാന്‍ മെല്ലെ നടക്കുകയാണ്. ആന്തരിക പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ കെല്‍പ്പുള്ള സുസ്ഥിര ഭരണ സംവിധാനം നിലവില്‍ വരുമെന്ന സ്വപ്‌നത്തിന് ചിറക് മുളക്കുകയാണ്.
പാക്കിസ്ഥാനെക്കുറിച്ച് ഇങ്ങനെയൊക്കെ വിലയിരുത്താമോയെന്ന് നെറ്റി ചുളിക്കുന്നവരുണ്ടാകാം. അല്‍പ്പം കടന്ന ശുഭാപ്തി വിശ്വാസമല്ലേ അതെന്ന് വിമര്‍ശിക്കുന്നവരും ഏറെയുണ്ടാകും. തീര്‍ത്തും പ്രവചനാതീതമാണ് പാക് രാഷ്ട്രീയ സാമൂഹിക സംവിധാനമെന്നായിരിക്കും വിലയിരുത്തല്‍. പാശ്ചാത്യ സമ്പന്ന രാജ്യങ്ങള്‍ അവരുടെ ആവശ്യത്തിന് വേണ്ടി ഇത്തരം മുന്‍വിധികള്‍ സൃഷ്ടിച്ചും പ്രചരിപ്പിച്ചും ക്രൂരമായ കുത്തിത്തിരിപ്പുകള്‍ നടത്തിയുമാണ് ആഫ്രിക്കന്‍, ഏഷ്യന്‍ രാഷ്ട്രങ്ങളെ ദുര്‍ബലമാക്കിയത്. ഈ രാജ്യങ്ങളുടെ ഭാഗധേയം മാറ്റാന്‍ എപ്പോഴൊക്കെ അവിടുത്തെ ജനം തീരുമാനിച്ചോ അപ്പോഴെല്ലാം അതിനെ താറുമാറാക്കാനുളള ശ്രമം നടന്നിട്ടുണ്ട്. ഈ ചരിത്രം വാ പിളര്‍ത്തി മുന്നിലുണ്ടെന്നത് മാത്രമാണ് പാക്കിസ്ഥാനെക്കുറിച്ച് ഇപ്പോള്‍ ഉണര്‍ന്ന ശുഭാപ്തി വിശ്വാസങ്ങളുടെ നിറം കടുത്തുന്ന ഘടകം. പരാജിത രാഷ്ട്രമെന്ന പഴിയില്‍ നിന്ന് പുറത്തു കടക്കാന്‍ പാക് ജനത തീരുമാനിച്ചിരിക്കുന്നുവെന്ന സന്ദേശമാണ് തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാകുമ്പോള്‍ അവശേഷിക്കുന്നത്.
ഇനി ഫലത്തിലേക്ക് വരാം. വോട്ടെണ്ണല്‍ പൂര്‍ത്തിയായി അന്തിമ ഫലപ്രഖ്യാപനം വന്നിട്ടില്ല. ചെറു പാര്‍ട്ടികളുടെയും സ്വതന്ത്രരുടെയും പിന്തുണയോടെ പാക്കിസ്ഥാന്‍ മുസ്‌ലിം ലീഗ് (നവാസ്) സര്‍ക്കാറുണ്ടാക്കും. നവാസ് ശരീഫ് മൂന്നാം തവണ രാജ്യത്തിന്റെ പ്രധാനമന്ത്രിയാകും. പി എം എല്‍ (എന്‍) 130 സീറ്റ് നേടി. അഞ്ച് വര്‍ഷം അധികാരം കൈയാളിയ ആസിഫലി സര്‍ദാരിയുടെ പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി 32 സീറ്റിലേക്ക് ഒതുങ്ങി. ഇമ്രാന്‍ ഖാന്റെ പാക്കിസ്ഥാന്‍ തഹ്‌രീകെ ഇന്‍സാഫാ(പി ടി ഐ)ണ് രണ്ടാം സ്ഥാനത്ത്. പി ടി ഐക്ക് 34 സീറ്റുണ്ടെന്നാണ് ഏറ്റവും പുതിയ വിവരം. 342 അംഗ ദേശീയ അസംബ്ലിയിലേക്ക് 272 സീറ്റിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ബാക്കി വരുന്ന 70 സീറ്റുകള്‍ വനിതകള്‍ക്കും മുസ്‌ലിം ഇതര വിഭാഗങ്ങള്‍ക്കുമായി സംവരണം ചെയ്തവയാണ്. ഈ സീറ്റിലേക്ക് നാമനിര്‍ദേശമാണ് നടക്കുക. വിവിധ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പില്‍ നേടിയ വോട്ടുകള്‍ക്കനുസരിച്ചാണ് ഇത് വീതിക്കപ്പെടുക. അങ്ങനെ വരുമ്പോള്‍ ഈ സീറ്റില്‍ ഭൂരിഭാഗവും പി എം എല്‍ എന്നിന് തന്നെ ലഭിക്കും. കേവല ഭൂരിപക്ഷം തികഞ്ഞിട്ടില്ലാത്ത പി എം എല്‍ എന്നിനെ 12 സീറ്റുള്ള മുത്തഹിദ ക്വാമി മൂവ്‌മെന്റും എട്ട് സ്വതന്ത്രന്‍മാരും പിന്തുണക്കും. പ്രധാന പാര്‍ട്ടികളുടെ പിന്തുണ വേണ്ടി വരില്ല. ഊന്നുവടി വേണ്ടെന്ന് നവാസ് ശരീഫ് പ്രഖ്യാപിച്ചതിന്റെ അര്‍ഥമതാണ്.
നവാസ് ശരീഫിന്റെ വിജയത്തേക്കാള്‍ പ്രാധാന്യപൂര്‍വം വിശകലനം ചെയ്യേണ്ടത് പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ ദയനീയ പരാജയമാണ്. മുന്‍ പ്രധാനമന്ത്രി രാജാ പര്‍വേസ് അശ്‌റഫ് അടക്കം പി പി പിയുടെ പ്രമുഖരെല്ലാം മൂക്കുകുത്തി വീണു. അയോഗ്യത കല്‍പ്പിക്കപ്പെട്ട് തിരഞ്ഞെടുപ്പില്‍ നിന്ന് മാറി നില്‍ക്കേണ്ടി വന്ന മുന്‍ പ്രധാനമന്ത്രി യൂസുഫ് റാസാ ഗീലാനിയുടെ രണ്ട് മക്കളും തോറ്റു. പാര്‍ട്ടിക്ക് വലിയ നേട്ടമുണ്ടാക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന പഞ്ചാബ് പ്രവിശ്യയില്‍ ഏറെ പിന്നോട്ട് പോയി. സിന്ധിലാണ് ആശ്വസിക്കാനെങ്കിലും വകയുള്ളത്. ശക്തമായ ഭരണവിരുദ്ധ വികാരം തന്നെയാണ് പി പി പിക്ക് വിനയായത്.
നവാസ് ശരീഫിന്റെ പാര്‍ട്ടിയെ ജനം വിലയിരുത്തുന്നത് ഓര്‍മകളിലൂടെയാണ്. അദ്ദേഹത്തിന്റെ രണ്ട് ഊഴങ്ങളും വിസ്മൃതിയിലാണ്ടിരിക്കുന്നു. പി പി പിയുടെ കാര്യം അതല്ല. അവരുടെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളുടെ മുമ്പിലുണ്ട്. സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന, അമേരിക്കയുടെ ഡ്രോണ്‍ ആക്രമണങ്ങള്‍ അനുഭവിക്കുന്ന, സൈന്യവും കോടതിയും സര്‍ക്കാറും നടത്തുന്ന വടംവലികള്‍ നേരിട്ട് കാണുന്ന, അയല്‍ രാജ്യങ്ങളുമായുള്ള അഭിപ്രായവ്യത്യാസങ്ങള്‍ സൃഷി്ടിക്കുന്ന ആഭ്യന്തര അനിശ്ചിതത്വങ്ങള്‍ മനസ്സിലാക്കുന്ന ജനം ആദ്യം ശിക്ഷിക്കുക പി പി പിയെ തന്നെയായിരിക്കും. അഴിമതിയില്‍ മുങ്ങിക്കുളിച്ച രാഷ്ട്രത്തിന്റെ വര്‍ത്തമാന കാല അവസ്ഥയുടെ അടിയന്തര ഉത്തരവാദി ഭരണകക്ഷി തന്നെയാണല്ലോ. എന്നാല്‍ ഇതൊക്കെ മറി കടക്കാന്‍ പി പി പിക്ക് സാധിക്കുമായിരുന്നു. തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് പാര്‍ട്ടിയില്‍ രൂപപ്പെട്ട പ്രശ്‌നങ്ങള്‍ ഇല്ലായിരുന്നുവെങ്കില്‍.
ഭൂട്ടോ പാരമ്പര്യത്തിന്റെ അഹങ്കാരമുള്ള പാര്‍ട്ടിയെ നയിക്കാന്‍ ആളില്ലാത്ത സ്ഥിതിയായിരുന്നു ഇത്തവണ. കോടതി വിലക്കിന്റെ വില്ല് മുറുകിയപ്പോള്‍ പ്രസിഡന്റ് സര്‍ദാരിക്ക് സജീവ രാഷ്ട്രീയത്തില്‍ നിന്ന് പുറത്തു നില്‍ക്കേണ്ടി വന്നു. യൂസുഫ് റാസാ ഗീലാനിയും നിയമക്കുരുക്കിലായിരുന്നു. പിന്നെയുള്ളത് സര്‍ദാരിയുടെ മകന്‍ മകന്‍ ബിലാവല്‍ ഭൂട്ടോയാണ്. ജനങ്ങളില്‍ ആവേശം വിതറാന്‍ ബിലാവല്‍ എന്ന 24കാരന് സാധിക്കുമായിരുന്നു. എന്നാല്‍ സര്‍ദാരിയുടെ പെരുന്തച്ചന്‍ കോപ്ലക്‌സും സുരക്ഷാ പ്രശ്‌നങ്ങളും ഈ യുവരാജാവിനെ പിന്‍ബെഞ്ചിലേക്ക് തള്ളി. അങ്ങനെ കപ്പിത്താനില്ലാത്ത കപ്പല്‍ പാരാജയത്തിലേക്ക് തെന്നി നീങ്ങി.
ക്രിക്കറ്റും രാഷ്ട്രീയവും ഇടകലര്‍ന്ന ജനപ്രിയ ഫോര്‍മുലയുമായി വന്ന ഇമ്രാന്‍ ഖാന് പോളിംഗ് ബൂത്തില്‍ വലിയ ചലനമുണ്ടാക്കാനായില്ലെന്നതും ശ്രദ്ധേയമാണ്. ഖൈബര്‍ പഖ്തുന്‍ഖ്വാ പ്രവിശ്യയില്‍ മാത്രമാണ് ഇമ്രാന് സാന്നിധ്യമറിയിക്കാനായത്. അദ്ദേഹത്തിന്റെ തഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടി പലയിടങ്ങളിലും പി പി പി വോട്ടുകളാണ് പിടിച്ചത്. അതുവഴി പി എം എല്‍ എന്നിന്റെ വിജയത്തിന് പരോക്ഷ സഹായമായി മാറുകയായിരുന്നു ഇന്‍സാഫ്. നാലിടങ്ങളില്‍ മത്സരിച്ച ഇമ്രാന്‍ ഖാന്‍ മൂന്നിടത്ത് ജയിച്ചെങ്കിലും ലാഹോറില്‍ തോറ്റത് അദ്ദേഹത്തിന് എക്കാലത്തേക്കും വലിയ മാനസിക ആഘാതമായിരിക്കും. അമേരിക്കന്‍വിരുദ്ധ മുദ്രാവാക്യങ്ങളാണ് ഇമ്രാന്‍ ഖാന്‍ ഉയര്‍ത്തിയിരുന്നത്. യുവാക്കള്‍ അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ കേള്‍ക്കാന്‍ തടിച്ചു കൂടി. പ്രാദേശിക, ഗോത്ര സമവാക്യങ്ങള്‍ക്കപ്പുറത്ത് തികഞ്ഞ രാഷ്ട്രീയം ചര്‍ച്ചക്കിട്ടു എന്നതാണ് ഇമ്രാന്‍ ഖാന്റെ പ്രാധാന്യം. പക്ഷേ, പ്രസംഗം കേള്‍ക്കാന്‍ വരുന്ന ജനസഞ്ചയം വോട്ടായി മാറില്ലെന്ന പാഠം പഠിച്ചു അദ്ദേഹം. മുദ്രാവാക്യങ്ങള്‍ പ്രയോഗവത്കരിക്കാന്‍ ഇമ്രാനെപ്പോലുള്ള പുതുമുഖത്തിന് സാധിക്കില്ലെന്ന തിരിച്ചറിവ് ജനം കൃത്യമായി ബൂത്തില്‍ പ്രതിഫലിപ്പിച്ചു. മതപശ്ചാത്തലമുള്ള പാര്‍ട്ടികള്‍ക്ക് ഒന്നിനും തിളങ്ങാനായില്ലെന്നതും ശ്രദ്ധേയമാണ്.
അമേരിക്കന്‍വിരുദ്ധ മുദ്രാവാക്യങ്ങള്‍ തന്നെയാണ് പാക്കിസ്ഥാനില്‍ വിജയിച്ചിരിക്കുന്നത്. ഇത് ഡ്രോണ്‍ ആക്രമണം അടക്കമുള്ള അമേരിക്കന്‍ ഇടപെടലിനോടുള്ള പാക് ജനതയുടെ ശക്തമായ പ്രതികരണമാണ്. അമേരിക്കന്‍ സാമന്ത രാജ്യമായി പാക്കിസ്ഥാന്‍ അധഃപതിക്കുന്നതിനെതിരെ രൂക്ഷമായ വിമര്‍ശങ്ങളാണ് നവാസ് ശരീഫ് പ്രചാരണ വേളയില്‍ ഉയര്‍ത്തിയിരുന്നത്. ബദല്‍ വിദേശ നയം അദ്ദേഹം മുന്നോട്ടു വെച്ചു. രാജ്യത്തിന്റെ പരമാധികാരം ഉയര്‍ത്തിപ്പിടിച്ച് മാത്രമേ ഭീകരവിരുദ്ധ നീക്കത്തില്‍ സഹകരിക്കുകയുള്ളൂവെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
പ്രധാനമന്ത്രിക്കസേരയില്‍ ഒരിക്കല്‍ കൂടി അവരോധിതനാകുമ്പോള്‍ ഈ പ്രഖ്യാപനങ്ങള്‍ നവാസ് ശരീഫിന് എടുത്താല്‍ പൊങ്ങാത്ത ഉത്തരവാദിത്വമാകും. ഇറാനുമായി പി പി പി സര്‍ക്കാര്‍ തുടങ്ങി വെച്ച ചങ്ങാത്തം അപ്പടി നിലനിര്‍ത്തേണ്ടി വരും. തീര്‍ച്ചയായും അമേരിക്ക പ്രകോപിതമാകും. സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന രാജ്യത്തിന് അമേരിക്കന്‍ സഹായം അനിവാര്യമാണെന്ന വിലയിരുത്തല്‍ ഒരു വശത്ത്. ജനങ്ങള്‍ക്ക് കൊടുത്ത വാഗ്ദാനങ്ങള്‍ മറുവശത്ത്. യു എസ് -പാക് ബന്ധം തന്നെയായിരിക്കും നവാസിന് മുന്നിലെ ഏറ്റവും വലിയ വെല്ലുവിളി. ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തുകയെന്ന ദൗത്യം ഏറ്റെടുക്കുമെന്ന് ശരീഫ് പ്രഖ്യാപിച്ചിട്ടുണ്ട്. കാര്‍ഗില്‍ നടന്നത് അദ്ദേഹത്തിന്റെ രണ്ടാമൂഴത്തിലാണ് എന്നതിനാല്‍ കരുതലോടെ മാത്രമേ ഇന്ത്യ ശരീഫ് ഭരണകൂടത്തെ സമീപിക്കുകയുള്ളൂ. സംശയത്തിന്റെ ഈ നിഴല്‍ നീക്കാനായിരിക്കും “പഞ്ചാബ് സിംഹം” പ്രയത്‌നിക്കുക.
സാമ്പത്തിക രംഗത്ത് സമൂലമായ പരിഷ്‌കരണങ്ങള്‍ക്ക് പാക്കിസഥാന്‍ സാക്ഷ്യം വഹിക്കും. കമ്പോള സാമ്പത്തിക മൂല്യങ്ങളില്‍ അമിതമായി വിശ്വാസമര്‍പ്പിക്കുന്നയാളാണ് ഈ ഉരുക്കു വ്യവസായി. പാക് സമ്പന്നരുടെ താത്പര്യങ്ങള്‍ക്ക് സ്വയമൊരു കോര്‍പ്പറേറ്റ് പ്രമുഖനായ നവാസ് മുന്തിയ പരിഗണന നല്‍കും. ഉദാരവത്കരണം അതിവേഗത്തിലാകും. സ്വകാര്യവത്കരണവും പൊടിപൊടിക്കും. ഐ എം എഫിന്റെയും ലോക ബേങ്കിന്റെയും സഹായങ്ങള്‍ക്കായി ഘടനാപരമായ നിരവധി മാറ്റങ്ങള്‍ക്ക് നവാസ് ഭരണകൂടം തയ്യാറാകും. സൈനിക അട്ടിമറി അനുഭവിച്ച നവാസ് ശരീഫ് സൈന്യവുമായി ഏറ്റുമുട്ടല്‍ ഒഴിവാക്കാന്‍ പരമാവധി ശ്രമിക്കും. തന്നെ സ്ഥാനഭ്രഷ്ടനാക്കിയ പര്‍വേസ് മുശര്‍റഫ് തടവറയില്‍ കിടക്കുകയാണ്. മുശര്‍റഫിനോടുള്ള സര്‍ക്കാറിന്റെ സമീപനം നിര്‍ണായകമായിരിക്കും. രാഷ്ട്രീയ സുസ്ഥിരതയാണ് ജനം ആഗ്രഹിക്കുന്നതെന്ന് നന്നായി അറിയാവുന്ന നവാസ് ശരീഫ് കരുതലോടെയായിരിക്കും നീങ്ങുക. സൈന്യത്തിന്റെ എക്‌സിക്യൂട്ടീവ് അധികാരങ്ങള്‍ കുറക്കാനായി സര്‍ദാരി നടത്തിയ ശ്രമങ്ങള്‍ സാവധാനമെങ്കിലും തുടരാനായിരിക്കും നവാസ് ശരീഫ് തീരുമാനിക്കുക. അഴിമതിയിയുടെയും കെടുകാര്യസ്ഥതയുടെയും നിലയില്ലാ കയങ്ങളില്‍ മുങ്ങുന്ന രാജ്യത്തെ കരകയറ്റാന്‍ നീതിന്യായ വിഭാഗത്തിന്റെ പിന്തുണയോടെ നവാസ് ശ്രമിക്കും. അങ്ങനെ സൈനിക ഇടപെടലിന്റെ പഴുതടക്കുക എന്നതാകും തന്ത്രം.
പാക്കിസ്ഥാനില്‍ ആര് അധികാരത്തില്‍ വന്നാലും ഒരു കാര്യം ഉറപ്പായിരുന്നു. ചൈനയുമായുള്ള ബന്ധം ഹൃദ്യമാകുമെന്നതാണ് അത്. വരും നാളുകളില്‍ ചൈനയായിരിക്കും പാക്കിസ്ഥാന്റെ ഏറ്റവും അടുത്ത സുഹൃത്ത്. അമേരിക്കക്ക് പോലും തടയിടാനാകാത്ത കരുത്തുറ്റ സൗഹൃദമായിരിക്കും അത്. അമേരിക്കയൊഴിഞ്ഞ അഫ്ഗാനില്‍ ചൈനീസ് സഹായത്തോടെ പാക്കിസ്ഥാന്‍ ഇറങ്ങിക്കളിക്കും. മേഖലയിലെ ഇന്ത്യയൊഴിച്ചുള്ള എല്ലാ രാഷ്ട്രങ്ങളുമായും സാമ്പത്തിക സഹകരണം ശക്തമാക്കും. രാഷ്ട്രീയ പ്രതിബന്ധങ്ങള്‍ ചൈന നീക്കിക്കൊടുക്കും. പാക്-ചൈന ബാന്ധവത്തിന്റെ വേഷപ്പകര്‍ച്ചകളാകും വരും നാളുകളിലെ പ്രധാന ചര്‍ച്ചാ വിഷയം.