Malappuram
നാല് പവന്‍ കവര്‍ന്ന് കള്ളന്‍ വിളിച്ചു 'നിങ്ങളുടെ ആഭരണം കയ്യിലുണ്ട്, ഉപദ്രവിക്കരുത്'
തിരൂര്‍: അര്‍ധരാത്രി വീട്ടിലെത്തി നാല് പവന്‍ കവര്‍ന്ന കള്ളന്‍ ഒടുവില്‍ വീട്ടിലേക്ക് ഫോണ്‍ ചെയ്ത് പറഞ്ഞു. “നിങ്ങളുടെ ആഭരണം തന്റെ കയ്യിലുണ്ട്. ഉപദ്രവിക്കരുത്”.
നടുവിലങ്ങാടി മുണ്ടേക്കാട്ട് നസറുവിന്റെ വീട്ടില്‍ കയറി സഹോദരിയുടെ നാല് പവന്റെ മാലയാണ് കള്ളന്‍ കൊണ്ടുപോയത്. വീട്ടിലുണ്ടായിരുന്ന മൊബൈല്‍ഫോണിന്റെ നമ്പര്‍ കൈക്കലാക്കിയ വിരുതന്‍ പുലര്‍ച്ചെയാണ് വീട്ടിലേക്ക് വിളിച്ചത്. രാവിലെ തിരൂരിലെ സെന്‍ട്രല്‍ ജംഗ്ഷനില്‍ എത്തിയാല്‍ ആഭരണം തരാമെന്ന് പറഞ്ഞെങ്കിലും പിന്നീട് മോഷ്ടാവിന്റെ ഫോണ്‍ സ്വിച്ച് ഓഫാകുകയായിരുന്നുവെന്ന് വീട്ടുകാര്‍ പറയുന്നു.
ഓല മേഞ്ഞ വീടായതിനാല്‍ വീടിനകത്തേക്ക് പെട്ടെന്ന് കയറി ആഭരണം കൈക്കലാക്കാന്‍ കള്ളന് കഴിഞ്ഞു. ശബ്ദം കേട്ട ഉടനെ എഴുന്നേറ്റ് വീട്ടുകാര്‍ പരിസരം മുഴുവന്‍ തിരഞ്ഞെങ്കിലും മോഷ്ടാവിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. തൊട്ടടുത്ത് തന്നെ ഉണ്ടായിരുന്ന മൊബൈല്‍ ഫോണും മറ്റും കള്ളന്‍ കൊണ്ടുപോയിട്ടില്ല. വീട്ടുകാര്‍ തിരൂര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
മൊബൈല്‍ഫോണില്‍ ബന്ധപ്പെട്ടതിനാല്‍ ടവര്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്. വിവരം സൈബര്‍സെല്ലിന് കൈമാറിയതായി തിരൂര്‍ എസ് ഐ സജീന്‍ശശി അറിയിച്ചു.