Wayanad
വിദ്യാഭ്യാസ ചൂഷണത്തിനെതിരേ അണ്‍ എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ സമരത്തിനൊരുങ്ങുന്നു
കല്‍പ്പറ്റ: വിദ്യാഭ്യാസ മേഖലയിലെ ചൂഷണത്തിനെതിരേ അണ്‍ എയ്ഡഡ് അധ്യാപകര്‍ സമരത്തിനൊരുങ്ങുന്നു. വന്‍ തൊഴില്‍ ചൂഷണത്തിന് വിധേയരാവുന്ന അണ്‍ എയ്ഡഡ് മേഖലയിലെ അധ്യാപകര്‍ ഈയടുത്ത കാലത്താണ് സംഘടനയുടെ കീഴില്‍ അണിനിരക്കാന്‍ തുടങ്ങിയത്.
അണ്‍ എയ്ഡഡ് മേഖലയിലെ അധ്യാപകര്‍ക്ക് മാന്യമായ ശമ്പളം നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശമുണ്ടായിട്ടും നടപ്പിലാക്കാന്‍ മാനേജ്‌മെന്റുകള് തയ്യാറായിട്ടില്ല. കോടതി ഉത്തരവ് മറികടക്കുന്നതിന് ഉയര്‍ന്ന ശമ്പളം ചെക്കെഴുതിയ ശേഷം നിശ്ചിത സംഖ്യ കഴിച്ച് ബാക്കി മാനേജ്‌മെന്റുകള്‍ തിരിച്ചുപിടിക്കുയാണ് ചെയ്യുന്നത്. വയനാട് ജില്ലയില്‍ മാത്രം അമ്പതിലധികം സ്‌കൂളുകള്‍ അണ്‍ എയ്ഡഡ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആയിരത്തോളം അധ്യാപകരാണ് ഇവിടങ്ങളില്‍ ജോലി ചെയ്യുന്നത്. സി.ബി.എസ്.ഇ. അഫ്‌ലിയേഷന്‍ ബൈലോയും സ്‌റ്റേറ്റ് സിലബസ് പിന്തുടരുന്ന അണ്‍ എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകരുടെ സേവന വ്യാവസ്ഥകളളെകുറിച്ചുള്ള സര്‍ക്കാര്‍ ചട്ടങ്ങളും കാറ്റില്‍ പറത്തിയാണ് മിക്ക സ്‌കൂളുകളും പ്രവര്‍ത്തിക്കുന്നത്.
പല സ്‌കൂളുകളും അധ്യയന വര്‍ഷാരംഭത്തില്‍ അധ്യാപകരില്‍ നിന്നും 12 ചെക്കുകള്‍ വാങ്ങിവയ്ക്കുകയും ഓരോ മാസവും നിശ്ചിത ശമ്പളത്തിനപ്പുറം സര്‍ക്കാറിന്റേയും കോടതിയുടേയും കണ്ണുവെട്ടിക്കാന്‍ നല്‍കുന്ന തുക അധ്യാപകന്റെ ചെക്കിലെഴുതി തിരിച്ചു വാങ്ങുകയുമാണ് ചെയ്യുന്നത്. പ്രൈമറി തലത്തിലുള്ള അധ്യാപകര്‍ക്ക് 10,000 രൂപയും ഹൈസ്‌കൂള്‍ അധ്യാകര്‍ക്ക് 15,000 രൂപയും പ്ലസ്ടു മേഖലയിലുള്ളവര്‍ക്ക് 20,000 രൂപയും നല്‍കണമെന്ന് കഴിഞ്ഞ സെപ്തംബര്‍ 14ന് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നുണ്ട്. ഇത് മറികടക്കാനാണ് അധ്യാപരില്‍ നിന്നു ബ്ലാങ്ക് ചെക്ക് വാങ്ങിക്കുന്നത്.
രണ്ടായിരം മുതല്‍ 6,500 രൂപ വരെയാണ് ഇപ്പോള്‍ അധ്യാപകര്‍ക്ക് ലഭിക്കുന്ന ശമ്പളം. പുതുതായി ചേര്‍ന്നവര്‍ക്ക് വെക്കേഷന്‍ സാലറി ലഭിക്കുന്നുമില്ല. തൊഴില്‍ രംഗത്തെ ചൂഷണം വര്‍ധിച്ചതിനെ തുടര്‍ന്ന് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഈ രംഗത്ത് പ്രവര്‍ത്തനമാരംഭിച്ച കേരളാ അണ്‍ എയ്ഡഡ് സ്‌കൂള്‍ ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്‍ അധ്യാപകരുടെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ സമരരംഗത്തിറങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി 18ന് സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തും. അണ്‍ എയ്ഡഡ് അധ്യാപക മേഖലയിലെ തൊഴില്‍ ചൂഷണവും കൂട്ടപിരിച്ചുവിടലും അവസാനിപ്പിക്കുക, സര്‍ക്കാര്‍ സര്‍വീസിലെ അധ്യാപകരുടെ ശമ്പളത്തിന് തുല്യമായ ശമ്പളവും മറ്റു അവകാശങ്ങളും നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാര്‍ച്ച് നടത്തുന്നതെന്ന് ജില്ലാ ഭാരവാഹികളായ വി കെ സദാനന്ദന്‍, കെ എന്‍ ലജീഷ്, സജീഷ് മാത്യു, പി അവിനാഷ്, വ്യാസന്‍, സുനില്‍ സെബാസ്റ്റ്യന്‍, മനോജ് ജോര്‍ജ് പറഞ്ഞു. മാര്‍ച്ച് രാവിലെ 10ന് രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് മാര്‍ച്ച് ആരംഭിക്കും. പ്രൊ.ബി ഹൃദയകുമാരി ടീച്ചര്‍ ഉദ്ഘാടനം ചെയ്യും. കെ.യു.എസ്.ടി.ഒ. സംസ്ഥാന സെക്രട്ടറി വിദ്യ ആര്‍ ശേഖര്‍, പ്രസിഡന്റ് ജയ്‌സണ്‍ ജോസഫ് വൈസ് പ്രസിഡന്റ് എം ഷാജര്‍ഖാന്‍ സംസാരിക്കും. അണ്‍ എയ്ഡഡ് അധ്യാപകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരളത്തിലെ 140 എം.എല്‍.എ. മാര്‍ക്കും നിവേദനം നല്‍കും. വയനാട്ടില്‍ നിന്ന് 100 പ്രതിനിധികള്‍ മാര്‍ച്ചില്‍ പങ്കെടുക്കും. ജൂണ്‍മാസം മുതല്‍ മാന്യമായ ശമ്പളവും മറ്റു ആനുകൂല്യങ്ങളും നല്‍കാത്ത സ്‌കൂളികള്‍ക്കെതിരേ നിയമ നടപടി സ്വീകികരിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.