National
വാതുവെപ്പ്: ടെലിഫോണ്‍ സംഭാഷണങ്ങള്‍ പുറത്തുവിട്ടു
ന്യൂഡല്‍ഹി: വാതുവെപ്പുമായി ബന്ധപ്പെട്ട് ഐ പി എല്‍ താരങ്ങളും വാതുവെപ്പുകാരും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണം ഡല്‍ഹി പോലീസ് പുറത്തുവിട്ടു. മെയ് അഞ്ചിന് നടന്ന പൂനെ വാരിയേഴ്‌സ് രാജസ്ഥാന്‍ റോയല്‍സ് മത്സരത്തിന് മുമ്പാണ് വാതുവെപ്പുമായി ബന്ധപ്പെട്ട ആദ്യ തെളിവ് ഡല്‍ഹി പോലീസിന് ലഭിക്കുന്നത്. ടെലിഫോണ്‍ സംഭാഷണങ്ങളുടെ ചുരുക്കം താെഴ:
രാജസ്ഥാന്‍ റോയല്‍സ് താരം അജിത് ചാന്ദിലയും വാതുവെപ്പുകാരന്‍ അമിത്തും തമ്മില്‍:
ചാണ്ഡില: ശരി, ഞാന്‍ അടയാളം തരാം. ആദ്യ ഓവര്‍ സാധാരണ പോലെ പോകട്ടെ (മികച്ച പ്രകടനം കാഴ്ചവെച്ചു. ക്യാപ്ടന്റെ പിന്തുണ കിട്ടാന്‍) അതിനുശേഷം നോക്കാം.
അമിത്: ആദ്യ ഓവര്‍ ആത്മവിശ്വാസത്തോടെ എറിയൂ. രണ്ടാം ഓവര്‍ കൂടുതല്‍ ആത്മ വിശ്വാസത്തോടെ ഞങ്ങള്‍ക്ക് വേണ്ടിയും എറിയണം.
ചാന്ദില: ശരി, ഞാന്‍ ചെയ്‌തോളാം…
അമിത്: എന്താണ് നിങ്ങളുടെ അടയാളം?
ചാന്ദില: ഓവര്‍ തുടങ്ങുന്നതിന് മുമ്പ് ടീഷര്‍ട്ട് പൊക്കുകയും താഴ്ത്തുകയും ചെയ്യും.
എന്നാല്‍ ഓവര്‍ തുടങ്ങുന്നതിന് മുമ്പ് അടയാളം നല്‍കാന്‍ ചാണ്ഡില മറന്നു. മുന്‍ നിശ്ചയപ്രകാരം രണ്ടാം ഓവറില്‍ ചാണ്ഡില 14 റണ്‍സ് വിട്ടു നല്‍കിയിരുന്നുവെങ്കിലും അടയാളം മറന്നതിനാല്‍ വാതുവെപ്പുകാര്‍ അനുവദി്ച്ചില്ല. ഇത് വാതുവെപ്പുകാരും താരങ്ങളും തമ്മില്‍ വാഗ്വാദങ്ങള്‍ക്ക് ഇടയാക്കി. തങ്ങള്‍ക്ക്്് നഷ്ടം സംഭവിച്ചുവെന്നും മുന്‍കൂട്ടി നല്‍കിയ 20 ലക്ഷം തിരിച്ചു തരണമെന്നും വാതുവെപ്പുകാരന്‍ ചാന്ദിലയോട് ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് ചാന്ദിലക്ക് പണം നഷ്ടമായതായി ഡല്‍ഹി പോലീസ് കമ്മീഷണര്‍ നീരജ് കുമാര്‍ പറഞ്ഞു.
രണ്ടാമത്തെ പ്രധാന സംഭാഷണം ശ്രീശാന്തിന്റെ അടുത്ത സുഹൃത്ത് ജിജു ജനാര്‍ദ്ദനനും വാതുവെപ്പുകാരന്‍ ചന്ദും തമ്മിലായിരുന്നു. മെയ് 9ന് നടന്ന രാജസ്ഥാന്‍ റോയല്‍സ് കിംഗ്്‌സ് ഇലവന്‍ പഞ്ചാബ് മത്സരത്തിന് മുമ്പായിരുന്നു ഇത്. രണ്ടാം ഓവറില്‍ 14 റണ്‍സ് വിട്ടുകൊടുക്കുമെന്നായിരുന്നു ധാരണ.
ചന്ദ്: എന്താണ് അടയാളം?
ജിജു: ഞാന്‍ അവനോട് പറഞ്ഞിട്ടുണ്ട്. അസ്വാഭാവികമായി അവന്‍ ഒന്നും തന്നെ ചെയ്യില്ല. രണ്ടാം ഓവര്‍ തുടങ്ങുന്നതിന് മുമ്പ് ടൗവ്വല്‍ പുറത്തേക്ക് തൂക്കിയിടും അത്രമാത്രം.
ചന്ദ്: സഹോദരാ, അവനോട്(ശ്രീയോട്്്) ഓവര്‍ തുടങ്ങുന്നതിന് മുമ്പ് ഞങ്ങള്‍ക്ക് കുറച്ചു സമയം തരാന്‍ പറയണം. വാതുവെപ്പ് ആരംഭിക്കാന്‍ ഇത് സഹായിക്കും.
ഈ ഓവര്‍ ആരംഭിക്കുന്നതിന് മുമ്പ് ശ്രീശാന്ത് കൂടുതല്‍ സമയം വാംഅപ്പ് ചെയ്യുകയും ഫീല്‍ഡിംഗില്‍ മാറ്റം വരുത്തുകയും ചെയ്തുവെന്നും ഡല്‍ഹി പോലീസ് പറഞ്ഞു.
മൂന്നാമത്തെ സംഭാഷണം നടന്നത് ഐ.പി.എല്‍ താരങ്ങളായ ചാണ്ഡിലയും അമിത് ചവാനും തമ്മിലാണ്. മുംബൈ ഇന്ത്യന്‍സ് രാജസ്ഥാന്‍ റോയല്‍സ് മത്സരത്തിന് മുമ്പായിരുന്നു സംഭാഷണം. മത്സരത്തില്‍ അന്തിമ 11ല്‍ ചാന്ദിലക്ക് അവസരം ലഭിച്ചില്ല. എന്നാല്‍ ചവാന്‍ രണ്ടാം ഓവറില്‍ 13 റണ്‍സ് വിട്ടുനല്‍കുമെന്നായിരുന്നു വാഗ്ദാനം.
ചവാന്‍: ഞാന്‍ ഇപ്പോള്‍ പുറത്താണ്.
ചാണ്ഡില: ശരി, ഞാന്‍ ഒകെ പറയട്ടെ?
ചവാന്‍:: ശരി, എന്നാല്‍ എത്ര?
ചാണ്ഡില: അവര്‍ പറയുന്നത് 12(റണ്‍സ്).
ചവാന്‍: പറ്റില്ല, അത് നടക്കുമെന്ന്എനിക്ക് തോന്നുന്നില്ല .ഇത് വളരെ കൂടുതലാണ്.
ചാണ്ഡില: ഞാന്‍ അവര്‍ക്ക് ഉറപ്പുകൊടുത്തിട്ടുണ്ട്. അത് അസാധ്യമൊന്നുമല്ല. ഞാന്‍ ഒ.കെ പറയട്ടേ?
ചവാന്‍: ഒകെ. ശരി എന്ന് പറഞ്ഞോളൂ.
ചാണ്ഡില: ഒരു ഓവറിന് 60(ലക്ഷം) എന്നാണ് ഞാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ചവാന്‍: ശരി, സമ്മതിച്ചു. ഓവറിന് മുമ്പ് റിസ്റ്റ് ബാന്‍ഡ് ഞാന്‍ തിരിക്കും അതാണ് അടയാളം.
പിന്നീടുള്ള മറ്റൊരു ടെലഫോണ്‍ കോളിലൂടെ ചവാന്‍ 14 റണ്‍സോ അതില്‍ കൂടുതലോ റണ്‍സുകള്‍ വിട്ടുകൊടുക്കാന്‍ തീരുമാനിച്ചെന്ന് ഡല്‍ഹി പോലീസ് പറഞ്ഞു. എപ്പോഴാണെങ്കിലും രണ്ടാം ഓവറില്‍ റണ്‍സ് വിട്ടുകൊടുക്കണമെന്നായിരുന്നു ധാരണ. കൂടുതല്‍ വിവരങ്ങള്‍ ബി.ബി.എം മെസേജ് വഴി കൈമാറാമെന്നും പറഞ്ഞു.