Articles
ബഹുദൂരം! അതിവേഗം !!
പട്ടിണിയും പോഷകാഹാരക്കുറവും കാരണം അട്ടപ്പാടിയില്‍ ആദിവാസി കുഞ്ഞുങ്ങള്‍ മരിച്ചുവീണുകൊണ്ടിരിക്കുമ്പോഴാണ് യു ഡി എഫ് സര്‍ക്കാര്‍ വികസനവും കരുതലും എന്നു പറഞ്ഞുകൊണ്ട് രണ്ടാം വാര്‍ഷികം ആഘോഷിക്കുന്നത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്റെ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തന നേട്ടത്തിന്റെ പ്രതീകമാണത്. കുടിവെള്ളം കിട്ടാതെ ജനങ്ങള്‍ കടുത്ത ദുരിതത്തിലാണ്. കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ താത്കാലിക നടപടികളുമില്ല; ദീര്‍ഘകാല പദ്ധതികളുമില്ല. മാത്രമല്ല കുടിവെള്ള വിതരണം സ്വകാര്യവത്കരിക്കുകയും പണക്കാര്‍ക്കായി പരിമിതപ്പെടുത്തുകയും ചെയ്യുന്നതിന് കമ്പനി രൂപവത്കരിക്കുകയുമാണ് സര്‍ക്കാര്‍.
യു ഡി എഫ് ഭരണം കേരളത്തെ അക്ഷരാര്‍ഥത്തില്‍ അന്ധകാരത്തിലാഴ്ത്തുകയാണ് ചെയ്തത്. രാത്രിയും പകലും പവര്‍കട്ടും ലോഡ്‌ഷെഡിങ്ങും. പ്രഖ്യാപിത ലോഡ്‌ഷെഡിങ്ങിന് പുറമെ മണിക്കൂറുകള്‍ നീളുന്ന അപ്രഖ്യാപിത ലോഡ്‌ഷെഡിങ്ങ്. രണ്ട് വര്‍ഷം കൊണ്ട് ഒരു യൂനിറ്റ് പോലും വൈദ്യുതി കൂടുതലായി ഉല്‍പാദിപ്പിക്കാന്‍ കഴിഞ്ഞില്ല. കേന്ദ്രത്തില്‍ നിന്നും അധിക വൈദ്യുതി വിഹിതം വാങ്ങിയെടുക്കുന്നതിലും പരാജയപ്പെട്ടു. മൂന്ന് തവണയാണ് വൈദ്യുതിയുടെ നിരക്ക് വര്‍ധിപ്പിച്ചത്. എല്‍ ഡി എഫ് കാലത്തെ അപേക്ഷിച്ച് ഇരട്ടിയിലേറെയായിരിക്കുന്നു വൈദ്യുതി ചാര്‍ജ്. കാല്‍ക്കോടിയോളം പുതിയ കണക്ഷനുകള്‍ നല്‍കുകയും ലോഡ്‌ഷെഡിംഗ് ഇല്ലാതാക്കുകയും ചെയ്ത അഞ്ച് വര്‍ഷം കഴിഞ്ഞാണ് യു ഡി എഫ് അധികാരത്തില്‍ വന്നതും കേരളത്തെ ഇരുട്ടിലാക്കിയതും.
വിലക്കയറ്റം കാരണം ജനജീവിതം പൊറുതിമുട്ടിയിരിക്കുകയാണ്. കേന്ദ്രത്തില്‍ നിന്നും ലഭിക്കുന്ന റേഷന്‍ അരിയും ഗോതമ്പും സ്വകാര്യ ഗോഡൗണുകളിലേക്ക് തിരിച്ചുവിടുന്നു. സിവില്‍ സപ്ലൈസ് മന്ത്രിക്കെതിരെ ഒരു വര്‍ഷത്തിനകം നാല് വിജിലന്‍സ് കേസുകള്‍ വന്നിരിക്കുന്നു. പൊതുവിപണിയില്‍ അരി വില 45 രൂപ വരെയായി ഉയര്‍ന്നു. പലവ്യഞ്ജനങ്ങള്‍ക്കും പച്ചക്കറിക്കും അഞ്ചും ആറും മടങ്ങ് വില. യു ഡി എഫ് സര്‍ക്കാര്‍ സബ്‌സിഡികള്‍ വെട്ടിച്ചുരുക്കിയതിനാല്‍ മാവേലി സ്‌റ്റോറുകളില്‍ അവശ്യസാധനങ്ങള്‍ കിട്ടാത്ത സ്ഥിതിയാണ്.
കാര്‍ഷിക മേഖലയില്‍ വലിയ തകര്‍ച്ചയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. കടുത്ത വരള്‍ച്ച കാരണം പതിനായിരക്കണക്കിനേക്കറിലെ കൃഷി നശിക്കുകയാണ്. പറമ്പിക്കുളം-ആളിയാര്‍ കരാര്‍പ്രകാരം ലഭിക്കേണ്ട വെള്ളം നേടിയെടുക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. അതുമൂലം പാലക്കാട്ടെ മുപ്പതിനായിരത്തോളം ഏക്കര്‍ പാടത്തെ നെല്‍ കൃഷി ഉണങ്ങി. പറമ്പിക്കുളം ആളിയാര്‍ കരാര്‍പ്രകാരം കിട്ടേണ്ട ഏഴ് ടി എം സി വെള്ളത്തിനുപകരം 0.25 ടി എം സിയേ തരാനാകൂ എന്ന തമിഴ്‌നാടിന്റെ ശാഠ്യത്തിനു മുന്നില്‍ കീഴ്‌പ്പെട്ടു.
അരിയുടെ വില വര്‍ധനക്കനുസൃതം നെല്ലിന്റെ സംഭരണവില വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. മാത്രമല്ല സംഭരിച്ച നെല്ലിന്റെ വില കൃഷിക്കാര്‍ക്ക് നല്‍കാതെ കുടിശ്ശികയാക്കിവെച്ചിരിക്കുന്നു. കുട്ടനാട്ടിലെ കൃഷിക്കാര്‍ക്ക് മാത്രം ഈയിനത്തില്‍ നൂറ് കോടി രൂപ കുടിശ്ശികയാണ്. ഒരു തേങ്ങക്ക് ഒരു കോഴിമുട്ടയുടെ വില പോലും കിട്ടാത്ത അവസ്ഥയാണിന്ന്. ലക്ഷക്കണക്കിന് നാളികേര കൃഷിക്കാര്‍ കണ്ണീര്‍കുടിക്കുകയാണ്. ആശ്വാസനടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. ഉത്പന്നങ്ങളുടെ വിലയടിവും കടക്കെണിയും കാരണം രണ്ട് വര്‍ഷത്തിനുള്ളില്‍ നൂറോളം കൃഷിക്കാര്‍ ആത്മഹത്യ ചെയ്തു. ഇടതു സര്‍ക്കാര്‍ കര്‍ഷക ആത്മഹത്യ ഇല്ലാതാക്കിയിരുന്നു. യു ഡി എഫ് വന്നതോടെ വീണ്ടും പഴയ സ്ഥിതിയായി.
“അതിവേഗം, ബഹുദൂരം” എന്നത് രണ്ട് വര്‍ഷം കൊണ്ട് ഒരു പരിഹാസ വാചകമായിരിക്കുന്നു. വികസനരംഗത്ത് ഇത്രയും നിഷ്‌ക്രിയമായ ഒരു സര്‍ക്കാര്‍ വേറെ ഉണ്ടായിട്ടില്ല. എല്ലാ തര്‍ക്കങ്ങളും പരിഹരിച്ച് നിര്‍മാണ പ്രവൃത്തി തുടങ്ങാവുന്ന അവസ്ഥയിലായിരുന്നു എല്‍ ഡി എഫ് ഒഴിയുമ്പോള്‍ സ്മാര്‍ട്ട് സിറ്റി. എന്നാല്‍ രണ്ട് വര്‍ഷം പിന്നിട്ടിട്ടും ദുബൈയില്‍ ചെന്ന് രണ്ട് യോഗം നടത്തിയതല്ലാതെ പുരോഗതിയുണ്ടായില്ല. എല്‍ ഡി എഫ് കാലത്ത് നിരന്തര പരിശ്രമം നടത്തിയാണ് വല്ലാര്‍പാടം പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ കഴിഞ്ഞത്.
എന്നാല്‍ ഇപ്പോള്‍ പദ്ധതി പ്രയോജനരഹിതമാകുന്ന സ്ഥിതിയാണ്. പ്രകൃതിവാതകം കൊണ്ടുപോകുന്നതിനുള്ള പൈപ്പ് ലൈന്‍ പദ്ധതി അനിശ്ചിതത്വത്തിലാണ്. ഏറ്റെടുക്കുന്ന ഭൂമിക്ക് വിപണി വിലയും മറ്റ് നഷ്ടപരിഹാരവും നല്‍കി സുരക്ഷാക്രമീകരണങ്ങള്‍ ഉറപ്പാക്കി പദ്ധതി നടപ്പാക്കുന്നതിന് ശ്രമം സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഇല്ല. വിഴിഞ്ഞം ഇന്റര്‍നാഷണല്‍ കണ്ടെയ്‌നല്‍ ടെര്‍മിനല്‍ ട്രാന്‍സ്ഷിപ്പ്‌മെന്റ് പദ്ധതി അനിശ്ചിതത്വത്തിലായിരിക്കുകയുമാണ്. കൊച്ചി മെട്രോ പദ്ധതിയുടെ അടിസ്ഥാന സൗകര്യപ്രവൃത്തികള്‍ എല്‍ ഡി എഫ് സര്‍ക്കാറിന്റെ കാലത്ത് ഇ ശ്രീധരന്റെ നേതൃത്വത്തില്‍ ഡി എം ആര്‍ സി ആരംഭിച്ചതാണ്. എന്നാല്‍ ശ്രീധരനെ പുകച്ചുപുറത്തുചാടിക്കാനും ഡി എം ആര്‍ സിയെ ഒഴിവാക്കാനും വൃത്തികെട്ട കളി കളിച്ച് പദ്ധതിയുടെ നിര്‍മാണപ്രവൃത്തി വൈകിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. പാലക്കാട് കോച്ച് ഫാക്ടറി പദ്ധതിയും അനിശ്ചിതത്വത്തിലായിരിക്കുന്നു. ചേര്‍ത്തലയിലെ നിര്‍ദിഷ്ട വാഗണ്‍ നിര്‍മാണ യൂനിറ്റിനെപ്പറ്റി ഇപ്പോള്‍ കേള്‍ക്കാനേയില്ല.
20ല്‍ 16 ലോക്‌സഭാ അംഗങ്ങളുണ്ടായിട്ടും അതില്‍ എട്ട് പേരും കേന്ദ്രത്തില്‍ മന്ത്രിമാരായിട്ടും കേരളത്തോടുളള കേന്ദ്ര അവഗണനക്ക് അറുതി വരുത്താന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. കണ്ണൂര്‍ വിമാനത്താവള പദ്ധതിയുടെ നിര്‍മാണം തുടങ്ങുന്നതിന് നടപടികള്‍ മുന്നോട്ടുനീക്കിയില്ല. അതേസമയം ഭൂപരിധി നിയമം ലംഘിക്കുകയും തണ്ണീര്‍തടം നികത്തുകയും ചെയ്തുകൊണ്ട് ആറന്മുളയില്‍ വിമാനത്താവളം നിര്‍മിക്കാന്‍ കൂട്ട് നില്‍ക്കുന്നു.
ഭൂപരിഷ്‌കരണ നിയമം അട്ടിമറിച്ച് ഭൂമാഫിയയെ സഹായിക്കുന്നതിന് നിയമം കൊണ്ടുവന്ന സര്‍ക്കാറാണ് ഉമ്മന്‍ ചാണ്ടയുടെത്. കശുമാവിന്‍ തോട്ടങ്ങളെ ഭൂപരിധി നിയമത്തില്‍ നിന്നും ഒഴിവാക്കി. ഹാരിസണ്‍ കയ്യടക്കിവെച്ച പതിനായിരക്കണക്കിനേക്കര്‍ തോട്ടഭൂമി പാട്ടക്കാലാവധി കഴിഞ്ഞിട്ടും ഏറ്റെടുക്കാതെ ഉടമകള്‍ക്ക് അനുകൂലമായ നിലപാടെടുക്കുന്നു. നെല്ലിയാമ്പതിയില്‍ അനധികൃതമായി വനഭൂമിയും തോട്ടഭൂമിയും കൈയടക്കിവെച്ചവര്‍ക്ക് സര്‍ക്കാര്‍ ഒത്താശ ചെയ്യുന്നു.
സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ പദ്ധതി റദ്ദാക്കുകയും പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി അടിച്ചേല്‍പ്പിക്കുകയും പെന്‍ഷന്‍ ഫണ്ട് കോര്‍പ്പറേറ്റുകള്‍ക്ക് അമ്മാനമാടാന്‍ അവസരമൊരുക്കിക്കൊടുക്കുകയും ചെയ്തു. പെന്‍ഷന്‍ പ്രായം വര്‍ധിപ്പിച്ചു. പൊതുവിദ്യാഭ്യാസം തകര്‍ക്കുന്നതിലും അണ്‍എയിഡഡ് സ്‌കൂളുകള്‍ക്ക് ലക്കും ലഗാനുമില്ലാതെ അനുമതി നല്‍കി. എമര്‍ജിംഗ് കേരള പരിപാടി പ്രഹസനമായി മാറി. പുതിയ ഒരു പദ്ധതി പോലും വന്നില്ല.
വര്‍ഗീയ, സാമുദായിക ശക്തികള്‍ക്ക് പൂര്‍ണമായും കീഴ്‌പ്പെട്ടുകൊണ്ട് കേരളത്തിന്റെ സൈ്വരം കെടുത്തുകയും സാംസ്‌കാരിക ജീര്‍ണത സൃഷ്ടിക്കുകയും ചെയ്യുന്ന ഭരണമാണ് ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ നടക്കുന്നത്. പെണ്‍വാണിഭവും മാഫിയകളുടെ അഴിഞ്ഞാട്ടവും കവര്‍ച്ചകളും കൊലപാതകങ്ങളും വര്‍ധിച്ച് ക്രമസമാധാനനില പാടേ തകര്‍ന്നിരിക്കുന്നു. നിയമനത്തിനും സ്ഥലംമാറ്റത്തിനും കോഴ കൊടുത്തേ പറ്റൂ എന്ന സ്ഥിതി വന്നിരിക്കുന്നു. പി എസ് സിയെ അവഗണിച്ച് പിന്‍വാതില്‍ നിയമനം പൊടിപൊടിക്കുകയാണ്. കോവളം കൊട്ടാരവും സ്ഥലവും പതിച്ചുനില്‍കിയതിനെതിരെയുളള വിജിലന്‍സ് കേസ് പിന്‍വലിച്ച് സ്വകാര്യ ഉടമകള്‍ക്ക് കൈമാറിയത് സാധൂകരിക്കാന്‍ ഗൂഢ പദ്ധതിയുമായി മുന്നോട്ടുപോകുകയാണ് സര്‍ക്കാര്‍.
സ്ത്രീ പീഡകരെ സംരക്ഷിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. സൂര്യനെല്ലി കേസില്‍ ഇരയായ പെണ്‍കുട്ടി പി ജെ കുര്യനെതിരെ വീണ്ടും പരാതിപ്പെടുകയും മുഖ്യ പ്രതി ധര്‍മരാജന്‍ കുര്യനെതിരെ പുതിയ തെളിവുകള്‍ വ്യക്തമാക്കുകയും ചെയ്തിട്ടും തുടരന്വേഷണം നടത്താന്‍ തയ്യാറായില്ല. മന്ത്രിസഭയിലെ അംഗമായ കെ ബി ഗണേഷ് കുമാര്‍ തന്നെ ക്രൂരമായി മര്‍ദിച്ചുപരുക്കേല്‍പ്പിച്ചതായും മന്ത്രിമന്ദിരം അനാശാസ്യത്തിനുപയോഗിച്ചതായും പത്‌നി മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നല്‍കിയിട്ടും ഗണേഷ് കുമാറിനനുകൂലമായ നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്.
എല്ലാ അര്‍ഥത്തിലും ജനവഞ്ചന മുഖമുദ്രയാക്കിയ ഭരണമാണിവിടെ കഴിഞ്ഞ രണ്ട് വര്‍ഷമായി നടക്കുന്നത്. വിലക്കയറ്റം രൂക്ഷമാക്കുകയും കാര്‍ഷിക മേഖല തകര്‍ക്കുകയും പൊതുമേഖലയെ ക്ഷീണിപ്പിക്കുകയും ക്രമസമാധാനം തകര്‍ക്കുകയും വികസന, ക്ഷേമ പദ്ധതികള്‍ നിശ്ചലമാക്കുകയും വര്‍ഗീയ, സാമുദായിക ശക്തികള്‍ക്ക് കീഴ്‌പ്പെടുകയും ചെയ്ത അപമാനകരമായ ഭരണം.