Articles
വനിതാ വിദ്യാഭ്യാസം: മര്‍കസിന് പുതിയ സംരംഭം
സ്ത്രീ വിദ്യാഭ്യാസത്തിനും അവയുടെ ഇസ്‌ലാമിക ശിക്ഷണത്തിനുമായി മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യക്ക് കീഴില്‍ ആരംഭിക്കുന്ന വിപുലമായ സംവിധാനമാണ് അക്കാദമി ഓഫ് വിമന്‍ ആന്‍ഡ് ഇസ്‌ലാമിക് സയന്‍സസ് (Academy of Women and Islamic Sciences – AWIS) ദ്വിവത്സര, പഞ്ചവത്സര കോഴ്‌സുകള്‍, കറസ്‌പോണ്‍ഡന്‍സ് കോഴ്‌സുകള്‍, വിവിധ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ എന്നിവയാണ് മര്‍കസ് AWIS ന് കീഴില്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നത്
സ്വന്തത്തെ കുറിച്ചറിയാനും സ്വത്വബോധം നിലനിര്‍ത്താനും തന്റെ ശക്തിയും ദൗര്‍ബല്യവും മനസ്സിലാക്കി ജീവിതത്തോട് പൊരുത്തപ്പെടാനും പെണ്‍കുട്ടികളെ പ്രാപ്തരാക്കേണ്ടതുണ്ട്. ആവശ്യമായ കുടുംബ ഭരണം, സന്താന ശിക്ഷണം എന്നിവ പരിശീലിച്ച് സമൂഹ സൃഷ്ടിയില്‍ സ്ത്രീകളുടെ പങ്കിനെ തര്യപ്പെടുത്തുകയാണ് ഈ പുതിയ സംരംഭത്തിലൂടെ മര്‍കസ് ലക്ഷ്യം വെക്കുന്നത്. ഏകീകൃത സിലബസ്സ് സംവിധാനത്തിലൂടെ ഇന്ത്യയിലും വിദേശത്തും സെന്ററുകള്‍ അനുവദിച്ച് ഏറ്റവും മികച്ച സിലബസ്സിലൂടെ ഒരു പുതിയ സാമൂഹിക ക്രമം ചിട്ടപ്പെടുത്തിയെടുക്കാനാണ് മര്‍കസ് ശ്രമിക്കുന്നത്.
കാലികയുഗത്തില്‍ പീഡനങ്ങളും അസാന്മാര്‍ഗികതയും വര്‍ധിച്ചുകൊണ്ടിരിക്കുമ്പോള്‍ സന്മാര്‍ഗവും ഇസ്‌ലാമിക ബോധവും സംസ്‌കരണവും ലഭിക്കാന്‍ സാധ്യമാകുന്ന സ്ത്രീ ക്യാമ്പസുകള്‍ ഉയര്‍ന്നു വരേണ്ടതുണ്ട്. അതിനുവേണ്ടിയുള്ള ചെറിയൊരു ചുവടുവെപ്പാണ് മര്‍കസ് ഈ വര്‍ഷം മുന്നോട്ടു വെക്കുന്നത്. ഈ അധ്യായന വര്‍ഷം മുതല്‍ ആരംഭിക്കുന്ന കോഴ്‌സിന്റെ പേരാണ് “ഹാദിയ.”
എന്താണ് ഹാദിയ
പ്ലസ് വണ്‍, പ്ലസ് ടു പഠനത്തോടൊപ്പം ഇസ്‌ലാമിക പാഠ്യപദ്ധതികളും പരിശീലിക്കുന്ന ദ്വിവത്സര കോഴ്‌സാണ് ഹാദിയ. ആറ് മാസം വീതമുള്ള നാല് സെമസ്റ്ററുകളിലായി സംവിധാനിച്ചിരിക്കുന്ന സിലബസ് പ്രകാരം ഒരു പെണ്‍കുട്ടി പഠനം പൂര്‍ത്തിയാക്കിയാല്‍ പ്ലസ് വണ്‍, പ്ലസ് ടു എന്നിവക്കു പുറമെ വിശ്വാസം, കര്‍മം, ആദര്‍ശം, കുടുംബ ഭരണം, വ്യക്തിത്വ വികസനം, സന്താന ശിക്ഷണം, സ്വയം തൊഴില്‍ പരിശീലനം, പ്രഥമ ശുശ്രൂഷ, ആരോഗ്യ പരിപാലനം, വിശുദ്ധ ഖുര്‍ആന്‍ പാരായണ പഠനം, ഹിഫഌ, തഫ്‌സീര്‍, സ്ത്രീ വിധിവിലക്കുകള്‍, ചരിത്രം, ഹദീസ,് സാഹിത്യ പരിശീലനം തുടങ്ങി കാലികമായ രൂപത്തിലാണ് ഹാദിയക്ക് വേണ്ടി സിലബസ് ക്രമീകരിച്ചിട്ടുള്ളത്. മര്‍കസ് ക്യാമ്പസില്‍ ഏതാനും പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നല്‍കി ഹാദിയ കോഴ്‌സ് ഈ വര്‍ഷം ആരംഭിക്കുന്നുണ്ട്.
സെന്ററുകള്‍
ഹാദിയ കോഴ്‌സ് പഠിപ്പിക്കുന്നതിനായി ഇന്ത്യക്കകത്തും വിദേശ നാടുകളിലും മര്‍കസ് AWIS ന് കീഴില്‍ സെന്ററുകള്‍ അനുവദിക്കുന്നുണ്ട്. മര്‍കസിലെ AWIS കൗണ്ടറില്‍ നിന്നും ലഭിക്കുന്ന അപേക്ഷാ ഫോമുകള്‍ പൂരിപ്പിച്ച് അപേക്ഷ സമര്‍പ്പിക്കുന്ന സെന്ററുകള്‍ക്ക് സൗകര്യങ്ങളും മാനദണ്ഡങ്ങളും പരിശോധിച്ച് സെന്ററുകള്‍ അനുവദിക്കുന്നതാണ്.
സിലബസ്, യൂനിഫോം, പഠനക്രമം എന്നിവ AWIS നിര്‍ദേശിക്കുന്ന രൂപത്തിലാകണം. പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകള്‍ക്കു പുറമെ മൂന്ന് സെമസ്റ്റര്‍ പരീക്ഷയും അവസാനം ഫൈനല്‍ പരീക്ഷയും എന്ന രൂപത്തിലാണ് പരീക്ഷകള്‍ ക്രമീകരിച്ചിരിക്കുന്നത്. സെന്ററുകള്‍ ആരംഭിക്കാന്‍ ആഗ്രഹിക്കുന്ന സ്ഥാപനങ്ങള്‍ 2013 ജൂണ്‍ 15 ന് മുമ്പ് അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
പരിശീലനം
സെന്ററുകളിലെ അധ്യാപകര്‍, സെന്റര്‍ നടത്തിപ്പുകാരായ മാനേജ്‌മെന്റുകള്‍ എന്നിവക്കായി മര്‍കസ് AWIS സമഗ്ര പരിശീലനം നല്‍കുന്നതാണ്.
കാന്തപുരം ഉസ്താദ്, സി മുഹമ്മദ് ഫൈസി, ഡോ.അബ്ദുല്‍ ഹകീം അസ്ഹരി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് എന്നിവരുടെ നേതൃത്വത്തില്‍ സമൂഹത്തിലെ പണ്ഡിതരും വിദ്യാഭ്യാസ വിചക്ഷണരും ചിന്തകരും അടങ്ങിയ സമിതി ഈ സംരംഭത്തിന് വേണ്ടി കൈകോര്‍ക്കുന്നു.
ക്ലാസ് മുറികളില്‍ നിന്ന് പഠിച്ചു മറന്നതിന് ശേഷം എന്താണോ ബാക്കിയാകുന്നത് അതാണ് യഥാര്‍ഥ വിദ്യാഭ്യാസം എന്ന് ഒരു ചിന്തകന്‍ പറഞ്ഞിട്ടുണ്ട്. ശരിയായ വിധത്തില്‍ ചിന്തിക്കാനും സന്മാര്‍ഗികാടിസ്ഥാനത്തില്‍ വളരാനും സാമൂഹിക തിന്മകളോട് പൊരുതാനും കഴിയുന്ന രൂപത്തില്‍ സമൂഹത്തെ വളര്‍ത്തിയെടുക്കേണ്ടതുണ്ട്. അതിന് ഏറ്റവും കൂടുതല്‍ പരിശീലനം നല്‍കേണ്ടത് സ്ത്രീകള്‍ക്കാണ്. കാരണം, കുട്ടികളുടെ ആദ്യ റോള്‍ മോഡല്‍ മാതാക്കളാണ്. മാതാവ് നന്നാകുമ്പോഴും മാതാവിന്റെ സ്വഭാവം നന്നാകുമ്പോഴുമാണ് കുട്ടികള്‍ നല്ലവരായിത്തീരുന്നത്. സാമൂഹികക്രമത്തെ ചിട്ടപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുള്ള മര്‍കസിന്റെ ഈ മുന്നേറ്റത്തില്‍ എല്ലാവരുടെയും പിന്തുണ അഭ്യര്‍ഥിക്കുന്നു.