Palakkad
പൊട്രോള്‍ ഉത്പന്നങ്ങള്‍ കൊണ്ടുപോകുന്ന ടാങ്കര്‍ ലോറികളില്‍ കുടിവെള്ള വിതരണം
ചിറ്റൂര്‍: പെട്രോള്‍, ഡീസല്‍ ഉത്പന്നങ്ങള്‍ കൊണ്ട് പോയിരുന്ന ടാങ്കര്‍ലോറികളില്‍ കുടിവെള്ള വിതരണം നടത്തുന്നതായി പരാതി. ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന കാര്യമായതിനാല്‍ വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ ഗുണനിലവാരം പരിശോധനക്ക് വിധേയമാക്കണമെന്ന് കളക്ടറുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ കൊല്ലങ്കോട് ലക്ഷ്മീനാരായണന്‍ ആവശ്യപ്പെട്ടു. ഡെപ്യൂട്ടി കലക്ടര്‍ ആര്‍ നളിനി അധ്യക്ഷതവഹിച്ചു—
നെന്മാറപോത്തുണ്ടി പ്രധാനപാതയില്‍ പൈപ്പ് തകര്‍ന്ന് മാസങ്ങളായി കുടിവെള്ളം പാഴാകുന്നതായും പരാതിയുയര്‍ന്നു. കുടിവെള്ളംകിട്ടാതെ നാട്ടുകാര്‍ നട്ടം തിരിയുമ്പോള്‍ ആയിരക്കണക്കിന് ലിറ്റര്‍ വെള്ളം ഉപയോഗശൂന്യമാവുന്നു. സംഭവം പോത്തുണ്ടി ജലവിതരണപദ്ധതി അധികൃതരെ അറിയിച്ചിട്ടും നടപടിയില്ലെന്ന് പ്രദേശത്തുകാര്‍ പരാതിപ്പെട്ടു.
എലവഞ്ചേരി വില്ലേജോഫീസര്‍ ഇല്ലാതായിട്ട് മൂന്നുമാസമായതായും പരാതിയുണ്ട്. വില്ലേജ് ഓഫീസറെ ഉടനെ നിയമിക്കണമെന്നും പൊതു പ്രവര്‍ത്തകന്‍ നാസര്‍ ആവശ്യപ്പെട്ടു. പല്ലശ്ശന, ചിറക്കോട് പ്രദേശങ്ങളില്‍ ജലസേചനവകുപ്പിന്റെ ഭൂമി കൈയേറി മരംമുറിച്ചിട്ടും ബന്ധപ്പെട്ടവരില്‍ നിന്ന് നടപടിയില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു. കച്ചേരിമേട്ടിലുള്ള കോടതികള്‍, താലൂക്കോഫീസ്, ട്രഷറി, രജിസ്ട്രാഫീസ്, എകൈ്‌സസ്, വാണിജ്യ നികുതി എന്നീസ്ഥാപനങ്ങളില്‍ താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി നൂറുകണക്കിന് ജനങ്ങള്‍ ദിവസവും എത്തുന്നു. ഇവര്‍ക്ക് ദാഹമകറ്റാനോ പ്രാഥമികാവശ്യങ്ങള്‍ നടത്താനോ വേണ്ട സൗകര്യങ്ങളൊന്നും ഇവിടെയില്ല. ഇക്കാര്യത്തില്‍ മാനുഷികപരിഗണന കലക്ടറില്‍നിന്ന് ഉണ്ടാകണമെന്നാവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകര്‍ നിവേദനം നല്‍കി. നല്ലേപ്പിള്ളി, കൊടുവായൂര്‍ മേഖലകളില്‍ ഡെങ്കിപ്പനിയുള്ളതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിരുന്നു. പനി പടരാതിരിക്കാന്‍ നടപടി സ്വീകരിക്കുന്നതിനുപകരം ശുചീകരണം നടത്തണമെന്ന ഉപദേശത്തില്‍ ഒതുക്കിയതായും പരാതിയുണ്ടായി.—ലഭിച്ച പരാതികള്‍ തീര്‍പ്പാക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകളിലേക്ക് അയയ്ക്കുമെന്ന് ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു. തഹസില്‍ദാര്‍ വിജയകുമാര്‍ പങ്കെടുത്തു