National
ചൈനീസ് പ്രധാനമന്ത്രി ഇന്ന് രാഷ്ട്രപതിയുമായും വിദേശകാര്യമന്ത്രിയുമായും ചര്‍ച്ച നടത്തും
ന്യൂഡല്‍ഹി: ഇന്ത്യാ സന്ദര്‍ശനത്തിനായി ഡല്‍ഹിയിലെത്തിയ ചൈനീസ് പ്രധാനമന്ത്രി ലീ കെ ഷാങ് രാഷ്ട്രപതി പ്രണബ് മുഖര്‍ജി, കോണ്‍ഗ്രസ്സ് അധ്യക്ഷ സോണിയാ ഗാന്ധി, വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് എന്നിവരുമായി ഇന്ന് ചര്‍ച്ച നടത്തും. ചര്‍ച്ചയില്‍ അതിര്‍ത്തിപ്രശ്‌നം മുഖ്യവിഷയമാകും. ഉഭയകക്ഷി കരാറുകളിലും ഇരുരാജ്യങ്ങളും ഇന്ന് ഒപ്പുവെയ്ക്കും.
ഐടി ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയില്‍ ഇന്ത്യക്ക് ചൈനയില്‍ കമ്പോളം തുറന്നു കൊടുക്കുന്നത് സംബന്ധിച്ച് സല്‍മാന്‍ ഖുര്‍ഷിദ് ചര്‍ച്ച നടത്തും. ഇന്ത്യ, ചൈന, ബംഗ്ലാദേശ്, മ്യാന്‍മര്‍ സാമ്പത്തിക കാര്യങ്ങള്‍ സംബന്ധിച്ച ചര്‍ച്ചകളും ഉയര്‍ന്നുവരും. ഇരു രാജ്യങ്ങളും തമ്മില്‍ ഉഭയകക്ഷി കരാറില്‍ ഒപ്പുവെയ്ക്കുന്നതിനൊപ്പം സംയുക്ത പ്രസ്താവനയും പുറപ്പെടുവിക്കും.
ലഡാക്കിലെ കടന്നു കയറ്റത്തില്‍ ഇന്ത്യയ്ക്കുള്ള അതൃപ്തി ഇന്നലെ നടന്ന കൂടിക്കാഴ്ചയ്ക്കിടെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് വ്യക്തമാക്കിയതായാണ് സൂചന. ടിബറ്റന്‍ വംശജരുടെ പ്രതിഷേധം കണക്കിലെടുത്ത് ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.