Connect with us

National

രണ്ടാം യു.പി.എ. സര്‍ക്കാര്‍ അഞ്ചാംവര്‍ഷത്തിലേക്ക്‌

Published

|

Last Updated

ഡല്‍ഹി: രണ്ടാം യു പി എ സര്‍ക്കാര്‍ ഇന്ന് നാല് വര്‍ഷം പൂര്‍ത്തിയാക്കുന്നു. വൈകിട്ട് പ്രധാനമന്ത്രിയുടെ വസതിയില്‍ നടക്കുന്ന ചടങ്ങില്‍ സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് കാര്‍ഡ് പുറത്തിറക്കും. അടുത്ത ഒരു വര്‍ഷം തികയ്ക്കാന്‍ മന്‍മോഹന്‍സിംഗിന് കഴിയുമോ എന്നതാണ് നാലാം വാര്‍ഷിക വേളയില്‍ ഉയരുന്ന ചോദ്യം. തുടര്‍ന്ന് കൊണ്ടിരിക്കുന്ന കുംഭകോണങ്ങള്‍ക്കും അഴിമതിക്കഥകള്‍ക്കും ഇടയില്‍ പ്രധാനമന്ത്രിക്കും കോണ്‍ഗ്രസിനും ഇടയിലെ വിശ്വാസ തകര്‍ച്ചയും യുപിഎയില്‍ ഏറെ പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. ടു ജി, അഴിമതി സൃഷ്ടിച്ച പ്രതിസന്ധിക്കു പിന്നാലെ കല്‍ക്കരിപ്പാടം വിവാദം, റെയില്‍വേ കോഴ കേസ്.നിയമ മന്ത്രി അശ്വിനികുമാറും, റെയില്‍ മന്ത്രി പവന്‍കുമാര്‍ ബന്‍സലും അഴിമതിയുടെ പേരില്‍ രാജി വയ്‌ക്കേണ്ടി വന്നത് പത്തു ദിവസം മുമ്പാണ്. കല്‍ക്കരി കേസില്‍ അശ്വനികുമാര്‍ രാജിവച്ചെങ്കിലും തലവേദന ഇപ്പോഴും അവസാനിച്ചിട്ടില്ല. ജൂലൈ പത്തിന് കേസ് സുപ്രീം കോടതി പരിശോധിക്കുമ്പോള്‍ പ്രധാനമന്ത്രിക്കെതിരെ പരാമര്‍ശമുണ്ടായാല്‍ അത് കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാകും.
യുപിഎ അധ്യക്ഷ സോണിയാഗാന്ധി കര്‍ശന നിലപാടു സ്വീകരിച്ചതിന് ശേഷമാണ് രണ്ടു മന്ത്രിമാരുടെ രാജി വാങ്ങാന്‍ പ്രധാനമന്ത്രി തയ്യാറായത്. മുലായംസിംഗ് യാദവും മായാവതിയും എത്രകാലം പിന്തുണ തുടരും എന്നതിനെ ആശ്രയിച്ചാണ് സര്‍ക്കാരിന്റെഭാവി. ഈ ആശയക്കുഴപ്പത്തിനിടയ്ക്ക് വൈകിട്ട് പ്രധാനമന്ത്രിയുടെ വസതിയില്‍ നടക്കുന്ന വിരുന്നില്‍ സോണിയാഗാന്ധി സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് കാര്‍ഡ് പുറത്തിറക്കും. പാര്‍ട്ടിക്കും പ്രധാനമന്ത്രിക്കും ഇടയിലെ ഭിന്നത സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ തള്ളിക്കളയാന്‍ ഒരു പക്ഷെ സോണിയാഗാന്ധി ഈ അവസരം ഉപയോഗിക്കും.

ഭക്ഷ്യ സുരക്ഷാ ബില്‍, ഭുമി എറ്റെടുക്കല്‍ ബില്‍ ഇവ രണ്ടും പാസ്സാക്കി ശക്തമായി തിരിച്ചു വരാനാണ് കോണ്‍ഗ്രസ് ശ്രമം. ഇതിന് പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിക്കുന്നത് സംബന്ധിച്ച് തന്റെ അഭിപ്രായവും പ്രധാനമന്ത്രി ഇന്ന് മാധ്യമങ്ങളെ അറിയിക്കും. ഗ്രാമീണ വോട്ടര്‍മാരെ ലക്ഷ്യമാക്കിയുള്ള പ്രചരണവുമായി മുന്നോട്ടു പോകുമെന്ന് പ്രവാസികാര്യ മന്ത്രി വയലാര്‍ രവി പറഞ്ഞു.

എല്ലാ രംഗത്തും സര്‍ക്കാര്‍ പരാജയമാണെന്ന് ആരോപിച്ച ബി ജെ പി യു പി എയ്‌ക്കെതിരെ അടുത്തയാഴ്ച ജയില്‍ നിറയ്ക്കല്‍ സമരം നടത്താനുള്ള ശ്രമത്തിലാണ്. യു പി എയ്‌ക്കെതിരെ ശക്തമായ ഒരു ബദല്‍ സഖ്യം ഉണ്ടാക്കാനുള്ള നീക്കങ്ങള്‍ എന്‍ ഡി എയിലും മൂന്നാം ചേരിയിലും വരും ദിവസങ്ങളില്‍ ശക്തമാകുമെന്ന് ഉറപ്പാണ്.

Latest