Connect with us

Ongoing News

രണ്ടാം ക്വാളിഫയറില്‍ മുംബൈയ്ക്ക് എതിരാളി രാജസ്ഥാന്‍

Published

|

Last Updated

ന്യൂഡല്‍ഹി:സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനെ തോല്‍പ്പിച്ച് രാജസ്ഥാന്‍ റോയല്‍സ് ഐപിഎല്‍ ആറാം സീസണിലെ രണ്ടാം ക്വാളിഫയര്‍ മത്സരത്തിന് യോഗ്യത നേടി. ആദ്യ എലിമിനേറ്റര്‍ മത്സരത്തില്‍ നാല് വിക്കറ്റിനാണ് രാജസ്ഥാന്റെ ജയം. സണ്‍റൈസേഴ്‌സ് ഉയര്‍ത്തിയ 133 റണ്‍സ് വിജയലക്ഷ്യം മത്സരം അവസാനിക്കാന്‍ നാല് പന്ത് ശേഷിക്കെ രാജസ്ഥാന്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ മറിക്കടന്നു. അര്‍ധ സെഞ്ച്വറിയെടുത്ത ബ്രാഡ് ഹോഡ്ജിന്റെ പ്രകടന മികവിലാണ് രാജസ്ഥാന്റെ വിജയം. 29 പന്തില്‍ നിന്ന് 54 റണ്‍സാണ് ഹോഡ്ജ് അടിച്ചെടുത്തത്.

അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടിയിരുന്നത് പത്ത് റണ്‍സായിരുന്നു. ഡാരന്‍ സമി എറിഞ്ഞ അവസാന ഓവറിലെ ആദ്യ രണ്ട് പന്ത് സിക്‌സ് അടിച്ച് ഹോഡ്ജ് രാജസ്ഥാനെ വിജയതീരത്തെത്തിക്കുകയായിരുന്നു.

ഷെയിന്‍ വാട്‌സണ്‍ 24ഉം അജിങ്കായ രഹാന 18ഉം രാഹുല്‍ ദ്രാവിഡ് 12 ഉം റണ്‍സെടുത്ത് പുറത്തായി.

രണ്ടാം ക്വാളി ഫയറില്‍ മുംബൈ ഇന്ത്യന്‍സാണ് രാജസ്ഥാന്റെ എതിരാളി. മത്സരത്തില്‍ വിജയിക്കുന്ന ടീം. ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നേരിടും. നേരത്തെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. സ്‌കോര്‍ ബോര്‍ഡില്‍ മൂന്ന് റണ്‍സ് മാത്രമുള്ളപ്പോള്‍ പാര്‍ത്ഥിപ് പട്ടേലിനേയും ഹനുമാ വിഹാരിയേയും പുറത്താക്കി വിക്രംജിത്ത് മാലിക്ക് രാജസ്ഥാന് മത്സരത്തില്‍ മേല്‍ക്കൈ നേടിക്കൊടുത്തു. പിന്നീട് ക്രീസില്‍ എത്തിയ ശിഖര്‍ ധവാന്റേയും(33) കാമറൂണ്‍ വൈറ്റിന്റേയും(31) പ്രകടനമാണ് സണ്‍റൈസേഴ്‌സിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. 29 റണ്‍സെടുത്ത ഡാരന്‍ സമിയും മികച്ച പ്രകടനം പുറത്തെടുത്തു. എന്നാല്‍ ക്രീസില്‍ എത്തിയ മറ്റ് ബാറ്റ്‌സ്മാന്‍മാര്‍ക്ക് മികച്ച സ്‌കോര്‍ കണ്ടെത്താനാകാത്തത് സണ്‍റൈസേഴ്‌സിനെ ചെറിയ സ്‌കോറില്‍ ഒതുക്കി.

നിശ്ചിത ഇരുപത് ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് സണ്‍റൈസേഴ്‌സ് 132 റണ്‍സെടുത്തത്.

Latest