Connect with us

Kerala

പഞ്ചായത്തുകളെ ബന്ധിപ്പിച്ച് കണക്ടിവിറ്റി; എയര്‍പോര്‍ട്ട് സീപോര്‍ട്ട് സോണുകള്‍ തുടങ്ങും

Published

|

Last Updated

തിരുവനന്തപുരം: വിമാനത്താവളങ്ങളും പോര്‍ട്ടുകളും കേന്ദ്രീകരിച്ച് സീപോര്‍ട്ട് എയര്‍പോര്‍ട്ട് സോണുകള്‍ തുടങ്ങുമെന്ന് വ്യവസായമന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. കോഴിക്കോട്ടും കൊച്ചിയിലും തിരുവനന്തപുരത്തുമാണ് പ്രത്യേക സോണുകള്‍ വരിക. ഇതിനായി ഭൂമി കണ്ടെത്തി കൊണ്ടിരിക്കുകയാണ്. ഗ്രാമപഞ്ചായത്തുകളെ നെറ്റ്‌വര്‍ക്ക് വഴി ബന്ധിപ്പിക്കുന്ന ഒപ്റ്റിക്കല്‍ കണക്ടിവിറ്റി സംവിധാനം 2014 ആദ്യത്തോടെ നിലവില്‍ വരും. ഇതോടെ എല്ലാ പഞ്ചായത്തുകളിലും അതിവേഗ കണക്ട്‌വിറ്റി യാഥാര്‍ഥ്യമാകുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സര്‍ക്കാറുമായുള്ള എല്ലാവിധ കത്തിടപാടുകളും മറുപടി സേവനങ്ങളും ഇന്റര്‍നെറ്റ് അധിഷ്ഠിതമാക്കി കേരളത്തെ സമ്പൂര്‍ണമായി ഡിജിറ്റലൈസ്ഡ് സംസ്ഥാനമായി മാറ്റും.
ടെക്‌നോപാര്‍ക്കില്‍ 10,000 ഐ ടി പ്രൊഫഷനലുകള്‍ക്ക് ജോലി ചെയ്യാനുതകുന്ന 12 ലക്ഷം സ്‌ക്വയര്‍ഫീറ്റ് വിസ്തൃതിയുള്ള ടി സി എസ് ക്യാമ്പസിന്റെ പ്രവര്‍ത്തനം ഈ വര്‍ഷം തുടങ്ങും. തിരുവനന്തപുരം ടെക്‌നോസിറ്റിയില്‍ ടി സി എസിന്റെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ട്രെയിനിംഗ് സെന്റര്‍, ഇന്‍ഫോസിസിന്റെ രണ്ടാം ക്യാമ്പസ്, സണ്‍ടെക് ബിസിനസ് സൊല്യൂഷന്റെ ക്യാമ്പസ് എന്നീ പദ്ധതികള്‍ അതിവേഗം യാഥാര്‍ഥ്യമാക്കും. കൊല്ലം കുണ്ടറയിലെ ടെക്‌നോപാര്‍ക്ക് 2013 ആഗസ്റ്റില്‍ പ്രവര്‍ത്തനക്ഷമമാകും. ഒരു ലക്ഷം ചതുരശ്രയടി. സ്ഥലത്ത് 1,000 പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ഒമ്പത് കമ്പനികള്‍ ഇതിനകം ഇവിടെ സ്ഥലം ആവശ്യപ്പെട്ടിട്ടുണ്ട്.
കൊച്ചി ഇന്‍ഫോപാര്‍ക്കിന്റെ ഒന്നാം ഘട്ടത്തില്‍ 15.72 ഏക്കര്‍ സ്ഥലത്ത് ടി സി എസ് നിര്‍മിക്കുന്ന ഐ ടി ക്യാമ്പസിലെ 7.5 ചതുരശ്രഅടി ക്യാമ്പസ് ഇക്കൊല്ലം പൂര്‍ത്തിയാക്കും. 8,000 പേര്‍ക്ക് തൊഴില്‍ ലഭിക്കും. കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ കോഗ്‌നിസന്റെ ടെക്‌നോളജീസിന്റെ ക്യാമ്പസ് ആദ്യഘട്ടം 2013 ഡിസംബറില്‍ പ്രവര്‍ത്തനക്ഷമമാക്കും. 2014 ആഗസ്റ്റില്‍ ക്യാമ്പസ് പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാകുന്നതോടെ 6,000 ഐ ടി തൊഴിലുകള്‍ സാധ്യമാകുമെന്നാണ് കണക്കാക്കുന്നത്.
സംസ്ഥാനത്ത് 15 സ്വകാര്യ ഐ ടി പാര്‍ക്കുകള്‍ ആരംഭിക്കും. നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലാക്കുന്നതിനുള്ള കര്‍മപദ്ധതികള്‍ ആവിഷ്‌കരിച്ചുവരികയാണ്. പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിശ്ചിത പരിധിക്ക് മുകളിലുള്ള ഉത്പാദനത്തിന് ആനുപാതികമായി തൊഴിലാളികള്‍ക്ക് പ്രത്യേക ഉത്പാദന ആനുകൂല്യം നല്‍കുന്ന പദ്ധതി ഈ വര്‍ഷം മുതല്‍ നടപ്പിലാക്കും. 25 ശതമാനം തുക തൊഴിലാളികള്‍ക്ക് നല്‍കുകയും 25 ശതമാനം തൊഴിലാളികളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുകയും ചെയ്യും. മലബാര്‍ സിമന്റ്‌സിന്റെ ഉത്പാദനം 10 ലക്ഷം മെട്രിക് ടണ്‍ വര്‍ധിപ്പിക്കും. സ്റ്റേറ്റ് ഡ്രഗ്‌സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സും എച്ച് എല്‍ എല്ലുമായി ചേര്‍ന്നുള്ള പദ്ധതി പരിഗണനയിലാണ്. കെല്‍ട്രോണ്‍ എല്‍ ഇ ഡി ലൈറ്റ്, ജി പി എസ് ഡിവൈസ്, ഡിജിറ്റല്‍ സെറ്റ് ടോപ്പ് ബോക്‌സ്, സോളാര്‍ പവര്‍ കണ്ടാഷനര്‍ യൂനിറ്റ്, ടാബ്‌ലറ്റ് പി സി, സെയ്ഫ്‌കോം എന്നിവ നിര്‍മിക്കുകയും വിപണനം നടത്തുകയും ചെയ്യുന്ന പദ്ധതി ഈ വര്‍ഷം നടപ്പിലാക്കും. കേരള ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്‌മെന്റ് കോര്‍പറേഷനിലൂടെ സംസ്ഥാനത്തെ പ്രധാന നഗരങ്ങളെയും തുറമുഖങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന വ്യവസായ വികസന മേഖലയുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. പദ്ധതിക്ക് 1,103 ഏക്കര്‍ ഭൂമി കിന്‍ഫ്ര കണ്ടെത്തിയിട്ടുണ്ട്. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട് ജില്ലകളിലാണ് ഭൂമി കണ്ടെത്തിയിട്ടുള്ളത്. ഇതിന്റെ തുടര്‍ച്ചയായി എറണാകുളം ജില്ലയിലെ അങ്കമാലിയില്‍ 250 ഏക്കര്‍, തൃശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുടയില്‍ 280 ഏക്കര്‍, കോഴിക്കോട് ജില്ലയിലെ പെരുമണ്ണയില്‍ 140 ഏക്കര്‍ എന്നിവ ഈവര്‍ഷം ഏറ്റെടുക്കും.
എറണാകുളം നെല്ലാട് കിന്‍ഫ്ര വ്യവസായ പാര്‍ക്കിനോട് അനുബന്ധിച്ച് 1.20 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ സ്റ്റേന്‍ഡേര്‍ഡ് ഡിസൈനിംഗ് ഫാക്ടറി പൂര്‍ത്തീകരിക്കും. കണ്ണൂര്‍ ലതശേരിയില്‍ 60,000 ചതുരശ്രയടി വിസ്തീര്‍ണത്തിലും കൊല്ലം പിറവന്തൂരില്‍ 65,000 ചതുരശ്രയടിയിലും സ്റ്റേന്‍ഡേര്‍ഡ് ഡിസൈനിംഗ് ഫാക്ടറി പൂര്‍ത്തീകരിക്കും.വിദേശ രാജ്യങ്ങളിലെ അവസരങ്ങള്‍ നാട്ടിലെ സംരംഭകര്‍ക്ക് പ്രയോജനപ്പെടുത്തുന്ന ഓവര്‍സീസ് ഇന്‍വെസ്റ്റ്‌മെന്റ് പ്രമോഷന്‍ സെല്‍ രൂപവത്കരിക്കുമെന്നും മന്ത്രി അറിയിച്ചു