Connect with us

Lokavishesham

ചോരപുരണ്ട മണ്ണിനോട് ഹോക്കിംഗും വിസമ്മതത്തിലാണ്‌

Published

|

Last Updated

നാല് മിഥ്യകള്‍ക്ക് മുകളിലാണ് സയണിസ്റ്റ് പ്രത്യയശാസ്ത്രവും ഇസ്‌റാഈല്‍ രാജ്യവും പടുത്തുയര്‍ത്തിയതെന്ന് റാല്‍ഫ് ഷൂമാന്‍ എഴുതിയിട്ടുണ്ട്. സ്വന്തമായി നാടില്ലാത്തതിന്റെ വേദനയില്‍ നിന്നാണ് ജൂതരാഷ്ട്രം ഉണ്ടായിട്ടുള്ളതെന്ന മിഥ്യാസങ്കല്‍പ്പമാണ് ഒന്നാമത്തേത്. തങ്ങളുടെ രാഷ്ട്ര നിര്‍മിതിക്ക് എടുക്കാന്‍ പാകത്തില്‍ വിജനമാണ് ഫലസ്തീന്‍ എന്ന് വിളിക്കുന്ന ഭാഗമെന്നും അതുകൊണ്ട് ഇസ്‌റാഈലിന്റെ അതിര്‍ത്തി വിപുലീകരണ പരിപാടികള്‍ സ്വാഭാവികമാണെന്നും സയണിസ്റ്റുകള്‍ പ്രചരിപ്പിക്കുന്നു. ചരിത്രത്തിലുടനീളം തങ്ങള്‍ അധിവസിച്ചു പോരുന്ന ഭൂവിഭാഗത്തില്‍ നിന്ന് ഫലസ്തീന്‍ ജനതയെ അന്യരാക്കുന്നതിനുള്ള ന്യായീകരണമായി ഈ പ്രചാരണം മാറിയെന്ന് ഷൂമാന്‍ ചൂണ്ടിക്കാട്ടുന്നു. ഇസ്‌റാഈല്‍ ഒരു യഥാര്‍ഥ ജനാധിപത്യ രാഷ്ട്രമാണെന്നതാണ് രണ്ടാമത്തെ മിഥ്യ. പൗരസ്വാതന്ത്ര്യവും മനുഷ്യാവകാശവും നിയമപരമായി കവര്‍ന്നെടുക്കപ്പെട്ട ഒരു രാഷ്ട്രമാണ് ഈ അവകാശവാദം ഉന്നയിക്കുന്നത്. ഇസ്‌റാഈല്‍ കടുത്ത സുരക്ഷാ ഭീഷണിയില്‍ ആണെന്നതാണ് മൂന്നാമത്തെ നുണ. ആയുധങ്ങള്‍ കുന്നുകൂട്ടുന്നതിന് ഒരു അന്താരാഷ്ട്ര നിയമവും ഇസ്‌റാഈലിന് തടസ്സമല്ല. സൈനിക ശക്തിയില്‍ അഹംഭാവം കൊള്ളുന്ന രാഷ്ട്രമായി ഇസ്‌റാഈലിനെ നിലനിര്‍ത്തുന്നത് ഈ നുണയാണ്. ഹോളോകാസ്റ്റിന്റെ ഇരകള്‍ക്ക് നീതി തേടുകയാണ് സയണിസം ചെയ്യുന്നതെന്നതാണ് നാലാമത്തെ മിഥ്യ. എന്നാല്‍ ജൂതരെ കൊന്നൊടുക്കിയവരോട് മാത്രമല്ല അത്യന്തം കുടുസ്സായ ഹ്രസ്വകാല ലക്ഷ്യങ്ങള്‍ക്കായി ആരുമായും കൂട്ട് ചേരുന്ന രാജ്യമാണ് ഇസ്‌റാഈലെന്ന് പലവട്ടം തെളിഞ്ഞതാണ്.
ഇസ്‌റാഈല്‍ ഭീകരമായ യാഥാര്‍ഥ്യമാണ്. മധ്യപൗരസ്ത്യ ദേശത്ത് നടക്കുന്ന ഏത് കടന്നുകയറ്റത്തിലും അവരുണ്ട്. ഉപരോധത്തിന്റെയും നിരന്തരം ഉയരുന്ന ആക്രമണ ഭീഷണികളുടെയും കുന്തമുന നിതാന്തമായി ഇറാനു നേരെ നീളുന്നത് ഇസ്‌റാഈലിന്റെ താത്പര്യത്തിലാണ്. അമേരിക്കന്‍ ഭരണകൂടത്തില്‍ ജൂത ലോബിക്കുള്ള സ്വാധീനം എവിടെയും ഇടപെടാനുള്ള ലൈസന്‍സ് നല്‍കിയിരിക്കുന്നു. ഇസ്‌റാഈലിന്റെ സുരക്ഷ അമേരിക്കയുടെ ഏറ്റവും പ്രധാനപ്പെട്ട കര്‍ത്തവ്യമാണെന്ന് ഒബാമ മുതല്‍ പിന്നോട്ടുള്ള മുഴുവന്‍ അമേരിക്കന്‍ ഭാരണാധികാരികളും പ്രഖ്യാപിച്ചിട്ടുണ്ട്. ഇനി വരാനിരിക്കുന്ന പ്രസിഡന്റുമാരും ആ പ്രഖ്യാപനത്തില്‍ ഉറച്ചു നില്‍ക്കും. ആക്രമണോത്സുകമായ ഒരു കൂട്ടുകെട്ടാണ് അത്. ഇസ്‌റാഈല്‍ ചാര സംഘടനയായ മൊസ്സാദിന്റെ കണ്ണുകള്‍ എവിടെയും ഉണ്ട്. നിഗൂഢമായ കടന്നുകയറ്റങ്ങളുടെ ഒരു അധോലോകം തന്നെ അത് സൃഷ്ടിച്ചിരിക്കുന്നു. ഏതൊക്കെ രാജ്യങ്ങളില്‍ ഏതൊക്കെ തലങ്ങളില്‍ മൊസ്സാദിന്റെ ഏജന്റുമാരുണ്ടെന്ന് ഒരു നിശ്ചയവുമില്ല. ആണവ നിര്‍വ്യാപന കരാറില്‍ ഇസ്‌റാഈല്‍ ഒപ്പ് വെച്ചിട്ടില്ല. ഏറ്റവും അപകടകരമായ ആണവായുധങ്ങള്‍ കൈവശമുള്ള രാജ്യമാണ് ഇസ്‌റാഈല്‍. ആഗോള ആയുധക്കച്ചവടത്തിന്റെ ആസ്ഥാനമാണ് ജൂതരാഷ്ട്രം. മിക്കവാറും എല്ലാ രാജ്യങ്ങളും ഇസ്‌റാഈലുമായി കൂറ്റന്‍ കരാറികളില്‍ ഒപ്പ് വെച്ചിട്ടുണ്ട്. ഒരിക്കലും പിന്നോട്ട് പോകാനാകാത്ത വിധം കടപ്പെട്ട വ്യാപാര കരാറുകളിലും ഇന്ത്യയടക്കമുള്ളവ ഏര്‍പ്പെട്ടിരിക്കുന്നു. ഇസ്‌റാഈല്‍ ഉത്പന്നങ്ങള്‍ ലോകത്താകെ ഒഴുകിപ്പരക്കുന്നു. അതുകൊണ്ട് ഇസ്‌റാഈല്‍ വെറുമൊരു രാജ്യമല്ല. അക്രമി രാഷ്ട്രമെന്ന് തിരച്ചറിവുണ്ടായിട്ടും ചിന്തിക്കുന്നവര്‍ മുഴുവന്‍ ഇസ്‌റാഈലിനെ തുറന്നു കാട്ടിയിട്ടും അതിനെ നിരാകരിക്കാന്‍ ലോകരാഷ്ട്രങ്ങള്‍ക്ക് സാധിക്കുന്നില്ല. കറകളഞ്ഞ സയണിസ്റ്റ്‌വിരുദ്ധത നിലനിര്‍ത്തുന്ന രാജ്യങ്ങള്‍ വിരലിലെണ്ണാന്‍ പോലുമില്ല. അത്‌കൊണ്ടാണ് ഇസ്‌റാഈല്‍ ഭീകരമായ യാഥാര്‍ഥ്യമാകുന്നത്.
ഈ യാഥാര്‍ഥ്യത്തെ പ്രതിരോധിക്കാനും തുറന്നു കാണിക്കാനും ധീരമായി പരിശ്രമിക്കുകയാണ് ബി ഡി എസ് എന്ന കൂട്ടായ്മ. ബഹിഷ്‌കരണ, നിക്ഷേപ നിഷേധ, ഉപരോധ പ്രസ്ഥാനം (ബോയ്‌കോട്ട്, ഡിവസ്റ്റ്‌മെന്റ്, സാന്‍ക്ഷന്‍- ബി ഡി എസ് പ്രസ്ഥാനം ആരംഭിച്ചത് 2005ലാണ്. ലോകത്തുടനീളം പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും അതിന് നിയതമായ ഘടനയൊന്നുമില്ല. ഇസ്‌റാഈലുമായി ബന്ധപ്പെട്ട് അപ്പപ്പോള്‍ സംഭവിക്കുന്നതിനെ ലോകത്തിന് മുന്നില്‍ അനാവരണം ചെയ്യുന്നതിനാവശ്യമായ ചര്‍ച്ചകള്‍ നടത്തുകയും ചെറുപ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുയും ചെയ്യുന്ന സംഘടനയുടെ പ്രവര്‍ത്തന ഫലമായി ബ്രസീല്‍, ഫ്രാന്‍സ്, ജര്‍മനി തുടങ്ങിയ രാജ്യങ്ങള്‍ ഇസ്‌റാഈലുമായുള്ള കരാറുകള്‍ പുനഃപരിശോധിച്ചിട്ടുണ്ട്.
കൃത്യമായ ഘടനയോ നേതൃത്വമോ ഇല്ലാത്ത സംഘടന ആഗോളതലത്തില്‍ വലിയ ചര്‍ച്ചയായിരുന്നില്ല. എന്നാല്‍ വിഖ്യാത ഭൗതിക ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംഗ് ഈ ബഹിഷ്‌കരണ പ്രസ്ഥാനത്തില്‍ പങ്ക് ചേര്‍ന്നതോടെ സ്ഥിതി മാറിയിരിക്കുന്നു. ജൂണ്‍ എട്ടിന് ജറൂസലമിലെ ഇന്റര്‍നാഷനല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കാനിരിക്കുന്ന “ഫേസിംഗ് ടുമോറോ” എന്ന സമ്മേളനത്തിനുള്ള ക്ഷണം നിരസിച്ചുകൊണ്ടാണ് ഹോക്കിംഗ് ധീരമായ ബഹിഷ്‌കരണത്തിന് തയ്യാറായിരിക്കുന്നത്. ബി ഡി എസ് പ്രസ്ഥാനത്തിന്റെ ഭാഗമായി നിരവധി കലാകാരന്‍മാരും വിദ്യാഭ്യാസ വിചക്ഷണരും സാഹിത്യകാരന്‍മാരും മനുഷ്യാവകാശ പ്രവര്‍ത്തകരുമൊക്കെ ഇസ്‌റാഈല്‍ ദൗത്യങ്ങളെ ബഹിഷ്‌കരിച്ചിട്ടുണ്ട്. ഇതാദ്യമായാണ് ശാസത്രരംഗത്ത് നിന്ന് ഇത്രയും ശക്തമായ പ്രഹരം ഇസ്‌റാഈലിന് ലഭിക്കുന്നത്. ഹീബ്രു സര്‍വകലാശാലയിലാണ് പരിപാടി നടക്കുന്നത്. ഇസ്‌റാഈല്‍ പ്രസിഡന്റ് ശിമോണ്‍ പെരസ് തന്നെയാണ് സമ്മേളനത്തിന്റെ മുഖ്യ സംഘാടകന്‍. ബില്‍ ക്ലിന്റണും ടോണി ബ്ലെയറും നിക്കോളാസ് സര്‍ക്കോസിയുമൊക്കെ വരുന്നുണ്ട്. ഇസ്‌റാഈലിലെ ശാസ്ത്ര, സാങ്കേതിക മുന്നേറ്റങ്ങളെയും കലാ സാഹിത്യ ധാരകളെയും ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുകയാണ് ലക്ഷ്യം.
ബി ഡി എസ് പ്രവര്‍ത്തകര്‍ ഹോക്കിംഗിനോട് അഭ്യര്‍ഥിച്ചു: അങ്ങ് ഫേസിംഗ് ടുമാറോക്ക് വരരുത്. ഫലസ്തീന്‍ ജനതയോട് ജൂതരാഷ്ട്രം കാണിക്കുന്ന ക്രൂരതകള്‍ അവര്‍ ഹോക്കിംഗിന് മുന്നില്‍ വെച്ചു. സ്വന്തം മണ്ണില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ട ജനതയുടെ വേദന അവര്‍ പങ്ക് വെച്ചു. ഈ സമ്മേളനം നടക്കുന്ന കണ്‍വെന്‍ഷന്‍ സെന്റര്‍ പണിതിരിക്കുന്നത് തന്നെ അധിനിവേശ ഭൂമിയിലാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി. തീരുമാനമെടുക്കും മുമ്പ് അദ്ദേഹം പലതും പരിഗണിച്ചിട്ടുണ്ടാകണം. ഇസ്‌റാഈല്‍ ഇന്ന് ശക്തമായൊരു രാഷ്ട്രമാണെന്ന വര്‍ത്തമാനവും നാടില്ലാത്ത ജനതയുടെ നാടാണെന്ന ചരിത്രപരമായ പ്രചാരണവും അദ്ദേഹം കണക്കിലെടുത്തിട്ടുണ്ടാകണം. ലോകത്താകെ നടക്കുന്ന ശാസ്ത്രഗവേഷണങ്ങളിലെല്ലാം ഇസ്‌റാഈലിന്റെ അപ്രതിരോധ്യമായ മുന്‍കൈ ഉണ്ടെന്നും അദ്ദേഹത്തിനറിയാം. തന്റെ ബഹിഷ്‌കരണത്തിന് വലിയ മാനങ്ങളും പ്രഹരശേഷിയുമുണ്ടെന്നും അദ്ദേഹം തിരിച്ചറിയുന്നുണ്ട്. എന്നിട്ടും ഇസ്‌റാഈലിലേക്ക് പോകേണ്ടെന്നാണ് അദ്ദേഹം തീരുമാനിച്ചത്. തന്റെ തീരുമാനം അദ്ദേഹം പെരസിനെ നേരിട്ട് അറിയിക്കുകയും ചെയ്തു.
ഇസ്‌റാഈല്‍ അക്ഷരാര്‍ഥത്തില്‍ പ്രകോപിതമായി. ബഹിഷ്‌കരണം സംവാദത്തിന്റെ നേര്‍ വിപരീതമാണെന്നും കാടത്തമാണെന്നും സിയോണിസ്റ്റ് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നു. സംസാരിക്കാന്‍ ധൈര്യമില്ലാത്തവരാണ് ബഹിഷ്‌കരിക്കുന്നതെന്നാണ് അവര്‍ കെറുവിക്കുന്നത്. പക്ഷേ, ഹോക്കിംഗിന്റെ വിസമ്മതം വലിയ സംവാദത്തിന് തിരികൊളുത്തിയെന്നതാണ് യാഥാര്‍ഥ്യം. ഇസ്‌റാഈലിന്റെ ഓരോ നിഗൂഢ ലക്ഷ്യവും ബന്ധവും അജന്‍ഡയും ചര്‍ച്ചയാകുകയാണ്. ഇസ്‌റാഈലിന്റെ “സുന്ദര മുഖം” പ്രദര്‍ശിപ്പിക്കാനുള്ള പരസ്യപ്പലകമായി എന്തിന് നിന്ന് കൊടുക്കണമെന്ന് കൂടുതല്‍ പേര്‍ ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. ഹോക്കിംഗിന്റെ നിശ്ശബ്ദമായ പ്രതികരണം കൂടുതല്‍ പേരെ പ്രചോദിപ്പിക്കുന്നു. ബ്രിയാന്‍ ഇനോ തൊട്ട് ആലിസ് വാക്കര്‍ വരെയുള്ള ഗായകരും എഴുത്തുകാരും കലാകാരന്‍മാരും ഇസ്‌റാഈലിനോട് വിസമ്മതം പ്രഖ്യാപിച്ചു കഴിഞ്ഞു.
ഇസ്‌റാഈലിന്റെ ശാസ്ത്ര പുരോഗതി പ്രത്യേകം വിശകലനവിധേയമായെന്നതാണ് ഹോക്കിംഗിന്റെ ബഹിഷ്‌കരണ തീരുമാനത്തിന്റെ മറ്റൊരു തലം. ജൂതരാഷ്ട്രത്തിന്റെ ശാസ്ത്ര നേട്ടങ്ങളില്‍ നല്ല പങ്കും സൈനിക ശേഷിയുമായി ബന്ധപ്പെട്ടതാണെന്ന് ലോകം തിരിച്ചറിയുന്നു. നിരപരാധികളെ കൊന്നൊടുക്കാന്‍ അമേരിക്ക ഉപയോഗിക്കുന്ന ആളില്ലാവിമാനങ്ങള്‍ നിര്‍മിക്കുന്നത് ഇസ്‌റാഈലിലാണ്. സിറിയന്‍ വിമതരുടെ കൈയില്‍ എത്തിയിരിക്കുന്ന മാരക രാസായുധങ്ങള്‍ മുഴുവന്‍ ഇസ്ഈലിന്റെ “മഹത്തായ നേട്ട”ങ്ങളാണ്. ഫലസ്തീന്‍ പ്രക്ഷോഭത്തെ എങ്ങനെ നേരിടാമെന്ന ഗവേഷണത്തിലാണ് അവിടുത്തെ സോഷ്യളോജിസ്റ്റുകളും സൈക്കോളജിസ്റ്റുകളും. ഇസ്‌റാഈല്‍ ഡിഫന്‍സ് ഫോഴ്‌സിലെ ഉദ്യോഗസ്ഥര്‍ക്ക് അധിനിവേശ തന്ത്രങ്ങള്‍ ഉപദേശിക്കലാണ് ഇവരുടെ പ്രധാന ചുമതല. വിധ്വംസക പ്രവര്‍ത്തനത്തിന് ശാസ്ത്രജ്ഞരെ ഉപയോഗിക്കുന്നതില്‍ അമേരിക്കക്കും മുമ്പിലാണ് ഇസ്‌റാഈല്‍.
ഇസ്‌റാഈലിനകത്തും ചെറു ചലനങ്ങള്‍ നടക്കുന്നു. വലിയ ഭൂകമ്പമായി മാറാവുന്ന ചലനങ്ങള്‍. കുപ്രസിദ്ധ സിയണിസ്റ്റ് സൈദ്ധാന്തികന്‍ ബെന്‍ ഗുറിയോണിന്റെ പേരിലുള്ള രാഷ്ട്രതന്ത്ര സ്ഥാപനം പുറത്തിറക്കിയ പ്രബന്ധ സമാഹാരത്തില്‍ രാജ്യത്ത് ശക്തമായ വംശവിവേചനം നിലനില്‍ക്കുന്നുവെന്നും തീര്‍ത്തും ജനാധിപത്യവിരുദ്ധമാണ് രാഷ്ട്രീയ ഘടനയെന്നും വിശദമായി പ്രതിപാദിക്കുന്നുണ്ട്. സ്ഥാപനം അടച്ചുപൂട്ടാനുള്ള ഉത്തരവിറക്കിയാണ് ഇതിനോട് ഇസ്‌റാഈല്‍ ഭരണകൂടം പ്രതികരിച്ചത്. ഉത്തരവിനെതിരെ രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ വിദഗ്ധര്‍ രംഗത്തെത്തിയതോടെ തീരുമാനം തത്കാലം മരവിപ്പിച്ചിരിക്കുകയാണ്.
മാനസികമായ ആക്രമണമാണ് ബഹിഷ്‌കരണവും നിസ്സഹകരണവും. ശക്തമായ ഒരു സംവിധാനത്തോടാകുമ്പോള്‍ അത് ശ്രമകരമാണ്. ഇസ്‌റാഈല്‍ ഉത്പന്നം ബഹിഷ്‌കരിക്കണമെന്ന് വെച്ചാല്‍ നമ്മുടെ ഉപഭോഗ ഘടന തന്നെ മാറ്റേണ്ടി വരും. അത്രക്കും വിശാലമാണ് ഇസ്‌റാഈല്‍ ഉത്പന്ന വൈവിധ്യം. എല്ലാ രംഗങ്ങളിലും കോടികള്‍ ഇറക്കിയാണ് ഇസ്‌റാഈല്‍ ഇരിപ്പിടം തരപ്പെടുത്തുന്നത്. ഈ പ്രലോഭനങ്ങള്‍ക്ക് പുറത്ത് കടക്കാന്‍ അസാമാന്യമായ ആശയ ദാര്‍ഢ്യം വേണം. ഗാസയിലേക്ക് സാധന സാമഗ്രികളുമായി പോയ മാവി മര്‍മരയെന്ന കപ്പല്‍കൂട്ടത്തില്‍ സഞ്ചരിച്ച സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് അതുണ്ടായിരുന്നു. ഒന്‍പത് പേരെയാണ് ഇസ്‌റാഈല്‍ വകവരുത്തിയത്. പക്ഷേ ആ രക്തസാക്ഷിത്വം ഫലസ്തീനോട് ഐക്യം ദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ കൂടുതല്‍ പേര്‍ക്ക് ഊര്‍ജമാകുകയാണ് ചെയ്തത്. ബി ഡി എസ് ക്ഷണിക്കുന്നത് ഈ ഊര്‍ജത്തിലേക്കാണ്.
നീക്കിബാക്കി: ആര്‍ എസ് എസുകാരെന്താ മനുഷ്യരല്ലേ. അവരോട് വേദി പങ്കിട്ടാല്‍ ആകാശം ഇടിഞ്ഞു വീഴുമോയെന്നാണ് ചില മലയാള സാസ്‌കാരിക സിംഹങ്ങള്‍ ചോദിക്കുന്നത്. വികസനം, അത് ഗുജറാത്ത് തന്നെയെന്നാണല്ലോ രാഷ്ട്രീയ സിംഹങ്ങളുടെ തിരുമൊഴി. “നിവര്‍ന്ന് നില്‍ക്കുന്ന” സ്റ്റീഫന്‍ ഹോക്കിംഗിനെ കണ്ട് നട്ടെല്ലില്ലാത്ത ജീവികള്‍ നാണിക്കട്ടെ.

musthafaerrekkal@gmail.com

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest