Connect with us

Eranakulam

ബോള്‍ഗാട്ടി കണ്‍വെന്‍ഷന്‍ സെന്റര്‍ അന്യസംസ്ഥാനത്തേക്ക്

Published

|

Last Updated

കൊച്ചി: സി പി എമ്മിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് കൊച്ചിയില്‍ സ്ഥാപിക്കാനിരുന്ന ബോള്‍ഗാട്ടി കണ്‍വെന്‍ഷന്‍ സെന്ററര്‍ പദ്ധതിയില്‍ നിന്ന് എം എ യൂസഫലി പിന്മാറ്റം പ്രഖ്യാപിച്ചതോടെ പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ച് അയല്‍ സംസ്ഥാനങ്ങള്‍ രംഗത്തെത്തി. തമിഴ്‌നാടും കര്‍ണാടകയും പദ്ധതി നടപ്പാക്കാന്‍ എല്ലാ വിധ സൗകര്യങ്ങളും ചെയ്തുനല്‍കാമെന്ന് എം കെ ഗ്രൂപ്പിനെ അറിയിച്ചതായാണ് വിവരം.

കണ്‍വെന്‍ഷന്‍ സെന്റര്‍ സ്ഥാപിക്കാന്‍ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും സ്ഥലവും ഒരുക്കി നല്‍കാമെന്നാണ് ഇരു സംസ്ഥാനങ്ങളും അറിയിച്ചിരിക്കുന്നത്. പദ്ധതി നടപ്പാക്കുന്നതിന് യാതൊരു തടസ്സവും ഉണ്ടാകില്ലെന്നും ഇവര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനത്തിലെത്തിയിട്ടില്ലെന്ന് ലുലു ഗ്രൂപ്പുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.

പതിനായിരം പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്ന രിതിയില്‍ 800 കോടി ചെലവിലാണ് ബോള്‍ഗാട്ടിയില്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ സ്ഥാപിക്കാനിരുന്നത്. ഇതിനായി 27 ഏക്കര്‍ സ്ഥലം പോര്‍ട്ട് ട്രസ്റ്റില്‍ നിന്നും 72 കോടി രൂപക്ക് ലുലു പാട്ടത്തിനെടുത്തിരുന്നു. 30 കൊല്ലത്തെ പാട്ടവ്യവസ്ഥയിലായിരുന്നു ഇത്.

lullu

എന്നാല്‍ കൊച്ചി ഇടപ്പള്ളിയില്‍ എം കെ ഗ്രൂപ്പ് സ്ഥാപിച്ച ലുലു മാള്‍ സ്ഥലം കൈയേറിയാണ് നിര്‍മിച്ചതെന്ന ആരോപണവുമായി സി പി എം എറണാകുളം ജില്ലാ കമ്മിറ്റി രംഗത്ത് വന്നതോടെ കാര്യങ്ങള്‍ കുഴഞ്ഞുമറിയുകയായിരുന്നു. തന്നെ കൈയേറ്റക്കാരനെന്ന് വിളിച്ചതില്‍ ദുഃഖമുണ്ടെന്ന് അറിയിച്ച യൂസഫലി ബോള്‍ഗാട്ടി പദ്ധതിയില്‍ നിന്ന് പിന്‍മാറുകയാണെന്നും മുടക്കിയ പണം തിരികെ നല്‍കിയാല്‍ അര മണിക്കൂറിനുള്ളില്‍ ഭൂമി പോര്‍ട്ട് ട്രസ്റ്റിന് തിരികെ നല്‍കാമെന്നും വ്യക്തമാക്കുകയായിരുന്നു.

 

Latest