Connect with us

Articles

വികസനപ്പരസ്യങ്ങളില്‍ കാണാത്ത ഓടകള്‍

Published

|

Last Updated

കോഴിക്കോട് നഗരത്തിലെ പ്രധാന സ്ഥലങ്ങളിലെല്ലാം ബഹുനില കെട്ടിടങ്ങള്‍ക്ക് മുകളില്‍ ചിരിച്ചു നില്‍ക്കുന്ന കോഴിക്കോട്ടുകാരനായ മന്ത്രിയുടെ ഫോട്ടോയുണ്ട്. കൂടെ കുറേ പരസ്യവാചകങ്ങളും. കോഴിക്കോടിന്റെ മാറുന്ന മുഖവും ചുവപ്പുനാടകളില്‍ കുരുങ്ങി കിടക്കാത്ത കോഴിക്കോടിന്റെ വികസനവുമൊക്കെയാണ് പരസ്യങ്ങളിലുള്ളത്. കഴിഞ്ഞ ദിവസം മന്ത്രി മുനീര്‍ പ്രഖ്യാപിച്ചിരിക്കുന്നു. നഗരത്തിലെ തുറന്നു കിടക്കുന്ന ഓടകള്‍ക്കെല്ലാം മുകളില്‍ സ്ലാബിടുമെന്ന്. പൊതുമരാമത്ത് വകുപ്പിന് നിര്‍ദേശവും നല്‍കിയിരിക്കുന്നു. പക്ഷേ ഈ പ്രഖ്യാപനത്തിനും നിര്‍ദേശത്തിനും ഒരു പാവം വീട്ടമ്മയുടെ മയ്യിത്ത് കാണേണ്ടി വന്നു മന്ത്രിക്ക്. വികസനവും നഗരത്തിന്റെ സൗന്ദര്യസങ്കല്‍പ്പവുമൊക്കെ പരസ്യബോര്‍ഡില്‍ നിന്ന് താഴെയിറങ്ങിയിരുന്നെങ്കില്‍ കിണാശ്ശേരിയിലെ ആഇശാബിയുടെ ജീവിതം ഈ ഓടയില്‍ അവസാനിക്കുമായിരുന്നില്ല.

കോഴിക്കോട്ടെ തുറന്നു കിടക്കുന്ന ഓടകള്‍ പുതിയ കാഴ്ചയല്ല. ആ കുഴിയില്‍ പതിയിരിക്കുന്ന അപകടം ചൂണ്ടിക്കാണിക്കാത്തവരുമില്ല. മലയാള പത്രങ്ങളുടെയെല്ലാം പ്രാദേശിക പേജില്‍ ആഴ്ചയില്‍ ഒരു തവണയെങ്കിലും കോഴിക്കോട്ടങ്ങാടിയിലെ അപകടക്കുഴി വാര്‍ത്തയാകാറുണ്ട്. പലപ്പോഴും കുഴിയില്‍ വീണവരുടെയും പൊട്ടിയ സ്ലാബില്‍ കാല്‍ കുരുങ്ങിയവരുടെയുമൊക്കെ ചിത്രങ്ങളും പ്രസിദ്ധീകരിച്ചു വന്നിട്ടുണ്ട്. ഒരു മഴ ചാറിയപ്പോഴുള്ള അവസ്ഥയാണിത്. കാലവര്‍ഷം കനത്താല്‍ പിന്നെയെന്താകും?.
നഗരത്തില്‍ എല്ലായിടത്തും അപകടഭീഷണിയുള്ള നടപ്പാതകളാണ്. സുസ്ഥിര നഗരവികസനത്തിന്റെ ഭാഗമായി അഴുക്കുചാലുകളും സ്ലാബുകളും നവീകരിച്ചപ്പോള്‍ പലയിടത്തും കാല്‍നടയാത്ര പോലും അസാധ്യമാക്കി കോണ്‍ക്രീറ്റ് സ്ലാബുകള്‍ തകര്‍ന്നു കിടക്കുകയാണ്. ഏറെ തിരക്കുള്ള ബേങ്ക് റോഡ് ജംഗ്ഷന്‍ മുതല്‍ അരയിടത്തുപാലം വരെയുള്ള ഭാഗത്ത് റോഡിനിരുവശത്തും സ്ഥാപിച്ച സ്ലാബുകള്‍ മിക്കതും തകര്‍ന്ന് കഴിഞ്ഞു. പത്തു വര്‍ഷങ്ങള്‍ക്ക് മുമ്പ് നഗര വികസനത്തിന്റെ ഭാഗമായാണ് മാവൂര്‍ റോഡിലെ ഫുട്പാത്ത് നവീകരണ പ്രവൃത്തികള്‍ ആരംഭിച്ചത്. എന്നാല്‍ പദ്ധതി പാതിവഴിക്ക് നിലച്ചതോടെ പിന്നീട് പേരിനൊരു അറ്റകുറ്റപ്പണി പോലും ഇതുവരെ നടന്നിട്ടില്ല. ഓടകള്‍ക്ക് നടുക്ക് പാകിയ തറയോടുകള്‍ തകര്‍ന്ന് വാരിക്കുഴികള്‍ രൂപപ്പെട്ടതോടെ വെള്ളം കെട്ടിക്കിടന്ന് ഇവ കൊതുകു വളര്‍ത്തല്‍ കേന്ദ്രങ്ങളായി മാറിയിരിക്കുകയാണ്. മുകളിലാണെങ്കില്‍ ഓട തുറന്ന് കിടക്കുന്നതിനാല്‍ അപകടവും പതിയിരിക്കുന്നു. രാജാജി റോഡ് ജംഗ്ഷനില്‍ സ്ലാബുകള്‍ ഗതി മാറി റോഡിലേക്ക് പരന്ന് കിടക്കുകയാണ്. രാത്രികാലങ്ങളില്‍ ഇരുചക്ര വാഹനങ്ങളടക്കം ഇതില്‍ തട്ടി അപകടങ്ങളുണ്ടായിട്ടും അധികൃതര്‍ മാത്രം ഒന്നും അറിഞ്ഞിട്ടില്ല. നഗരത്തിലെ പല റോഡുകളുടെയും അറ്റകുറ്റപ്പണി അനന്തമായി നീണ്ടു പോകുമ്പോള്‍ ദുരിതം പേറുന്നതും കാല്‍നട യാത്രക്കാരാണ്. നഗര സുസ്ഥിര വികസനത്തിന്റെ ഭാഗമായി മാനാഞ്ചിറ, എം എം അലി റോഡ് എന്നിവിടങ്ങളില്‍ മാത്രമാണ് നടപ്പാത നവീകരിച്ച് നഗരത്തോട് അല്‍പ്പമെങ്കിലും നീതി കാണിച്ചിരിക്കുന്നത്. കേരളത്തിലെ മറ്റു നഗരങ്ങളില്‍ നിന്ന് വ്യത്യസ്തമായി നഗര വികസനത്തിനായി കാര്യമായി ഒന്നും ചെയ്യാത്ത സ്ഥലമാണ് കോഴിക്കോട്. തുറന്നു കിടക്കുന്ന ഓടകള്‍, പൊട്ടിപ്പൊളിഞ്ഞ സ്ലാബുകള്‍, തെരുവു വിളക്കുകളില്ലാത്ത റോഡുകള്‍, കൊതുകു വളര്‍ത്തല്‍ കേന്ദ്രങ്ങളായി മാറിയ വെള്ളക്കെട്ടുകള്‍, വര്‍ഷവും വേനലും വ്യത്യാസമില്ലാതെ ശല്യമാകുന്ന മാലിന്യം, റോഡിലൂടെ നിറഞ്ഞൊഴുകുന്ന മഴവെള്ളം ഇതെല്ലാം ഒത്തുചേര്‍ന്നതാണ് കോഴിക്കോടിന്റെ നഗരസൗന്ദര്യം. പുതിയ ബസ്സ്റ്റാന്‍ഡില്‍ പോലും മഴ പെയ്താല്‍ നടക്കാന്‍ പോലും കഴിയാത്ത വിധം വെള്ളം നിറഞ്ഞു നില്‍ക്കുന്ന അവസ്ഥയാണ്. ലക്ഷങ്ങള്‍ ചെലവഴിച്ച് മുഖം മിനുക്കിയ നഗരപ്രദേശങ്ങളിലേക്ക് പോലും പിന്നീട് ആരും തിരിഞ്ഞു നോക്കുന്നില്ല. അതോടെ ആ ലക്ഷങ്ങളും ഇവിടെ പാഴാകുന്നു. കോടികള്‍ ചെലവഴിച്ച് സൗന്ദര്യവത്കരണ പദ്ധതി നടപ്പിലാക്കിയ ഭട്ട്‌റോഡ് ബീച്ച് പോലും എല്ലാവരും കൈയൊഴിഞ്ഞ അവസ്ഥയിലാണ്. മാന്യമായ രീതിയില്‍ മാനാഞ്ചിറയില്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത് പോലും അടുത്തിടെയാണ്. നഗരത്തിലെ ഓരോ പദ്ധതികളും പ്രദേശങ്ങളും പരിശോധിക്കുമ്പോള്‍ ആര്‍ക്കും കാണാനാകും കാഴ്ചപ്പാടുകളില്ലാത്ത പദ്ധതികള്‍ വേണ്ടെന്ന് വെക്കുകയോ പാതിവഴിയില്‍ ഉപേക്ഷിക്കുകയോ ചെയ്തത്. ഒരു കാലത്ത് ജലഗതാഗതം നടന്നിരുന്ന കനോലി കനാല്‍ ഇന്ന് മരിച്ചു കിടക്കുകയാണ്.
ഏറെ വികസന സാധ്യതകളുണ്ടായിട്ടും ഒരു മാസ്റ്റര്‍ പ്ലാന്‍ പോലുമില്ലാത്ത നഗരമാണ് കോഴിക്കോട്. ഇത് തന്നെയാണ് ഓട മുതല്‍ കനോലി കനാല്‍ വരെയുള്ള കോഴിക്കോടിന്റെ ദുരവസ്ഥക്ക് കാരണവും. അവസാനം കിണാശ്ശേരിയിലെ ആഇശാബിയുടെ ജീവിതം ഓടയില്‍ തള്ളേണ്ടി വന്നതും മാസ്റ്റര്‍ പ്ലാനിന്റെയും കാഴ്ചപ്പാടുകളുടെയും കുറവു തന്നെയാണ്. നഗരത്തിലും പരിസരപ്രദേശങ്ങളിലുമുള്ള മാലിന്യവും കോഴിക്കോടിന്റെ ശാപമാണ്. പലയിടങ്ങളും വൃത്തിഹീനമായാണ് കിടക്കുന്നത്. കടലുണ്ടി പുഴയിലെ പക്ഷിസങ്കേതത്തില്‍ പതിവു പോലെയെത്തിയ വിരുന്നുകാര്‍ മടങ്ങിത്തുടങ്ങി. വിവിധയിനം കടല്‍കാക്കകള്‍, ചോരക്കാലി, പച്ചക്കാലി, മണല്‍കോഴി, ചെറുമണല്‍കോഴി, പമീര്‍ മണല്‍ കോഴി, കല്ലുരുട്ടി കാട, പൊന്‍മണല്‍കോഴി, ചാരമണ്ഡി, വൈറ്റ് ഐ ബീസ് എന്നീ ദേശാടന പക്ഷികളാണ് ഇത്തവണ കടലുണ്ടി പക്ഷി സങ്കേതത്തിലെത്തിയിരുന്നത്. ഇതിനു പുറമെ സ്വദേശികളായ ചിന്തമുണ്ഡി, പെരുമുണ്ഡി, വിവിധയിനം കുളക്കോഴികള്‍, ചെറുമുണ്ഡി, കുളമുണ്ഡി, കൃഷ്ണപ്പരുന്ത്, ചക്കിപ്പരുന്ത് എന്നിവയും എത്തിയിരുന്നു. എന്നാല്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ എത്തിയ ദേശാടനപ്പക്ഷികളുടെ എണ്ണത്തില്‍ കുറവുണ്ടെന്നാണ് കമ്മ്യൂണിറ്റി റിസര്‍വിലെ നിരീക്ഷകര്‍ കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ നാല് വര്‍ഷമായി ഇവിടെയെത്തുന്ന പക്ഷികളുടെ എണ്ണം ക്രമേണ കുറഞ്ഞ് വരുന്നതായാണ് വ്യക്തമാകുന്നത്. കടലുണ്ടിപ്പുഴയും പരിസരങ്ങളും മലിനപ്പെട്ടതാണ് ഇതിന് കാരണമായി പറയപ്പെടുന്നത്. കോഴിക്കോടും ചുറ്റുവട്ടവും മലിനപ്പെട്ടത് കിലോമീറ്ററുകള്‍ താണ്ടി വരുന്ന ദേശാടനക്കിളികള്‍ പോലും തിരിച്ചറിഞ്ഞിരിക്കുന്നു. പരിഹാരം കണ്ടേ മതിയാകൂ എല്ലാറ്റിനും.
മോണോ റെയിലും ഒഴുകും സുന്ദരികളായ ലോ ഫ്‌ളോര്‍ ബസുകളുമൊക്കെ വരാനിരിക്കുന്ന നഗരത്തില്‍ ഓടകള്‍ മൂടിയ വൃത്തിയുള്ള നടപ്പാതകളാണ് വേണ്ടത്. ഒപ്പം നഗരപരിസരം വൃത്തിയോടെ പരിചരിക്കാനുള്ള പദ്ധതികളും. മാനാഞ്ചിറയില്‍ ഉള്‍പ്പെടെ കൊണ്ടു വന്ന സൗന്ദര്യവത്കരണ പദ്ധതികള്‍ക്കെതിരെ പരിസ്ഥിതി പ്രവര്‍ത്തകരും മറ്റും രംഗത്തെത്തിയിരുന്നു. ഉള്‍കാഴ്ച്ചയില്ലാത്ത കോടികള്‍ കുഴിച്ചിടുന്ന പദ്ധതികള്‍ എന്നായിരുന്നു കുറ്റപ്പെടുത്തല്‍. നഗരത്തിന്റെ മുഖം മാറാന്‍ ഇനിയെങ്കിലും ഇത്തരത്തിലുള്ള ആക്ഷേപങ്ങള്‍ ഇല്ലാതിരിക്കാന്‍ ദീര്‍ഘവീക്ഷണമുള്ള പദ്ധതികള്‍ വരട്ടെ. ഒപ്പം അല്‍പ്പം വേഗതയും.
കോഴിക്കോട് നഗരത്തെ സ്മാര്‍ട്ട് സിറ്റിയായി ഉയര്‍ത്താന്‍ കേന്ദ്ര നഗരമന്ത്രാലയം അടുത്തിടെ തീരുമാനിച്ചിരുന്നു. ഈ തീരുമാനത്തിലാണ് ഇനി കോഴിക്കോടിന്റെ പ്രതീക്ഷ. നഗരത്തിന് അനുയോജ്യമായ കോഴിക്കോടിന്റെ സൗന്ദര്യവും പ്രതാപവും തിരിച്ചു പിടിക്കുന്ന പദ്ധതികള്‍ക്ക് ബന്ധപ്പെട്ടവര്‍ രൂപം നല്‍കിയാല്‍ തീര്‍ച്ചയായും കോഴിക്കോട് സ്മാര്‍ട്ട് സിറ്റിയായി തന്നെ തലയുയര്‍ത്തി നില്‍ക്കും.

Latest