Eranakulam
ബോള്‍ഗാട്ടി: ടെന്‍ഡര്‍ നടപടികള്‍ സുതാര്യമെന്ന് പോര്‍ട്ട് ട്രസ്റ്റ്
കൊച്ചി: ബോള്‍ഗാട്ടി പാലസ് കണ്‍വെന്‍ഷന്‍ സെന്റര്‍ പദ്ധതിക്കായി എം എ യൂസഫലിയുടെ എം കെ ഗ്രൂപ്പിന് ഭൂമി പാട്ടത്തിന് നല്‍കിയത് സുതാര്യമായാണെന്ന് കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന്റെ വിശദീകരണം. തങ്ങള്‍ക്ക് ഒന്നും മറച്ചുവെക്കാനില്ലെന്നും ഭൂമി കൈമാറ്റത്തില്‍ യാതൊരു നിയമലംഘനവും നടന്നിട്ടില്ലെന്നും കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ചെയര്‍മാന്‍ പോള്‍ ആന്റണി കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ടെന്റര്‍ നടപടികള്‍ പരസ്യം ചെയ്തിരുന്നു. ലീല ഗ്രൂപ്പ്, താജ്, ഒബ്‌റോയ്, ഐ ടി ഡി സി, എം കെ തുടങ്ങി നിരവധി സ്ഥാപനങ്ങളെ ടെന്‍ഡര്‍ നടപടികള്‍ അറിയിച്ചതാണ്. ഇവരെല്ലാം ടെന്‍ഡര്‍ ഫോം ഡൗണലോഡ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ യൂസുഫലിയുടെ എം കെ ഗ്രൂപ്പ് മാത്രമാണ് ടെന്‍ഡറില്‍ പങ്കെടുത്തത്. ഹെക്ടറിന് ആറ് കോടി 74 ലക്ഷം രൂപക്കാണ് ടെന്‍ഡര്‍ അനുവദിച്ചത്. ടെന്‍ഡര്‍ തുക കുറഞ്ഞുപോയിട്ടില്ല. പുതുക്കിയ നിരക്കിനേക്കാളും 23 ശതമാനം അധിക തുകക്കാണ് ടെന്‍ഡര്‍ അനുവദിച്ചത്. 1963ലെ മേജര്‍ പോര്‍ട്ട് ട്രസ്റ്റ് നിയമം 35 (ബി) വകുപ്പ് പ്രകാരം ഭൂമി പാട്ടത്തിന് നല്‍കാന്‍ പോര്‍ട്ട് ട്രസ്റ്റിന് അധികാരമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പാട്ടഭൂമിയില്‍ പാര്‍പ്പിട സമുച്ചയങ്ങള്‍ നിര്‍മിക്കാന്‍ അനുമതി നല്‍കിയിട്ടില്ല. എന്നാല്‍ ദിവസവാടകക്ക് നല്‍കുന്ന അപ്പാര്‍ട്ട്‌മെന്റുകള്‍ നിര്‍മിക്കാവുന്നതാണ്. പാര്‍പ്പിട സമുച്ചയങ്ങള്‍ നിര്‍മിക്കില്ലെന്ന് യൂസഫലി ഉറപ്പ് നല്‍കിയിട്ടുണ്ട്. സ്ഥാപിത താത്പര്യങ്ങള്‍ക്ക് വേണ്ടി മാധ്യമങ്ങളിലൂടെ വിവാദം സൃഷ്ടിക്കരുതെന്നും പോള്‍ ആന്റണി പറഞ്ഞു.
പാട്ടത്തുക തിരിച്ചുനല്‍കി ഭൂമി തിരിച്ചെടുക്കണമെന്ന യൂസുഫലിയുടെ ആവശ്യം പരിഗണിക്കുമെന്നും ഇതിന്റെ നിയമസാധുത പരിശോധിച്ച് തുടര്‍ നടപടികള്‍ നീക്കുമെന്നും പോള്‍ ആന്റണി വ്യക്തമാക്കി.