Connect with us

Kerala

സൂര്യനെല്ലി: പി ജെ കുര്യനെതിരെ പരാമര്‍ശം മദ്യലഹരിയിലെന്ന് ധര്‍മരാജന്‍

Published

|

Last Updated

തൊടുപുഴ: സൂര്യനെല്ലി കേസിലെ പെണ്‍കുട്ടിയെ പി ജെ കുര്യന്‍ പീഡിപ്പിച്ചിട്ടുണ്ടെന്ന് ചാനല്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തിയ ധര്‍മരാജന്‍ ഇത് കോടതിയില്‍ നിഷേധിച്ചു. സൂര്യനെല്ലിക്കേസ് പുനരന്വേഷിക്കണമെന്നാവശ്യപ്പെട്ട് കേസിലെ പെണ്‍കുട്ടി നല്‍കിയ റിവ്യൂ ഹരജി തൊടുപുഴ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി ജഡ്ജി എബ്രഹാം മാത്യു ഇന്നലെ പരിഗണിച്ചപ്പോഴാണ് ധര്‍മരാജന്‍ ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ നിഷേധിച്ചത്. ചാനല്‍ അഭിമുഖത്തില്‍ ധര്‍മരാജന്‍ നടത്തിയ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് സൂര്യനെല്ലി പെണ്‍കുട്ടി പീരുമേട് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹരജി നല്‍കിയത്. ഇത് തള്ളിയതിനെ തുടര്‍ന്നാണ് തൊടുപുഴ സെഷന്‍സ് കോടതിയില്‍ റിവ്യൂ ഹരജി സമര്‍പ്പിച്ചത്.
സാമ്പത്തിക പരാധീനതയുള്ള തന്നെ മാധ്യമ പ്രവര്‍ത്തകന്‍ വിളിച്ചപ്പോള്‍ മദ്യപിച്ച ശേഷം എത്തിയാണ് അഭിമുഖം നടത്തിയത്. എന്തൊക്കെയാണ് പറഞ്ഞതെന്ന് തനിക്കു ഓര്‍മയില്ലെന്നും ധര്‍മരാജന്‍ സത്യവാങ്മൂലത്തില്‍ പറയുന്നു. കേസിലെ ഒന്നാം പ്രതിയായ ധര്‍മരാജന് വേണ്ടി ഹൈക്കോടതി സീനിയര്‍ അഭിഭാഷകന്‍ ഗോപകുമാര്‍ നായരാണ് കോടതിയില്‍ ഹാജരായി സത്യവാങ്ങ്മൂലം സമര്‍പ്പിച്ചത്. തന്റെ കാറിലാണ് കുര്യനെ കുമളി ഗസ്റ്റ് ഹൗസില്‍ എത്തിച്ചതെന്നാണ് ധര്‍മരാജന്‍ ചാനല്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നത്. പി ജെ കുര്യനെ നേരിട്ട് അറിയില്ലെന്നും ടിവിയില്‍ കണ്ട പരിചയം മാത്രമാണുള്ളതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ധര്‍മരാജന്റെ സത്യവാങ്മൂലം ജയില്‍ സൂപ്രണ്ടിന്റെ ഒപ്പോടു കൂടിയാണ് കോടതിയില്‍ സമര്‍പ്പിച്ചത്.
കേസില്‍ കോടതി നോട്ടീസ് അയച്ച പി ജെ കുര്യന്‍ ഒഴികെയുള്ള മൂന്ന് പേരും കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. പി ജെ കുര്യനു വേണ്ടി ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകന്‍ രാംകുമാറാണ് കോടതിയില്‍ ഹാജരായത്. കേസ് വീണ്ടും പരിഗണിക്കുന്നതിനായി അടുത്ത മാസം 22 ലേക്ക് മാറ്റി.