Wayanad
പൊഴുതനയില്‍ മഞ്ഞപ്പിത്തം പടരുന്നു: 34 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

കല്‍പ്പറ്റ: കാലവര്‍ഷം എത്തും മുന്‍പെ ജലജന്യരോഗമായ മഞ്ഞപ്പിത്തം പലയിടത്തും പടരുന്നു. പൊഴുതന പഞ്ചായത്തില്‍ ഇതിനകം 34 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇതില്‍ രണ്ട് പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്. മഞ്ഞപ്പിത്ത ബാധയെ പ്രതിരോധിക്കാന്‍ ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് പഞ്ചായത്ത് നടപടി സ്വീകരിച്ചതായി പ്രസിഡന്റ് റസീന കുഞ്ഞുമുഹമ്മദ് അറിയിച്ചു.
അതേസമയം അധികൃതര്‍ കണക്കെടുക്കുകയോ ആശുപത്രികളില്‍ എത്തിപ്പെടുകയോ ചെയ്യാത്ത വേറെയും മഞ്ഞപ്പിത്ത ബാധിതര്‍ ഉണ്ടെന്ന് കരുതുന്നു. മഞ്ഞപ്പിത്തം ബാധിച്ചാല്‍ പച്ചമരുന്ന് ചികിത്സ തേടുന്നവരാണ് അധികം. അതുകൊണ്ടുതന്നെ ആശുപത്രിയിലും ആരോഗ്യകേന്ദ്രങ്ങളിലും ഇത്തരക്കാരുടെ കണക്ക് അറിയില്ല. ശുദ്ധജലത്തിന്റെ അപര്യാപ്തതയാണ് രോഗബാധയ്ക്ക് മുഖ്യകാരണം. മാലിന്യം കലര്‍ന്ന വെള്ളം ജില്ലയില്‍ പലയിടത്തും വിതരണം ചെയ്യുന്നുണ്ട്. ഇതില്‍ ഏറ്റവും മുന്‍പില്‍ കല്‍പറ്റ നഗരസഭ തന്നെയാണ്. ഏറ്റവും അധികം മാലിന്യം കലര്‍ന്ന കല്‍പറ്റ ഇരുമ്പുപാലം പുഴയിലെ വെള്ളമാണ് ജല അതോറിറ്റി മുനിസിപ്പല്‍ പരിധിയില്‍ വിതരണം ചെയ്യുന്നത്. ക്ലോറിന്‍ പൗഡര്‍ വെള്ളത്തില്‍ കലക്കുക മാത്രമാണ് ജല അതോറിറ്റിയുടെ ശുദ്ധീകരണ പ്രക്രിയ. നാലുകെട്ടുംചോല, ഗൂഡലായിക്കുന്ന് സ്രോതസുകളിലൊന്നിലും വെള്ളമില്ലാത്തതിനാല്‍ ഇരുമ്പുപാലം പുഴയിലെ വെള്ളം പമ്പിചെയ്യാന്‍ തങ്ങള്‍ നിര്‍ബന്ധിതമാവുകയാണെന്നാണ് ജല അതോറിറ്റി അധികൃതര്‍ പറയുന്നത്. ഈ വെള്ളം ഉപയോഗ യോഗ്യമല്ലെന്ന് നേരത്തെ വാട്ടര്‍അതോറിറ്റിയുടെ തന്നെ ലബോറട്ടറിയിലെ പരിശോധനാ ഫലത്തില്‍ വ്യക്തമാക്കിയിട്ടുള്ളതുമാണ്.