National
കുവൈത്തിലെ സ്വദേശിവത്കരണം: മാനുഷിക പരിഗണന നല്‍കണമെന്ന് ഇ അഹമ്മദ്
ന്യൂഡല്‍ഹി: കുവൈത്തില്‍ സ്വദേശിവത്കരണത്തിന്റെ പേരില്‍ കയറ്റി അയക്കുന്ന ഇന്ത്യക്കാരോട് മാനുഷിക പരിഗണന കാണിക്കണമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ അഹമ്മദ് ആവശ്യപ്പെട്ടു. വിസ പ്രശ്‌നത്തിന്റെ പേരില്‍ കുവൈത്തില്‍ നിന്ന് ഇന്ത്യക്കാരെ കയറ്റി അയക്കുമ്പോള്‍ അക്കാര്യം ഇന്ത്യന്‍ എംബസിയെ അറിയിക്കണമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയിലെ കുവൈത്ത് അംബാസഡറുമായി ഇക്കാര്യം നാളെ ചര്‍ച്ച ചെയ്യുമെന്നും ഇ അഹമ്മദ് ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ആശങ്കാജനകമായ സ്ഥിതി ഇപ്പോള്‍ നിലനില്‍ക്കുന്നില്ല. കുവൈത്തിലെ വിസാനിയമങ്ങളുടെ ഭാഗമായാണ് ആളുകളെ കയറ്റവിടുന്നത്. കുവൈത്തില്‍ രണ്ട് തരം വിസകളുണ്ട്. ഒന്ന് 18ാം നമ്പര്‍ വിസയും മറ്റൊന്ന് 20ാം നമ്പര്‍ വിസയും. ഇതില്‍ 18ാം നമ്പര്‍ വിസക്കാര്‍ക്ക് യാതൊരു പ്രശ്‌നവുമില്ല. 20ാം നമ്പര്‍ വിസക്കാര്‍ സ്‌പോണ്‍സറുടെ കീഴില്‍ തന്നെ ജോലി ചെയ്യണമെന്നാണ് വ്യവസ്ഥ. എന്നാല്‍ പലരും ഇത് ലംഘിച്ച് സ്വതന്ത്രമായ ജോലി ചെയ്യാറുണ്ട്. ഇത്തരക്കാരെയാണ് കയറ്റി അയക്കുന്നത്. ഇങ്ങനെ കയറ്റി അയക്കുമ്പോഴും അക്കാര്യം ഇന്ത്യന്‍ എംബസിയെ അറിയിക്കണമെന്നാണ് ഇന്ത്യ ആവശ്യപ്പെട്ടതെന്നും കുവൈത്തുമായി നല്ല ബന്ധമാണ് ഇന്ത്യക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു.