Connect with us

Ongoing News

പ്രശ്‌നം കലാഭവന്‍ മണിയല്ല...

Published

|

Last Updated

“കറുപ്പിനെന്തോ കുഴപ്പമുണ്ടെന്ന്” ആരും പ്രത്യേകം പഠിപ്പിക്കാതെതന്നെ, ഞങ്ങളൊക്കെ, കുട്ടിക്കാലം മുതല്‍തന്നെ നന്നായി മനസ്സിലാക്കിയിരുന്നു. ഒരു കറുത്ത ശരീരത്തിന്നുള്ളില്‍ ഒരു “കള്ളന്‍” ഒളിച്ചിരിക്കുന്നുവെന്നുള്ള വിശ്വാസം അന്നെങ്ങിനെയോ ഞങ്ങള്‍ക്കുള്ളില്‍ ദൃഢപ്പെട്ടു കഴിഞ്ഞിരുന്നു. ശ്വാസം പിടിച്ചുള്ള “കുശുകുശുക്കലുകള്‍”ക്കിടയില്‍, രാത്രി ജനവാതിലിന്നടുത്തുവെച്ച് “കറുത്തകൈ” കള്ളന്റേതാണെന്ന് സാക്ഷ്യപ്പെടുത്താന്‍ എല്ലാവര്‍ക്കും അന്ന് വളരെ ഉത്സാഹമായിരുന്നു. കള്ളന്റെ കാല്പാടുകളില്‍പോലും എന്തുകൊണ്ടാണ് അന്ന് കറുപ്പ് നിറം കണ്ടെത്തപ്പെടാതിരുന്നതെന്നോര്‍ത്ത് ഇന്ന് ഞാനും അത്ഭുതപ്പെടുന്നു!

കൊച്ചുനാള്‍ മുതലേ കറുപ്പിനെക്കുറിച്ച് കേള്‍ക്കുന്നത് എന്തോ ഭയങ്കര കുഴപ്പമാണെന്ന മട്ടിലാണ്. “പാറോത്തി”ന്റെ ഉരത്ത ഇലയും ചകിരിയും കൂട്ടിതേച്ച് വൃത്തിയാക്കേണ്ട ഒരഴുക്കായി കറുപ്പിനെ കണ്ട അമ്മമാര്‍വരെ അന്നുണ്ടായിരുന്നു! ലോകത്തിലെ ഏഴ് മഹാത്ഭുതങ്ങളെക്കുറിച്ചല്ലാതെ കറുപ്പിന് അഴക് ഏഴ് എന്ന് അബദ്ധത്തില്‍പോലും അന്നൊന്നും കേട്ടിട്ടേയുണ്ടായിരുന്നില്ല. എന്നാലിന്ന് കാലം മാറി. എന്നിട്ടും “കറുപ്പിന്റെ നില” ജനാധിപത്യം പ്രതീക്ഷിക്കുംവിധം മെച്ചപ്പെട്ടിട്ടില്ല. ഇപ്പോഴും വിവാഹപരസ്യങ്ങളില്‍ “പുളയ്ക്കുന്നത്” വെളുപ്പ് നിറമാണ്. “ചെക്കന്‍ വെളുത്തിട്ടാണ്, പിന്നെ രാഷ്ട്രീയമൊന്നും തീരെയില്ല” എന്ന് വിവാഹദല്ലാള്‍ പറയുന്നതോടെയാണ്, വീടുകള്‍ക്കകത്തുനിന്ന് “കുപ്പിവളകള്‍” കിലുങ്ങിതുടങ്ങുന്നത്. ഇന്നും കറുത്തവര്‍ക്ക് പലസ്ഥലത്തും അപ്രഖ്യാപിത വിലക്കുണ്ട്. പഞ്ചനക്ഷത്ര ഹോട്ടലിലെ വിളമ്പ്‌ജോലിക്കുപോലും വെളുപ്പാണത്രെ അഭികാമ്യം! സിനിമയിലും വെളുപ്പിനോടാണ് പ്രിയം. മലയാളത്തിലെ പ്രശസ്തനായ ഒരു സിനിമാസംവിധായകന്‍ “സ്വകാര്യമായി” പങ്കുവെച്ച ഒരുകാര്യം, ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല. കറുത്തനടനെ “ആലിംഗനം”ചെയ്യാന്‍ ആവശ്യപ്പെട്ടപ്പോള്‍, വെളുത്തനടന്‍, ഷേക്ഹാന്റ് കൊടുത്താല്‍പോരേ എന്നുംമറ്റും സംവിധായകനോട് ചോദിച്ചുവത്രെ! ആലിംഗനത്തില്‍നിന്നും ഒഴിയാന്‍ശ്രമിച്ച “സവര്‍ണ്ണനടനോട്” നിനക്കൊന്നും ഇനിയും “മറ്റേസ്വഭാവം” മാറിയിട്ടില്ലേ എന്ന് തമാശയായി കറുപ്പന്‍ ചോദിച്ചുവത്രെ! സ്വാതന്ത്ര്യത്തിന്റെ സാക്ഷാല്‍ക്കാരമായിത്തീരേ കലയുടെ ലോകത്ത്‌പോലും ഇങ്ങനെയൊക്കെയാണ് സംഭവിക്കുന്നതെങ്കില്‍!

കലയെന്ന അവസാനത്തെ ആശുപത്രികൂടി സങ്കുചിത ശക്തികളുടെ കശാപ്പുകേന്ദ്രമാവുകയാണോ? ജനാധിപത്യത്തിന്റെ കേന്ദ്രസ്ഥലങ്ങളിലൊന്നായി പരിഗണിക്കപ്പെടുന്ന ബ്രിട്ടനില്‍ പലസ്ഥലത്തും “കറുത്തവര്‍ അപേക്ഷിക്കേതില്ല” എന്ന പരസ്യം മുമ്പുായിരുന്നു. എന്തിന് വെളുത്തവരുടെയും കറുത്തവരുടെയും രക്തംപോലും വെവ്വേറെ സൂക്ഷിക്കാനാണത്രേ “റെഡ്‌ക്രോസ്” നിര്‍ദേശിച്ചത്. “രക്തബാങ്കിന്റെ പിതാവ്” എന്ന് പ്രകീര്‍ത്തിക്കപ്പെട്ട ചാള്‍സ് ഡ്യു എന്ന “കറുത്ത”ഡോക്ടര്‍ ഇതില്‍ പ്രതിഷേധിച്ച് രാജിവെക്കുകയായിരുന്നു! അദ്ദേഹത്തോട് മാപ്പ് ചോദിക്കാനല്ല, വര്‍ണവിശുദ്ധി സംരക്ഷിക്കാനാണ് 1940കളിലെ യു എസ് ഭരണകൂടം ശ്രമിച്ചത്. “അജ്ജാതി രക്തത്തിലുാേ? അസ്ഥിമജ്ജ ഇതുകളിലുാേ?” എന്ന് കുമാരനാശാന്‍ ചോദിച്ചത് ആയിരത്തിതൊള്ളായിരത്തി ഇരുപതുകളിലാണ്.

കറുത്തവരായതിന്റെ മാത്രം പേരില്‍ അവമാനിതരായവര്‍ നിരവധിയാണ്. ഒരു സമൂഹത്തെയാകെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രയോഗങ്ങളും കുറവല്ല. ഇംഗ്ലീഷുകാരുടെ, “ഡെവിളിന്റെ നിറം” കറുത്തതാണ്. ബുഷിനെ “ചെകുത്താന്‍” എന്ന് വിളിച്ചപ്പോള്‍ ഹ്യൂഗോ ഷാവേസ് ആക്രമിച്ചത് യൂറോ കേന്ദ്രികൃത കാഴ്ചപ്പാടിന്റെ മുന്‍വിധികള്‍ കൊഴുത്ത “മസ്തിഷ്‌ക”ത്തെയാണ്. ഇന്ത്യക്കാരുടെ പിശാചിന്റെയും നിറം കറുപ്പാണ്. കൂടാതെ ഇന്ത്യന്‍ പിശാചൊരു മാംസഭുക്കുമാണ്! ഇന്ത്യയില്‍ വീട് വാടകക്ക് കൊടുക്കുമ്പോള്‍ അപൂര്‍വ്വം ചിലസ്ഥലങ്ങളിലെങ്കിലും വെജിറ്റേറിയന്‍സിന് മുന്‍ഗണനയുണ്ട്. വാടക കുറച്ച് കൊടുക്കുമോ എന്തോ? സവര്‍ണ്ണ അബോധത്തില്‍, “സസ്യാഹാരം” ശുഭ്രവും സൗമ്യവുമായിരിക്കുമ്പോള്‍, മാംസാഹാരം, കറുപ്പും ഭീകരവുമാണ്. വെളുത്ത് തുടുത്ത് അമേരിക്കന്‍ ഇംഗ്ലീഷ് പറയുന്ന, കോട്ടും ടൈയുമിട്ട, ഒരു കള്ളനെ സങ്കല്പിക്കാന്‍ ഇന്നും പലര്‍ക്കും പ്രയാസമാണ്.

senkumar adgpപണം, ജാതി, നിറം, എന്നിവ കുറ്റകൃത്യങ്ങള്‍ക്കെതിരെ നടപടികളെടുക്കുമ്പോള്‍, നിയമപാലകരെ ഒരു വിധത്തിലും സ്വാധീനിക്കാന്‍ പാടില്ലെന്ന് സര്‍വര്‍ക്കും അറിയാം. എന്നിട്ടും ചിലപ്പോഴൊക്കെ അതിന് നേരെവിപരീതമായാണ് കാര്യങ്ങള്‍ നടക്കുന്നത്. പ്രശസ്ത അഭിനയപ്രതിഭ “കലാഭവന്‍ മണി”ക്കെതിരെ “അതിവേഗ നടപടി” ചില നിയമപാലകര്‍ കൈകൊണ്ടതിന്റെ പിറകില്‍, നീതിബോധത്തേക്കാളേറെ, മറ്റുപലതുമാണ് പ്രവര്‍ത്തിച്ചതെന്ന് തുറന്ന്പറഞ്ഞത് ഉന്നത പോലീസ് ഉദ്യോഗസ്ഥനായ പി ടി സെന്‍കുമാറാണ്. “മമ്മൂട്ടിയോ മോഹന്‍ലാലോ ആയിരുന്നെങ്കില്‍ നിങ്ങളിത്രവേഗം നടപടിയെടുക്കുമായിരുന്നുവോ” എന്ന അദ്ദേഹത്തിന്റെ ഒരൊറ്റ ചോദ്യം, ഗൗരവമായ സംവാദം ആവശ്യമുള്ള ഒരു “പൊതുപ്രസ്താവന”യായി പരിഗണിക്കാന്‍, സാംസ്‌കാരിക പ്രവര്‍ത്തകരെങ്കിലും നിര്‍ഭയം സന്നദ്ധരാവണം. “ഉപ്പ് തിന്നുന്നവര്‍ ആരായാലും വെള്ളം കുടിക്കണം”. എന്നാല്‍ “കുറ്റം” പരിഗണിക്കുന്നതിന്നു പകരം, അത് ചെയ്തതായി കരുതപ്പെടുന്നവരുടെ നിറം ജാതി പ്രശസ്തി എന്നിവ അടിസ്ഥാനമാക്കി “മൃദു” “രൂക്ഷ” സമീപനങ്ങള്‍ സ്വീകരിക്കാന്‍ പാടില്ല. ദളിതര്‍ക്കെതിരെ വിവേചനം പോലീസില്‍ നിലനില്‍ക്കുന്നുവെന്ന് കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞതും, കലാഭവന്‍ മണിയെ മുന്‍നിര്‍ത്തി പി ടി സെന്‍കുമാര്‍ പരാമര്‍ശിച്ച കാര്യങ്ങളും “കീഴാളസാംസ്‌കാരിക വിമര്‍ശനത്തിന്റെ” അനിവാര്യത ഒരിക്കല്‍കൂടി ദൃഢപ്പെടുത്തുകയാണ്.

കറുപ്പും വെളുപ്പുമടക്കം സര്‍വ്വനിറങ്ങളും തുല്യനിലയില്‍ നൃത്തമാടുന്ന ഒരു കാലത്തെയാണ് ജനാധിപത്യം കിനാവുകാണുന്നത്. സവര്‍ണ അവര്‍ണ വിഭജനത്തിന്റെ അവസാനത്തെ അവശിഷ്ടവും അപ്രത്യക്ഷമാവുന്ന ഒരു ലോകത്തെ അഭിവാദ്യം ചെയ്യാനാണത് ഉണര്‍ന്നിരിക്കുന്നത്. ആധിപത്യവിധേയത്വങ്ങള്‍ക്കപ്പുറം നിന്നുയരുന്ന സ്വാതന്ത്ര്യത്തിന്റെ സംഗീതം കേള്‍ക്കാനാണത് കാതോര്‍ത്തിരിക്കുന്നത്. എന്നാല്‍ എല്ലാം അട്ടിമറിച്ചതും, അട്ടിമറിച്ചുകൊിരിക്കുന്നതും അധിനിവേശമാണ്. വിജയികളുടെ വര്‍ണമായതുകൊണ്ട് മാത്രമാണ് വെളുപ്പ് ലോകം ഭരിക്കുന്നത്. അതിന്നും മനസ്സുകളെ “കാണാവഴികളിലൂടെ” കീഴടക്കുന്നതാണ് സര്‍വ്വത്ര കാണുന്നത്. ഇപ്പോള്‍പോലും മനുഷ്യരില്‍ ചിലരെങ്കിലും ഒന്ന് “വെളുത്തുകിട്ടാന്‍” കാട്ടിക്കൂട്ടുന്ന കോപ്രായങ്ങള്‍ ധനനഷ്ടവും സമയനഷ്ടവും മാനനഷ്ടവും ഉാക്കിക്കൊണ്ടാണ് മുന്നേറുന്നത്! പല അളവിലുള്ള “വെള്ളപ്പൊടികള്‍”, ക്രീമുകള്‍, രാവിലെയും ഉച്ചക്കും വൈകുന്നേരവും രാത്രിയും ഭക്ഷണത്തിനു മുന്‍പും പിന്‍പുമായി പുറത്തും അകത്തുമായി സേവിക്കുന്നവര്‍പോലും അക്കൂട്ടത്തിലുണ്ടെന്നാണ് കേള്‍ക്കുന്നത്. സ്വന്തം നിറവും ഭാഷയും ഭക്ഷണവും ബന്ധങ്ങളും എന്തിന് ചരിത്രംപോലും രണ്ടാംതരമാണെന്ന തോന്നലല്ല മറിച്ച് ദൃഢബോധ്യം തന്നെയാണ് പലരേയും നയിക്കുന്നത്. അത്രമാത്രം “അപകര്‍ഷതാബോധം” ചുമന്ന്‌കൊണ്ടാണ്, “കീഴാളജനതകള്‍” ലോകത്തുടനീളം കഴിഞ്ഞുകൂടുന്നത്. മലയാളം എഴുതുമ്പോഴും പറയുമ്പോഴും, തെറ്റുന്നത് ചിലര്‍ക്ക് അഭിമാനമാണ്. എന്നാല്‍ ഇംഗ്ലീഷ് എങ്ങാന്‍ തെറ്റിപ്പോയാല്‍ ഈ മനുഷ്യര്‍ കാട്ടിക്കൂട്ടുന്ന വെപ്രാളം കാണേണ്ടതുതന്നെയാണ്. കുപ്പായത്തിന്റെ കുടുക്ക് തിരക്കില്‍ ഇട്ടത് മാറിപ്പോയാല്‍ നമ്മളൊന്ന് കുലുങ്ങിചിരിക്കും. എന്നാല്‍ “ടൈ” കെട്ടിയതൊന്ന് തെറ്റിപ്പോയാലോ? അപമാനഭാരംകൊണ്ട് ശിരസ്സ് കുനിയും. “ടൈ”ക്ക് “കഴുത്തുകെട്ടി” എന്നൊരു മലയാളപദം പകരംവെക്കാന്‍പോലും നമുക്ക് കഴിയില്ല. എന്തിന് ഇംഗ്ലീഷ് ഡോക്ടറെ മലയാളം വൈദ്യര്‍ എന്നൊന്ന് വിളിച്ചുനോക്കൂ! അപ്പോള്‍ വിവരമറിയും!

ഇന്നും യൂറോപ്യന്‍ രാജ്യങ്ങളിലെ തടവറകളിലധികവും കറുത്തവരാണ്. ചൈനയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സമുന്നത നേതാവും, ചുവപ്പന്‍ പടയുടെ കമാന്‍ഡറുമായിരുന്ന “ചൂട്ടേ”യോട്, “നിങ്ങളും മുമ്പ് കളവുകള്‍ നടത്തിയിട്ടുല്ലോ” എന്ന് ഒരഭിമുഖത്തില്‍ പ്രശസ്ത പത്രപ്രവര്‍ത്തകയായ അഗ്‌നസ്‌മെഡ്‌ലി ചോദിച്ചപ്പോള്‍ ചൂട്ടേ പറഞ്ഞത് “കളവും ഒരു വര്‍ഗപ്രശ്‌നമാണ്” എന്നായിരുന്നു. ഒരുപക്ഷേ ഇതേ ആശയം തന്നെയാണ് പിന്നീട് കെ ദാമോദരന്റെ “പാട്ടബാക്കി” എന്ന പ്രശസ്തമായ നാടകത്തിലെ “കിട്ടുണ്ണി” എന്ന രാഷ്ട്രീയ പ്രവര്‍ത്തകന്‍ തിരിച്ചറിയുന്നതും. ഒരു നിര്‍വ്വാഹവുമില്ലാത്തതിനാല്‍ ശരീരം വിറ്റ് ജീവിക്കേണ്ടിവന്ന അനിയത്തിയോട്, അതുപോലെതന്നെ ഒരു നിര്‍വ്വാഹവുമില്ലാത്തതിനാല്‍ ഒരുപിടി അരി വാരി മുണ്ടിലിട്ടതിന്റെ പേരില്‍ മോഷ്ടാവായി ശിക്ഷിക്കപ്പെട്ട കിട്ടുണ്ണി പറഞ്ഞത്, “ദാരിദ്ര്യമാണ് കുഞ്ഞിമാളൂ ഒരുവളെ വേശ്യയാക്കുന്നതും മറ്റൊരുവനെ കള്ളനാക്കുന്നതും” എന്നായിരുന്നു.

കറുത്തവരെയും, കീഴാളരെയും കൊന്നൊടുക്കിയതും, കുറ്റവാളികളാക്കിയതും അധിനിവേശ ശക്തികളാണ്. കറുപ്പിലെ കുഴപ്പമല്ല, അധിനിവേശത്തിലുള്ള കുഴപ്പമാണ് കറുപ്പിനെ വിരൂപതയിലേക്കും കൊള്ളരുതായ്മയിലേക്കും വെട്ടിച്ചുരുക്കിയത്. പി ടി സെന്‍കുമാര്‍ കൊല്ലത്ത് നടന്ന പോലീസ് സമ്മേളനത്തില്‍ പങ്കുവെച്ചത്, മലയാളത്തിന്റെ സ്‌നേഹഭാജനമായ അഭിനയ പ്രതിഭ മണിയുടെ മാത്രം “സ്വകാര്യ പ്രശ്‌നമല്ല” മറിച്ച് മുമ്പ് സൂചിപ്പിച്ചപോലെ ഗൗരവമാര്‍ന്നൊരു സാംസ്‌കാരിക പ്രശ്‌നമാണ്. അതേവേദിയില്‍ വെച്ച് മുന്‍ ചീഫ് ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍, പരോക്ഷമായി സെന്‍കുമാറിനെ തിരുത്തി പറഞ്ഞ “ജാതിയുടെ നിറമല്ല, പണത്തിന്റെ നിറമാണ് പലര്‍ക്കും പ്രശ്‌നം” എന്നുള്ളതും ശരിയാണ്. എന്നാല്‍ ഈ “പൊതുശരി” അതിനപ്പുറമുള്ള സൂക്ഷ്മ ശരികള്‍, കാണാതിരിക്കാനുള്ള മറയായി മാറാതിരിക്കാനുള്ള ജാഗ്രതയാണ് ഇന്നനിവാര്യമായിട്ടുള്ളത്. ഫിഡല്‍കാസ്‌ട്രോ താന്‍ ലസാലയില്‍ പഠിക്കുന്ന കാലത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: പണക്കാര്‍ക്ക് വേണ്ടിയുള്ള സ്‌കൂളായിരുന്നു അവ. കറുത്തവര്‍ക്ക് പ്രവേശനം നല്‍കിയില്ല. ഫീസ് കൊടുക്കാന്‍ തയ്യാറായാലും അവര്‍ക്ക് പ്രവേശനം കിട്ടുകയില്ലായിരുന്നു. അഡ്മിഷനു അപേക്ഷിക്കുന്നവരുടെ രക്തപരിശോധനയൊന്നും നടത്തിയില്ല; നാസികള്‍ ചെയ്യുമായിരുന്നതുപോലെ! വെള്ളക്കാരന്‍ കുട്ടിയല്ലെങ്കില്‍ പ്രവേശനം കിട്ടുകയില്ല.”

ഇത് വിപ്ലവത്തിന് മുമ്പുള്ള ക്യൂബയിലെ സ്ഥിതിയാണ്. എന്നാല്‍ വിപ്ലവം കഴിഞ്ഞ് പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും സോഷ്യലിസ്റ്റ് ക്യൂബയില്‍ പോലും കറുത്തവര്‍ക്കെതിരെ, അവര്‍ കറുത്തവരാണ് എന്നൊരൊറ്റ കാരണംകൊണ്ട് ക്രൂരമായ വിവേചനങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്ന് തുറന്നുപറയാനുള്ള ധീരത കാസ്‌ട്രോ പ്രകടിപ്പിച്ചു. നിലവിലുള്ള അത്തരം വിവേചനങ്ങള്‍ പൂഴ്ത്തിവെക്കുന്നത്, ദേശീയമായ പൊങ്ങച്ചം പറച്ചില്‍ മാത്രമായിരിക്കുമെന്ന് അദ്ദേഹം തുറന്നടിച്ചു. അതോടൊപ്പം ക്യൂബന്‍ ടി വിയില്‍ “കറുത്തവരെ”മാത്രം കുറ്റവാളികളായി അവതരിപ്പിക്കുന്ന ദൃശ്യപരിപാടി മാറ്റിവെക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. ഇഗ്‌നോസിയാ റൊമാനാവുമായുള്ള അഭിമുഖത്തില്‍ കാസ്‌ട്രോ പറഞ്ഞു: ചിലപ്പോള്‍ ഏതെങ്കിലും ടി വി പരിപാടിയില്‍ പോലീസിന്റെ കാര്യക്ഷമത തെളിയിക്കാന്‍ വേണ്ടി കുറ്റകൃത്യങ്ങള്‍ ചെയ്ത കറുത്തവരും സങ്കരവര്‍ഗക്കാരുമായ കുറെ കുട്ടികളെ കാണിക്കും. രണ്ടുതരം മോഷണങ്ങളുണ്ട്. സാധാരണ മോഷണം, അല്ലാതെ വെള്ളക്കോളര്‍ മോഷണം. ഒരിക്കല്‍ ഈ ടിവി ഷോ പ്രദര്‍ശിപ്പിച്ചവരെ വിളിച്ചു ഞാന്‍ അവരോട് സംസാരിച്ചു. ഈ മട്ടിലുള്ള പരിപാടി ഇനി വേണ്ട എന്നു ഞാന്‍ പറഞ്ഞു. കുറ്റവാളികളെല്ലാം ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുമാണ് എന്ന ധാരണ പരത്തി നാം എന്തു നേടാനാണ്?

ഒരു ഭാഗത്ത് “കീഴാളരാകുമ്പോള്‍” ചില പോലീസുകാര്‍ക്കെങ്കിലും “മിടുക്ക്” വളരെ കൂടിപ്പോകുന്നതിനെക്കുറിച്ചാണ്, ഇപ്പോള്‍ ഇന്റലിജന്‍സ് ഡി ജി പി പറഞ്ഞിരിക്കുന്നത്. “കാക്ക കുളിച്ചാല്‍ കൊക്കാകുമോ” എന്ന പഴയ പൊള്ളച്ചൊല്ലിനുനേരെയാണ് അദ്ദേഹവുമിപ്പോള്‍ തോക്ക് ചൂണ്ടിയിരിക്കുന്നത്. സായിപ്പിനെ കാണുമ്പോള്‍ ജനാധിപത്യകാലത്തിലെ നിയമപാലകര്‍ കവാത്ത് മറക്കരുത്. കീഴാളരെ കാണുമ്പോള്‍, നീതിബോധത്തെ നിറംകെടുത്തുംവിധമുള്ള ഉഷാറും അവര്‍ പ്രകടിപ്പിക്കരുത്. വെളുപ്പിനോടുള്ള കൂറിനും കറുപ്പിനോടുള്ള വെറുപ്പിനും വര്‍ണ്ണവ്യവസ്ഥയോളം ആഴത്തിലുള്ള വേരുകളുണ്ട്.

നിലവിലുള്ള ഇന്ത്യന്‍ മാനവികത ഒരു യൂറോപ്യന്‍ “സവര്‍ണ” സംയുക്ത സൃഷ്ടിയാണ്. “ഭൂമിയിലെ നിന്ദിതര്‍” എന്ന ഫ്രാന്‍സ് ഫാനന്റെ പ്രശസ്തമായ പുസ്തകത്തിനുള്ള ആമുഖത്തില്‍ ഇക്കാര്യം എടുത്തടിക്കുംമട്ടില്‍ ഴാങ്‌പോള്‍ സാര്‍ത്ര ് എഴുതിയത് ഇങ്ങിനെ: നമുക്കുള്ളത് വംശീയതയെ അടിസ്ഥാനമാക്കിയ ഒരു മാനവികതയാണല്ലോ. കാരണം യൂറോപ്യന് മനുഷ്യരായിതീരാന്‍ കഴിഞ്ഞതുതന്നെ അടികളെയും രാക്ഷസന്മാരെയും സൃഷ്ടിച്ചുകൊാണല്ലോ. രാക്ഷസന്മാരുടെ കാര്യത്തില്‍ പേറ്റന്റ് തര്‍ക്കം വന്നാല്‍ “ഇന്ത്യന്‍ സവര്‍ണത” ജയിക്കും! ഇന്ത്യന്‍ സവര്‍ണ അധിനിവേശം ആദിമ ജനസമൂഹത്തെ കീഴടക്കിയപ്പോഴാണ് “അവര്‍” “രാക്ഷസര്‍” എന്ന ഭയപ്പെടുത്തും വിധമുള്ള സാമൂഹ്യവിഭാഗമായി മാറിയത്. കീഴടക്കപ്പെടുന്നതുവരെ, ജ്യോതിബഫൂലെ വ്യക്തമാക്കിയപോലെ രാക്ഷസര്‍ എന്ന വാക്കിന്റെ അര്‍ത്ഥം ഭൂസംരക്ഷകര്‍ എന്നായിരുന്നു. ആഫ്രിക്കന്‍ കറുപ്പും ഇതുപോലെ കീഴടക്കപ്പെട്ടതിന്നുശേഷമാണ് രണ്ടാംതരം നിറമാക്കപ്പെട്ടത്. ചരിത്രപ്രതിഭകള്‍ വ്യക്തമാക്കിയപോലെ കറുത്തവരായതുകൊണ്ട് അവര്‍ കീഴടക്കപ്പെടുകയല്ല, കീഴടക്കപ്പെട്ടതുകൊണ്ട് കറുപ്പിന് മുമ്പുള്ള അര്‍ത്ഥം നഷ്ടപ്പെട്ട് ഇന്നുള്ള അര്‍ത്ഥത്തില്‍ അവര്‍, “കറുപ്പ”രായി തീരുകയാണുണ്ടായത്.

വെള്ളക്കാരാല്‍ കീഴടക്കപ്പെടുന്നതിനു മുമ്പ് സൗന്ദര്യാവിഷ്‌കാരത്തിന്റെ ഭാഗമായി ആഫ്രിക്കക്കാര്‍ പല്ല്‌പോലും കറുപ്പിക്കുകയായിരുന്നു ചെയ്തിരുന്നതെങ്കില്‍ സ്വന്തം മനസ്സുംകൂടി വെള്ളയാല്‍ കീഴടക്കപ്പെട്ടപ്പോള്‍ അവര്‍ ശരീരം മുഴുവന്‍ വെളുപ്പിക്കുന്നതിലേക്ക് തലകുത്തി വീഴുകയാണുണ്ടായത്! “കറുപ്പായതുകൊണ്ട് മാത്രം” മനുഷ്യരെ “കരിമ്പട്ടികയില്‍”(?) പെടുത്തരുത്! ടി പി സെന്‍കുമാര്‍ എന്ന പോലീസുദ്യോഗസ്ഥന്‍ കേരളം ആവശ്യപ്പെടുന്ന ഒരു സാംസ്‌കാരിക വിമര്‍ശനമാണ് ധീരമായി ഉന്നയിച്ചിരിക്കുന്നത്. അത് കേരളത്തിന്റെ പ്രിയ കലാപ്രതിഭ മണിയുടെയോ, കേസ്സ് ചാര്‍ജ് ചെയ്ത സത്യസന്ധരായ വനപാലകരുടേയോ സ്വകാര്യപ്രശ്‌നമെന്നതിനപ്പുറം, ആഴത്തിലുള്ളൊരു സാംസ്‌കാരിക പ്രശ്‌നമാണ്. ചെറിയ പ്രശ്‌നങ്ങളുടെ പേരില്‍പോലും കീഴാളസമൂഹങ്ങള്‍ അനുപാതരഹിതമാം വിധം ആക്രമണവിധേയമാവുന്ന പശ്ചാത്തലത്തില്‍ പ്രത്യേകിച്ചും!

http://ken-idapedal.blogspot.in/2013/05/blog-post_30.html

Latest