National
ഐ പി എല്‍ ചെയര്‍മാന്‍ രാജീവ് ശുക്ല രാജിവെച്ചു
ന്യൂഡല്‍ഹി/ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐ പി എല്‍) ചെയര്‍മാന്‍ സ്ഥാനം രാജീവ് ശുക്ല രാജിവെച്ചു. ഐ പി എല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട് ഐ സി സി മുന്നറിയിപ്പ് ബി സി സി ഐ അവഗണിച്ചെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടും പ്രസിഡന്റ് എന്‍ ശ്രീനിവാസന്‍ രാജിവെക്കാത്തതില്‍ പ്രതിഷേധിച്ചാണ് ശുക്ലയുടെ രാജി. ബി സി സി ഐയുടെ അടിയന്തര വര്‍ക്കിംഗ് കമ്മിറ്റി യോഗം ഇന്ന് ചെന്നൈയില്‍ ചേരാനിരിക്കെ ശുക്ല രാജിവെച്ചതോടെ പ്രസിഡന്റ് ശ്രീനിവാസന്റെ രാജിക്ക് സമ്മര്‍ദമേറിയിട്ടുണ്ട്. രാജിവെക്കുന്ന കാര്യം ഇന്നത്തെ യോഗത്തില്‍ ശ്രീനിവാസന്‍ അറിയിച്ചേക്കുമെന്നാണ് സൂചന.
ഐ പി എല്‍ ചെയര്‍മാന്‍ സ്ഥാനം രാജിവെക്കുന്ന കാര്യം പല തവണ ആലോചിച്ചതാണ്. ഇതാണ് രാജിവെക്കുന്നതിനുള്ള ഉചിതമായ സമയമെന്ന് കരുതുന്നുവെന്ന് രാജീവ് ശുക്ല പറഞ്ഞു. ശ്രീനിവാസന്‍ രാജിവെക്കാത്തതില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച വൈകീട്ട് ബി സി സി ഐ സെക്രട്ടറി സഞ്ജയ് ജഗ്ദലെയും ട്രഷറര്‍ അജയ് ഷിര്‍കെയും രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശുക്ലയുടെ രാജി. ജഗ്ദലെയും ശ്രീകെയും ക്രിക്കറ്റിന്റെ താത്പര്യങ്ങള്‍ പരിഗണിച്ചാണ് രാജിവെച്ചതെന്ന് ശുക്ല അഭിപ്രായപ്പെട്ടു.
വാതുവെപ്പ് കേസില്‍ അറസ്റ്റിലായ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സി ഇ ഒയും ശ്രീനിവാസന്റെ മരുമകനുമായ ഗുരുനാഥ് മെയ്യപ്പന്‍ അറസ്റ്റിലായ സാഹചര്യത്തിലാണ് ബി സി സി ഐ യോഗം ചേരുന്നത്. ഈ ആഴ്ച അവസാനം യോഗം ചേരുമെന്നാണ് ആദ്യം അറിയിച്ചിരുന്നതെങ്കിലും ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ശ്രീനിവാസന്‍ രാജിവെച്ചേക്കുമെന്ന സൂചന നല്‍കി ചില സുപ്രധാനമായ തീരുമാനങ്ങള്‍ ഇന്നുണ്ടാകുമെന്നാണ് രാജീവ് ശുക്ല പറഞ്ഞത്.
അതേസമയം, ബി സി സി ഐ പ്രസിഡന്റ് സ്ഥാനം രാജിവെക്കണമെങ്കില്‍ ചില ഉപാധികള്‍ ശ്രീനിവാസന്‍ മുന്നോട്ടു വെച്ചേക്കുമെന്നും സൂചനയുണ്ട്. കുറ്റക്കാരനല്ലെന്ന് ബോധ്യമാകുമ്പോള്‍ പ്രസിഡന്റ് സ്ഥാനം തിരികെ നല്‍കുക, ഐ സി സി യോഗങ്ങളില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്യാന്‍ അനുവദിക്കുക, രാജിവെച്ച സഞ്ജയ് ജഗ്ദലെയെയും അജയ് ഷിര്‍കെയെയും പുതിയ സമിതിയില്‍ ഉള്‍പ്പെടുത്താതിരിക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ ശ്രീനിവാസന്‍ മുന്നോട്ടു വെക്കുമെന്നാണ് കരുതുന്നത്. മെയ്യപ്പനെതിരായ അന്വേഷണം പൂര്‍ത്തിയാകുന്നതു വരെയെങ്കിലും പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറി നില്‍ക്കാനാകും ബോര്‍ഡ് യോഗത്തില്‍ ആവശ്യമുയരുക. ജഗ്ദലെയും ഷിര്‍കെയും രാജിവെച്ച സാഹചര്യത്തില്‍ 22 അംഗ വര്‍ക്കിംഗ് കമ്മിറ്റിയാണ് ഇന്ന് ചേരുക.
ഗോവ, അസം, മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷനുകള്‍ ശ്രീനിവാസന്റെ രാജിക്കായി രംഗത്തെത്തിയിട്ടുണ്ട്. കേരളാ ക്രിക്കറ്റ് അസോസിയേഷനും ഇതേ നിലപാട് എടുക്കുമെന്നാണ് സൂചന. എന്നാല്‍, ദക്ഷിണേന്ത്യയെ പ്രതിനിധാനം ചെയ്ത് ഇന്നത്തെ യോഗത്തില്‍ ആന്ധ്രാപ്രദേശ് ക്രിക്കറ്റ് അസോസിയേഷനിലെ പ്രതിനിധികളാകും പങ്കെടുക്കുക.