National
ഛത്തിസ്ഗഢില്‍ കോണ്‍ഗ്രസ് എം എല്‍ എമാര്‍ കൂട്ടരാജിക്ക്
റായ്പൂര്‍: മാവോയിസ്റ്റ് ആക്രമണം നടന്ന ഛത്തിസ്ഗഢില്‍ കോണ്‍ഗ്രസ് എം എല്‍ എമാര്‍ കൂട്ട രാജി ഭീഷണി മുഴക്കി. കഴിഞ്ഞ മാസം 25നുണ്ടായ ആക്രമണത്തില്‍ പി സി സി മേധാവി ഉള്‍പ്പെടെ കോണ്‍ഗ്രസ് നേതാക്കള്‍ കൊല്ലപ്പെടാനിടയാക്കിയ സംഭവത്തില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസ് എം എല്‍ എമാര്‍ രാജിക്കൊരുങ്ങുന്നത്. സംഭവത്തിന്റെ ഉത്തരവാദിത്വം മേറ്റെടുത്ത് രാമന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള ബി ജെ പി മന്ത്രിസഭ പിരിച്ചുവിടണമെന്നാണ് കോണ്‍ഗ്രസ് എം എല്‍ എമാരുടെ ആവശ്യം.
തങ്ങള്‍ക്ക് തങ്ങളുടെ മുതിര്‍ന്ന നേതാക്കളെയെല്ലാം നഷ്ടപ്പെട്ടു. ബി ജെ പി ഗവണ്‍മെന്റിന്റെ സുരക്ഷാ വീഴ്ചയാണ് മാവോയിസ്റ്റ് ആക്രമണങ്ങള്‍ക്ക് കാരണമാകുന്നത്. ഈ സാഹചര്യത്തില്‍ ബി ജെ പി നേതൃത്വം നല്‍കുന്ന നിയമസഭയില്‍ ഇനിയും തുടരുന്നതില്‍ എന്തര്‍ഥമാണുള്ളത്? – ഒരു എം എല്‍ എ ചോദിച്ചു. കോണ്‍ഗ്രസ് പാര്‍ലിമെന്ററി പാര്‍ട്ടി നേതാവ് രവീന്ദ്ര ചൗധരിയെ കണ്ട് കൂട്ടരാജിക്കാര്യം ഉന്നയിച്ചതായി മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ മുഹമ്മദ് അക്ബര്‍ പറഞ്ഞു.