Ongoing News
വന്നണഞ്ഞു, വീണ്ടുമൊരു വിദ്യാലയ വര്‍ഷം
വീണ്ടും ഒരു വിദ്യാലയ വര്‍ഷം ആരംഭിക്കുകയാണല്ലോ? മധ്യവേനല്‍ അവധി “അടിച്ചുപൊളിച്ച്” ആഘോഷിച്ചിട്ടുണ്ടാകും പലരും. ആ ആഘോഷങ്ങള്‍ക്കൊക്കെ താത്കാലിക വിരാമം വീഴുകയാണ്. ഇന്ന് കൂട്ടുകാരെല്ലാം വിദ്യാലയത്തിലേക്ക് എത്തുകയാണ്. കൊച്ചു കൊച്ചു മടികളൊക്കെ മാറ്റിവെച്ച് ഉത്സാഹപൂര്‍വം വേണം നാം വിദ്യാലയത്തിലേക്ക് പോകാന്‍. ഇത് ഒരു പുതിയ തുടക്കമാണ്. പുതിയ ക്ലാസ്, പുതിയ പുസ്തകം, പുതിയ കൂട്ടുകാര്‍, പുതിയ ഉടുപ്പ്, പുതിയ അധ്യാപകന്‍ പുതിയ അന്തരീക്ഷം എല്ലാം പുതിയത്. അപ്പോള്‍ പിന്നെ വേണ്ടേ പുതിയ ചില തീരുമാനങ്ങളും?
കഴിഞ്ഞ വര്‍ഷത്തെക്കുറിച്ച് ഒന്ന് ഓര്‍ത്തു നോക്കൂ. ഓര്‍ത്ത് സങ്കടപ്പെടാനല്ല; വെറുതെ ഒരു പരിശോധനക്ക്. എന്തെല്ലാം ആഗ്രഹിച്ചു? എന്തെല്ലാം നേടി? നേടാന്‍ കഴിയാതെ പോയത് എന്തൊക്കെ? എന്തുകൊണ്ട് അങ്ങനെ സംഭവിച്ചു? ഇപ്പോള്‍ തന്നെ തീരുമാനിക്കു ഇത്തവണ കഴിഞ്ഞ വര്‍ഷത്തെ പോലെ ആകില്ല എന്ന്. നാളേക്ക് മാറ്റിവെക്കാതെ ഇന്നു തന്നെ, ഇപ്പോള്‍ തന്നെ, ഇവിടെ വെച്ചുതന്നെ ആരംഭിക്കൂ.
ജീവിത വിജയത്തിന് ആദ്യം വേണ്ടത് ലക്ഷ്യം നിര്‍ണയിക്കലാണ്. ഇന്നലെ വരെ നമുക്ക് ആഗ്രഹങ്ങളാണ് ഉണ്ടായിരുന്നത്; ലക്ഷ്യമായിരുന്നില്ല. ഇനി നമുക്ക് വേണ്ടത് ആഗ്രഹങ്ങളല്ല, ലക്ഷ്യമാണ്.
ആഗ്രഹങ്ങളല്ല, വേണ്ടത് ലക്ഷ്യം
കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം നമുക്ക് ധാരാളം ആഗ്രഹങ്ങളുണ്ടായിരുന്നു. നന്നായി പഠിക്കണം, നല്ല കുട്ടിയാകണം, നന്നായി പെരുമാറണം, നല്ല മാര്‍ക്ക് വാങ്ങണം എന്നെല്ലാം. പക്ഷേ, സംഭവിച്ചതോ, ഓര്‍ത്തുനോക്കൂ. ഒന്നും വേണ്ട വിധത്തിലായില്ലെന്ന് തോന്നുന്നില്ലേ? ഇനി ആഗ്രഹങ്ങളെ മാറ്റിവെച്ച് ലക്ഷ്യം നിര്‍ണയിക്കൂ.ഏതൊരു യാത്രക്കും നമുക്ക് ലക്ഷ്യസ്ഥലം ഉണ്ടായിരിക്കും. യാത്ര പുറപ്പെടുന്നതിനു മുമ്പേ നാം തീരുമാനിക്കും എവിടേക്കാണ് പോകേണ്ടത് എന്ന്. അങ്ങനെ തീരുമാനിച്ച് യാത്ര ചെയ്താലേ നാം ആ സ്ഥലത്ത് എത്തിച്ചേരു. മൈസൂരിലേക്ക് പോകണം എന്നു കരുതി ഊട്ടിയിലേക്ക് വണ്ടി കയറിയാലോ, എന്തായിരിക്കും സംഭവിക്കുക? ഇതുപോലെ തന്നെയാണ് ജീവിതയാത്രയും വിദ്യാഭ്യാസ യാത്രയും. പക്ഷേ, ഈ രണ്ട് യാത്രയിലും നിശ്ചയിച്ചുറപ്പിച്ച ഒരു ലക്ഷ്യത്തിലേക്കല്ല നാം യാത്ര ചെയ്യുന്നത്. എത്തുന്നിടത്ത് എത്തട്ടെ എന്ന മട്ടിലുള്ള ഒരു അലസയാത്രയാണ്.
നിങ്ങള്‍ ഇപ്പോള്‍ തീരുമാനിക്കൂ, എന്താണ് ലക്ഷ്യം എന്ന്. എന്നിട്ട് അതിനനുസരിച്ച് ഒരു വാഹനം തിരഞ്ഞെടുക്കൂ. ആ വാഹനം നിരന്തര പരിശ്രമത്തിന്റെതാകട്ടെ. സഹവര്‍ത്തനത്തിന്റെതാകട്ടെ, സത്യസന്ധതയുടെതും ആത്മവിശ്വാസത്തിന്റെതുമാകട്ടെ. അപ്പോള്‍ നിങ്ങള്‍ തീര്‍ച്ചയായും ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരും.
പരിശ്രമം
ലക്ഷ്യം നേടാന്‍ നിരന്തര പരിശ്രമം വേണം. വെറുതെ ലക്ഷ്യം നിര്‍ണയിച്ച് കിടന്നുറങ്ങിയാല്‍ പോരാ. എത്രമാത്രം പരിശ്രമം വേണം എന്നത് നാം തീരുമാനിക്കണം. ഒരു സെന്‍ കഥ കേട്ടോളൂ.
ഒരു കായിക വിദ്യാര്‍ഥി തന്റെ ഗുരുവിന്റെ അടുക്കലെത്തി ചോദിച്ചു. “ഞാന്‍ അങ്ങയുടെ ആയോധനകല പഠിക്കാന്‍ തീവ്രമായി പരിശ്രമിക്കുന്നു. എത്ര നാള്‍ വേണ്ടി വരും എനിക്കതില്‍ മാസ്റ്ററാകാന്‍?”
“പത്ത് വര്‍ഷം” ഗുരു ഉത്തരം പറഞ്ഞു.
അക്ഷമയോടെ ശിഷ്യന്‍ വീണ്ടും ചോദിച്ചു. ” പക്ഷേ, അതിന് മുമ്പു തന്നെ എനിക്കു മാസ്റ്ററാകണം. ഞാന്‍ കഠിനമായി അധ്വാനിക്കാം. എല്ലാ ദിവസവും പത്ത് മണിക്കൂറിലേറെ പരിശീലനത്തില്‍ മുഴുകാം. അങ്ങനെയാണെങ്കില്‍ എത്ര നാള്‍ വേണ്ടി വരും എനിക്കത് നേടിയെടുക്കാന്‍?”
ഗുരു അല്‍പ്പ സമയം ആലോചിച്ചു. എന്നിട്ടു പറഞ്ഞു.” ഇരുപത് വര്‍ഷം.”
നിരന്തരവും ക്ഷമാപൂര്‍വവുമായ പരിശ്രമമാണ് വേണ്ടത്. ചിലപ്പോള്‍ നമ്മുടെ പരിശ്രമങ്ങള്‍ക്ക് തിരിച്ചടികള്‍ നേരിട്ടെന്നിരിക്കാം. ചുറ്റുപാടുമുള്ളവര്‍ പിന്തിരിപ്പിച്ചെന്നും വരാം. എത്ര പേര്‍ അതിനായി പരിശ്രമിച്ചതാണ് എന്നതല്ല പ്രശ്‌നം. എത്ര പേര്‍ അത് സാധ്യമല്ല എന്നു പറഞ്ഞിട്ടുണ്ടെന്നതുമല്ല. നിങ്ങള്‍ ചെയ്യാന്‍ പോകുന്നത് നിങ്ങളുടെ ആദ്യത്തെ പരിശ്രമമാണ് എന്ന് തിരിച്ചറിയുകയാണ്. മറ്റുള്ളവര്‍ ചെയ്യുന്നത് അതേപടി പകര്‍ത്തുകയല്ല. വ്യത്യസ്തമായി ചെയ്യാന്‍ ശ്രമിക്കൂ… അപ്പോള്‍ ആ പ്രവൃത്തി നമുക്ക് ആഹ്ലാദം നല്‍കും. ആഹ്ലാദത്തോടെ ചെയ്യുന്ന പ്രവൃത്തി കഠിനമായിതോന്നുകയേ ഇല്ല.
മത്സരമല്ല,സഹകരണം വേണം
ഇത് മത്സരങ്ങളുടെ ലോകമാണ്. തന്റെ കൂട്ടുകാരനും ബന്ധുക്കളും മത്സരത്തില്‍ ശത്രുക്കളായി മാറുന്നു. മത്സരത്തില്‍ എപ്പോഴും കുറച്ച് പേര്‍ മാത്രം വിജയിക്കുന്നു. സഹകരണത്തില്‍ എല്ലാവരും വിജയിക്കുന്നു. തനിക്കുള്ളത് നല്‍കിയും ഇല്ലാത്തത് സ്വീകരിച്ചും സഹവര്‍ത്തിത്വത്തില്‍ മുന്നേറൂ… അപ്പോള്‍ നമുക്ക് മനസ്സമാധാനത്തോടെ മുന്നോട്ടു പോകാന്‍ കഴിയും. മത്സരം പലപ്പോഴും നമ്മളില്‍ നിഷേധാത്മക ചിന്തകള്‍ വളര്‍ത്തും. അത് അസൂയയും അഹങ്കാരവും അപകര്‍ഷതാബോധവും വളര്‍ത്തും. സഹകരിച്ച് മുന്നേറാന്‍ പഠിക്കണം.
സത്യത്തെ മുറുകെപ്പിടിക്കുക എന്നതും വിജയത്തിന്റെ പ്രാഥമിക പാഠങ്ങളില്‍ ഒന്നാണ്. സത്യത്തിലധിഷ്ഠിതമായുള്ള ജീവിതമാണ് സര്‍വൈശ്വര്യങ്ങളോടെയുമുള്ള നേട്ടങ്ങള്‍ക്കാധാരം.
ആത്മവിശ്വാസം
“വിശ്വാസം; അതല്ലേ എല്ലാം?” എന്ന് പരസ്യങ്ങളില്‍ നമ്മള്‍ കേള്‍ക്കുന്നു. ലക്ഷ്യത്തിലേക്ക് യാത്ര ചെയ്യുന്നൊരാള്‍ക്ക് വിശ്വാസം നല്ലതാണ്. പക്ഷേ, അതിനേക്കാള്‍ പ്രധാനമാണ് ആത്മ വിശ്വസം. അതില്ലാത്തവരായിരിക്കും അധികം ആളുകളും. നമ്മുടെ വീട്, കുടുംബം, സുഹൃത്തുക്കള്‍, സഹപാഠികള്‍, അധ്യാപകര്‍ ഇങ്ങനെ നമുക്ക് ചുറ്റുമുള്ളവര്‍ പലപ്പോഴും, നമുക്ക് ആത്മവിശ്വാസം പകരുന്ന വിധത്തിലായിരിക്കില്ല പെരുമാറുക. രക്ഷിതാക്കള്‍ നമ്മോട് വളരെ സ്‌നേഹമുള്ളവരാണെങ്കിലും നമ്മേ എപ്പോഴും മറ്റുള്ളവരോട് താരതമ്യം ചെയ്യാനാണ് ശ്രമിക്കുക. താരതമ്യം ചെയ്യുന്നത് ആരും ഇഷ്ടപ്പെടണമെന്നില്ല; വലിയവര്‍ പോലും. പക്ഷേ, അവര്‍ അത് തിരിച്ചറിയുന്നില്ല. താരതമ്യം ചെയ്യുന്ന രക്ഷിതാക്കളോടും അധ്യാപകരോടും കുട്ടികള്‍ തിരിച്ചു ചോദിച്ചാലോ? അവരുടെ മനോഭാവം എന്തായിരിക്കും? ആര്‍ക്കും താരതമ്യം ചെയ്യുന്നത് ഇഷ്ടമല്ല. കുട്ടികള്‍ക്ക് തീരെയും.
നാം നമ്മേ തിരിച്ചറിയുമ്പോഴേ നമുക്ക് അത്മവിശ്വാസം ഉണ്ടാകൂ. മറ്റുള്ളവരുടെ ഉള്ളതിലേക്കും നമ്മുടെ ഇല്ലാത്തതിലേക്കുമാണ് നമ്മള്‍ എപ്പോഴും നോക്കുന്നത്. നമ്മുടെ ഉണ്‍മകളിലേക്കാകട്ടെ ഇനിയുള്ള നോട്ടങ്ങള്‍. മറ്റുള്ളവരെ അറിയിക്കാനല്ല, സ്വയം മനസ്സിലാക്കാന്‍ തന്റെ കഴിവുകള്‍, തന്റെ സാധ്യതകള്‍ എന്തൊക്കെയാണെന്ന് തിരിച്ചറിയൂ. എന്നിട്ട് ഒരു പുസ്തകത്തില്‍ അത് എഴുതി വെക്കുക. അത് നിങ്ങള്‍ക്ക് ആത്മവിശ്വാസം പകരും.
സ്വന്തം കഴിവുകളിലും വിധി നിര്‍ണയ ങ്ങളിലും പൂര്‍ണമായും വിശ്വാസം പുലര്‍ത്തുക. അത്രയുമായാല്‍ തന്നെ ഏറെ മുന്നേറാന്‍ നിങ്ങള്‍ക്കു കഴിയും.
“എന്നെപ്പറ്റി മറ്റുള്ളവര്‍ എന്തു പറയുന്നു, ചിന്തിക്കുന്നു” എന്നുള്ളത് പ്രധാനപ്പെട്ട കാര്യമാണ്. എന്നാല്‍ “ഞാന്‍ എന്തു വിചാരിക്കുന്നു” എന്നതിനേക്കാള്‍ പ്രാധാന്യം അതിന് ഉണ്ടായിരിക്കരുത്. ഇനി ആരംഭിച്ചോളൂ… ഇപ്പോള്‍ ഇവിടെവെച്ച് വിജയം സുനിശ്ചിതം.
.