Kozhikode
അദിതി ഇനി ഓര്‍മകളുടെ മുന്‍ബെഞ്ചില്‍
കോഴിക്കോട്: ആ കുരുന്ന് ഇപ്പോഴും ജെസ്സി ടീച്ചറുടെ കണ്‍മുന്നില്‍ നില്‍ക്കുകയാണ്. ഭംഗിയായി കവിത ചൊല്ലുന്ന, അക്ഷരങ്ങളില്‍ ഊന്നിയൂന്നി സംസാരിക്കുന്ന അദിതി. ബാല്യത്തിന്റെ കലപിലയില്‍ ഇന്ന് വിദ്യാലയങ്ങള്‍ ഉണരുമ്പോള്‍ രണ്ടാംക്ലാസില്‍ അദിതിയുണ്ടാവില്ല. വേനലവധിയുടെ ആഹ്ലാദത്തിലേക്ക് കുട്ടികള്‍ വഴിപിരിയുമ്പോള്‍ ടീച്ചറോടും കൂട്ടുകാരോടും യാത്രപറഞ്ഞുപോയ അദിതി ഇനി ഓര്‍മകളുടെ മുന്‍ബഞ്ചില്‍.
കോഴിക്കോട് ബിലാത്തികുളം യു പി സ്‌കൂളില്‍ ഒന്നാം ക്ലാസിന്റെ ഓമനയായിരുന്നു അദിതി എസ് നമ്പൂതിരി. അച്ഛന്റെയും രണ്ടാനമ്മയുടെയും മൃഗീയ പീഡനത്തില്‍ അവള്‍ ജീവിതത്തിന്റെ കവാടം കടന്നുപോയത് ഇക്കഴിഞ്ഞ വേനലവധിയിലായിരുന്നു.
ജീവിതത്തിന്റെ പുല്‍മേടുകളില്‍ പിച്ചവെച്ചു തുടങ്ങുമ്പോള്‍ തന്നെ അദിതിക്ക് ദുരനുഭവങ്ങളുടെ കൂട്ടുണ്ടായിരുന്നു. അമ്മയുടെ മരണം തീര്‍ത്ത അനാഥത്വത്തില്‍ നിന്ന് രണ്ടാനമ്മയുടെ പീഡനങ്ങളിലേക്ക് എറിയപ്പെട്ട ബാല്യം. മര്‍ദനത്തിന്റെ ഒരിക്കലും മാറാത്ത നോവ്, ഭക്ഷണമില്ലാത്ത എത്രയോ ദിനങ്ങള്‍… ഒന്നും ആരോടും പറഞ്ഞില്ലവള്‍. കള്ളം പറയാത്ത അദിതി, ശരീരത്തിന്റെ പാടുകളെ കുറിച്ച് ചോദിക്കുമ്പോള്‍ മാത്രം ടീച്ചറോട് കള്ളം പറഞ്ഞു. പീഡനങ്ങളുടെ നോവത്രയും ഉള്ളിലൊതുക്കി അവള്‍ രണ്ടാനമ്മയുടെ മുഖം രക്ഷിച്ചു. പക്ഷെ, ആ ജീവന്‍ രക്ഷിക്കാന്‍ വൈദ്യശാസ്ത്രത്തിന് കഴിഞ്ഞില്ല. കഴിഞ്ഞ ഏപ്രില്‍ 29ന് അദിതി നിറംകെട്ട ജീവിതത്തോട് യാത്രപറഞ്ഞപ്പോള്‍ ആ വേര്‍പാടിന്റെ വ്യഥയില്‍ കേരളം മുഴുവന്‍ വിതുമ്പി.
അപഹരിക്കപ്പെട്ട ആ ബാല്യത്തിന്റെ ഓര്‍മകളെ മാറോട് ചേര്‍ക്കുമ്പോള്‍ ജെസ്സി ടീച്ചറുടെ കണ്ണുകള്‍ ഈറനണിയും. ഒന്നാം ക്ലാസിലെ പതിനാല് പേരില്‍ ഏറ്റവും മിടുക്കി. എഴുത്തിലെന്നപോലെ സംസാരത്തിലും അക്ഷരങ്ങളുടെ വടിവ്. ഒഴിവ് സമയങ്ങളില്‍ പോലും അക്ഷരങ്ങളുമായി ചങ്ങാത്തം. സ്വാതന്ത്ര്യദിനത്തില്‍ നാല്‍പ്പത് വരി കവിത കാണാതെ ചൊല്ലിയ അദിതി കഴിഞ്ഞ സ്‌കൂള്‍ കലോത്സവത്തില്‍ പദ്യംചൊല്ലലില്‍ സ്‌കൂളിനെ പ്രതിനിധീകരിക്കുമ്പോള്‍ മുതിര്‍ന്ന ക്ലാസിലെ കുട്ടികള്‍ ആ കുഞ്ഞനിയത്തിയെ നമിച്ചു.
കളികളും കുസൃതികളും ഏറിത്തുളുമ്പുന്ന അവധിക്കാലത്തോട് വിടചൊല്ലി വാണിമാതാവിന്റെ പൊന്നോമനകള്‍ ഇന്ന് മടങ്ങിയെത്തുമ്പോള്‍ ബിലാത്തിക്കുളം സ്‌കൂളില്‍ പുനഃസമാഗമത്തിന്റെ ആഹ്ലാദാരവങ്ങള്‍ ഉയരില്ല. അവിടെ പ്രവേശനോത്സവമില്ല. വേദനകള്‍ കടിച്ചമര്‍ത്തി നോര്‍ത്തൊരു ചിരിയുമായി അദിതി നടന്നുപോയ വരാന്തയില്‍ അവളുടെ പടമുണ്ടാവും. നോവുന്ന ആ ഓര്‍മക്ക് മുന്നില്‍ കുട്ടികളും അധ്യാപകരും സ്‌നേഹപ്പൂക്കളര്‍പ്പിക്കും.
ലോക പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് തലശ്ശേരിയിലെ ഡോ. നസിമുദ്ദീന്‍ സ്‌കൂള്‍ മുറ്റത്ത് രണ്ട് മൂവാണ്ടന്‍ മാവിന്റെയും ഒരു സപ്പോട്ടയുടെയും തൈകള്‍ നടും. അദിതിയുടെ ഓര്‍മകള്‍ പച്ചപിടിപ്പിക്കാന്‍.