Editorial
അറിവിന്റെ കവാടം തുറക്കുമ്പോള്‍
മധ്യവേനലവധിക്ക് ശേഷം സ്‌കൂളുകള്‍ ഇന്ന് തുറക്കുകയാണ്. നിറഞ്ഞ പ്രതീക്ഷയോടെയാണ് ലക്ഷക്കണക്കിന് കുട്ടികള്‍ അക്ഷരമുറ്റങ്ങളിലേക്ക് കാലെടുത്ത് വെക്കുന്നത്. ഈ വര്‍ഷം നവാഗതരായി മൂന്നര ലക്ഷം കുരുന്നുകള്‍ എത്തുന്നു. ഇവരാകട്ടെ പാദമൂന്നുന്നത് പതിവ് പോലെ നൊമ്പരത്തിന്റെയും കൗതുകത്തിന്റെയും ലോകത്തേക്കാണ്. വീണ്ടും മണി മുഴങ്ങുമ്പോള്‍ അധികൃതരുടെ ഭാഗത്തുണ്ടാവേണ്ട പരിശ്രമങ്ങളും യത്‌നങ്ങളും നിരവധിയാണ്. അധ്യാപകരുടെയും രക്ഷാകര്‍ത്താക്കളുടെയും സര്‍ക്കാരിന്റെയും ഉത്തവാദിത്വങ്ങള്‍ വര്‍ധിക്കുന്നു. വിദ്യാഭ്യാസാവകാശ നിയമത്തിലൂടെ ഗതിമാറ്റത്തിന് തുടക്കമായിരിക്കയാണ്. എന്നാല്‍ ആശങ്കകളും ഉത്കണ്ഠകള്‍ക്കും വിരാമമിടാതെയാണ് ദേശീയ തലത്തില്‍ പ്രാവര്‍ത്തികമാക്കേണ്ട വിദ്യാഭ്യാസ പരിഷ്‌കരണ പദ്ധതി കേരളവും പരീക്ഷിക്കുന്നത്. വിദ്യാഭ്യാസ രംഗത്ത് വളരെ മുന്നോട്ടുപോകാന്‍ കേരളത്തിന് സാധിച്ചിട്ടുണ്ട്. എന്നാല്‍, ഗുണനിലവാരം ഉയര്‍ത്തുന്നതില്‍ ഇനിയുമേറെ പോകേണ്ടതുണ്ട്. അടിക്കടിയുണ്ടാകുന്ന പരിഷ്‌കാരങ്ങള്‍ വിദ്യാഭ്യാസ മേഖലയില്‍ ഗുണപരമായ മാററങ്ങള്‍ക്ക് പ്രേരകമാണോ എന്നതിനെപ്പറ്റി കുറ്റമറ്റ വിലയിരുത്തലുകളുണ്ടാകുന്നില്ല. ഒന്നാം ക്ലാസ് മുതല്‍ ഒന്‍പതാം ക്ലാസ് വരെ “ആള്‍ പ്രൊമോഷനാ”ണ്. പത്താം തരത്തില്‍ ശതമാനക്കുതിപ്പിനാണ് മാറി മാറി വരുന്ന സര്‍ക്കാരുകളുടെ ശ്രദ്ധ. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി തൊണ്ണൂറ് ശതമാനത്തിന് മുകളിലാണ് തുടര്‍പഠനത്തിന് അര്‍ഹത നേടുന്നവരുടെ തോത്. പത്താം ക്ലാസ് പരീക്ഷയെഴുതുന്നവരേറെയും തോല്‍ക്കേണ്ടവരാണെന്ന മുന്‍വിധി അസ്ഥാനത്താണ്. വിജയിക്കുന്നവരുടെ എണ്ണം കൂടിക്കൂടി നൂറ് മേനിയിലെത്തുക തന്നെയാണ് വേണ്ടത്. എന്നാല്‍, ഗുണനിലവാരമാണ് ഏറ്റവും പ്രധാനം.
അഖിലേന്ത്യാ മത്സര പരീക്ഷകളില്‍ പിന്തള്ളപ്പെടുകയാണ് കേരളീയര്‍. അടുത്ത കാലത്ത് ഇതിനല്‍പ്പം മാറ്റമുണ്ടായിട്ടുണ്ടെങ്കിലും ആശാവഹമായ അവസ്ഥയിലായിട്ടില്ല. പ്രൈമറി തലം മുതല്‍ തന്നെ ശരിയായ അസ്തിവാരമൊരുക്കുകയാണ് പോംവഴി. സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ നിന്ന് വിദ്യാര്‍ഥികള്‍ കൊഴിയുന്ന പ്രവണത തുടരുകയാണ്. സംസ്ഥാന സിലബസില്‍ നിന്ന് മറ്റ് പാഠ്യപദ്ധതികളിലേക്ക് ചേക്കേറുന്നതും കണ്ടുവരുന്നു. ഇതിന്റെയെല്ലാം മൂല കാരണങ്ങള്‍ കണ്ടെത്തി പരിഹരിക്കാന്‍ വൈകിക്കൂടാ. ഗുണനിലവാരത്തിന്റെ അഭാവവും അസംതൃപ്തമായ സാഹചര്യവുമാണ് മുഖ്യമായും പൊതുവിദ്യാലയങ്ങളുടെ അകത്തളങ്ങളെ ശൂന്യമാക്കുന്നത്. പുറമെ രാഷ്ട്രീയ സംഘര്‍ഷങ്ങളും ധാര്‍മിക പ്രതിസന്ധികളും മറ്റ് വഴികള്‍ അന്വേഷിക്കാന്‍ പ്രചോദനമാകുന്നുണ്ട്. ഓരോ അധ്യയന വര്‍ഷവും അറിവിന്റെ കവാടം തുറക്കുന്നത് ഇല്ലായ്മകക്കു നടുവിലാണ്. രണ്ട് മാസത്തെ സാവകാശം ലഭിക്കാറുണ്ടെങ്കിലും സംവിധാനങ്ങളൊരുക്കാന്‍ ആ സമയം ഉപയോഗപ്പെടുത്താറില്ലെന്നതാണ് നേര്.
സുരക്ഷിതമായ കെട്ടിടങ്ങളും ഉപകരണങ്ങളും പ്രാഥമികാവശ്യ സൗകര്യങ്ങളും കുടിവെള്ള സ്രോതസ്സുകളും പല വിദ്യാലയങ്ങള്‍ക്കുമില്ല. കാലാവര്‍ഷം ആരംഭിച്ചതിനാല്‍ ചോര്‍ന്നൊലിക്കുന്ന സ്‌കൂളുകളേതൊക്കെയെന്ന് ഗവേഷണം നടത്തേണ്ടി വരില്ല. ആദിവാസി മേഖലകളുള്‍പ്പെടെ അവികസിത പ്രദേശങ്ങളില്‍ കുടിവെള്ളം പോലുമെത്താത്ത നിരവദി സ്‌കൂളുകളുണ്ട്. മൂത്രപ്പുരകളും കക്കൂസുകളും ശുദ്ധ ജലവും ഇല്ലാത്തതിന് ഹൈക്കോടതി സര്‍ക്കാറിനെ നേരത്തെ വിമര്‍ശിച്ചിരുന്നു. ഇവയൊരുക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കണമെന്ന് നിര്‍ദേശിക്കുകയുമുണ്ടായി. എന്നാല്‍, ഒരു കൊല്ലം കഴിഞ്ഞ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍, ടോയ്‌ലറ്റുകളും മൂത്രപ്പുരകളുമുള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ സാധിച്ചിട്ടില്ലെന്നും കൂടുതല്‍ സമയം വേണമെന്നുമാണ് കോടതിയോടപേക്ഷിച്ചത്. വീണ്ടുമൊരധ്യയന ദിനം ആഗതമാവുമ്പോഴും ഒച്ചിഴയും വേഗത്തില്‍ തന്നെയാണ് കാര്യങ്ങള്‍. സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ക്ക് എം പി, എം എല്‍ എ ഫണ്ട് , തദ്ദേശ സ്ഥാപനങ്ങളുടെ വിഹിതം എന്നിവ ലഭിക്കുന്നതിനാല്‍ കുറെയൊക്കെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയുന്നുണ്ട്. എന്നാല്‍ എയ്ഡഡ് സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ക്ക് തുച്ഛമായ ഗ്രാന്റ് കൊണ്ട് എന്ത് ചെയ്യാന്‍ കഴിയും? സാധാരണക്കാരുടെ മക്കള്‍ പഠിക്കുന്ന ഇത്തരം വിദ്യാലയങ്ങളുടെ പശ്ചാത്തല സൗകര്യ വികസനത്തിലാണ് സത്വര ശ്രദ്ധ പതിയേണ്ടത്. എയ്ഡഡ് വിദ്യാലയങ്ങല്‍ക്ക് തദ്ദേശ സ്ഥാപനങ്ങളുടെ കൂടുതല്‍ സഹായമുണ്ടാകണം. ഇതോടൊപ്പം വിദ്യാഭ്യാസ അവകാശ സംരക്ഷണ നിയമം പ്രാവര്‍ത്തികമാക്കുന്നതിലെ ആശങ്കളും അകറ്റാനാവണം. വിദ്യാര്‍ഥികളുടെ യാത്രാക്ലേശം പരിഹരിക്കാനും ആരോഗ്യവും കായികക്ഷമതയും ഉറപ്പാക്കുന്ന കളിസ്ഥലങ്ങളും നീന്തല്‍ പരിശീലനത്തിന് വേണ്ട സജ്ജീകരണങ്ങളും ഒരുക്കാനും നടപടിയുണ്ടാകണം. സ്‌കൂള്‍ വിദ്യാഭ്യാസം സൗജന്യവും സാര്‍വത്രികവുമാക്കിയതിലൂടെ പ്രതീക്ഷിക്കപ്പെടുന്ന സാമൂഹിക മാറ്റം യാഥാര്‍ഥ്യമാക്കാന്‍ സുചിന്തിതവും കൂട്ടായതുമായ ശ്രമങ്ങളാണാവശ്യം.